എക്സൈസിൽ നിന്ന് രക്ഷപ്പെടാൻ‌ ഓടി, വീണത് പൊട്ടക്കിണറ്റിൽ; കഞ്ചാവ് പ്രതിയെ വലയിട്ട് പിടിച്ചു

എക്സൈസ് സംഘത്തെ വെട്ടിച്ചു ഓടുന്നതിനിടെ ബിധാൻദാസ് കാടുമൂടിയ വെള്ളമില്ലാത്ത കിണറ്റിൽ വീണു
drug suspect falls into well

ബിധാൻദാസ്

Updated on

മൂവാറ്റുപുഴ: എക്സൈസ് സംഘത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കഞ്ചാവ് കേസ് പ്രതി കിണറ്റിൽ വീണു. 1.25 കിലോ കഞ്ചാവുമായി പിടികൂടിയ ബിഹാർ സ്വദേശി ബിധാൻദാസ് (27) ആണ് എക്സൈസിനെ വെട്ടിച്ച് ഓടുന്നതിനിടെ കിണറ്റിൽ വീണത്. തുടർന്ന് ഇയാളെ ഫയർഫോഴ്സ് എത്തി വലയിട്ട് കിണറ്റിൽ നിന്ന് പുറത്തെടുത്ത് എക്സൈസിന് കൈമാറുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചു.

മൂവാറ്റുപുഴ പായിപ്ര കവല മിച്ചഭൂമി റോഡിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. എക്സൈസ് സംഘത്തെ വെട്ടിച്ചു ഓടുന്നതിനിടെ ബിധാൻദാസ് കാടുമൂടിയ വെള്ളമില്ലാത്ത കിണറ്റിൽ വീണു. ഇതോടെ എക്സൈസ് സംഘം കുളം വളഞ്ഞ് ഫയർഫോഴ്സിനെ വിളിച്ചു. മൂവാറ്റുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി പ്രതിയെ വലയിറക്കി പിടിച്ച് കരയിൽ കയറ്റി. കാലിനും ശരീരത്തിൽ ചില ഭാഗങ്ങളിലും പരിക്കേറ്റ ഇയാളെ എക്സൈസ് സംഘം ഫയർഫോഴ്സിന്റെ തന്നെ വണ്ടിയിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചു.

രാവിലെ ഏഴരയോടെ പേഴയ്ക്കാപ്പള്ളിയിൽ നിന്ന് രണ്ടുപേരെ 1.25 ഗ്രാം ഹെറോയിനുമായി എക്സൈസ് സംഘം പിടിച്ചിരുന്നു. അറസ്റ്റിലായ അസം സ്വദേശികളായ ഹിജാജുൽ ഹഖ് (25), കജ്ളാദിൽ (30) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ബിധാൻദാസിനെക്കുറിച്ച് വിവരം ലഭിച്ചത്. മുൻപ് കഞ്ചാവ് കേസിൽപ്പെട്ട് മുംബൈയിൽ ജയിലിൽ കഴിഞ്ഞിരുന്ന അയാൾ ജയിൽമോചിതനായ ശേഷം കഞ്ചാവുമായി കേരളത്തിലെത്തിയതാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം.

logo
Metro Vaartha
www.metrovaartha.com