

അനിശ്ചിതകാലം ശസ്ത്രക്രിയകൾ നടത്തില്ല; സമരം കടുപ്പിച്ച് ഡോക്റ്റർമാർ
file image
തിരുവനന്തപുരം: ശമ്പളക്കുടിശികയും ആനുകൂല്യങ്ങളുമടക്കം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒപി -അധ്യാപന ബഹിഷ്കരണം തുടങ്ങിയ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുന്ന ഡോക്‌ടർമാർ സമരം ശക്തമാക്കുന്നു. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് തീരുമാനമെടുക്കാത്ത പക്ഷം അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും (അടിയന്തരമായവ ഒഴികെ) മറ്റ് പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുന്നത് തുടരുമെന്ന് ഡോക്‌ടർമാരുടെ സംഘടന അറിയിച്ചു. റിലേ നിരാഹാര സത്യഗ്രഹം 24ാം ദിവസവും തുടരുകയാണ്. ഇത് കൂടാതെ ഫെബ്രുവരി 26 മുതൽ അനിശ്ചിത കാലത്തേക്ക് എല്ലാ പരീക്ഷാജോലികളും ബഹിഷ്കരിക്കും.
എന്നാൽ, അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സമരം പാവപ്പെട്ട രോഗികളുടെ ആശ്രയമായ മെഡിക്കൽ കോളേജകളുടെ നിലനിൽപ്പിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ താൽക്കാലിക ബുദ്ധിമുട്ടുകൾ ക്ഷമിച്ച് സഹകരിക്കണമെന്നും അടിയന്തിര ചികിത്സകൾക്ക് മാത്രമേ മെഡിക്കൽ കോളെജിലേക്ക് വരാവുള്ളൂ എന്നും രോഗികളോട് അഭ്യർഥിക്കുന്നതായി ഡോക്‌ടർമാരുടെ സംഘടന അഭ്യർഥിക്കുന്നു. അതിനിടെ, സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഡോക്ടര്‍മാര്‍ നടത്തുന്ന ഒപി ബഹിഷ്‌കരണം നാലാം ദിവസത്തിലേക്കു കടന്നപ്പോഴാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡോക്ടര്‍മാരുടെ പട്ടിക, പഞ്ചിങ് അറ്റന്‍റന്‍സ് സ്റ്റേറ്റ്‌മെന്‍റ് സഹിതം ഹാജരാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌ക്കരിച്ചും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സര്‍ജറികള്‍ മാറ്റിവച്ചും അക്കാഡമിക് രംഗത്ത് നിര്‍വഹിക്കേണ്ട ചുമതലകളില്‍നിന്ന് ഒഴിഞ്ഞുമാറിയും പണിമുടക്ക് നടത്തുന്നതിനാല്‍ ഈ കാലയളവില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നത്. സമരത്തിലുള്ള ഡോക്ടര്‍മാരില്‍ ചിലര്‍ ഹാജര്‍ രേഖപ്പെടുത്തിയശേഷം സമരത്തില്‍ പങ്കെടുക്കുന്നതായ ആരോപണവും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.