ഓണാഘോഷത്തിന് നീല ഡ്രസിട്ടു വന്നു; ഒമ്പതാം ക്ലാസുകാരിയെ സംഘം ചേർന്ന് ആക്രമിച്ച് പത്താം ക്ലാസ് വിദ്യാർഥിനികൾ

ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയെന്നും മുഖത്ത് അടിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തുവെന്നുമാണ് പരാതി.
Group of Class 10 students attacks Class 9 girl who arrived in a blue dress for Onam celebrations

ഓണാഘോഷത്തിന് നീല ഡ്രസിട്ടു വന്നു; ഒമ്പതാം ക്ലാസുകാരിയെ സംഘം ചേർന്ന് ആക്രമിച്ച് പത്താം ക്ലാസ് വിദ്യാർഥിനികൾ

Updated on

കോഴിക്കോട്: ഓണാഘോഷത്തിന് ധരിച്ച വസ്ത്രത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പത്താം ക്ലാസ് വിദ്യാർഥിനികൾ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. കോഴിക്കോട് ഓമശേരിയിലെ മലയോരമേഖലയിലുള്ള സ്കൂളിലാണ് സംഭവം. നെഞ്ചിലും വയറ്റിലും മുഖത്തും പരുക്കേറ്റ വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കോടഞ്ചേരി പൊലീസ് കേസെടുത്തു. സ്കൂൾ അധികൃ‌തരിൽ നിന്ന് പൊലീസ് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്കൂളിലെ ഓണാഘോഷത്തിന് നീല നിറത്തിലുള്ള വസ്ത്രം ധരിച്ചു വരാൻ പത്താം ക്ലാസ് വിദ്യാർഥിനികൾ തീരുമാനിച്ചിരുന്നു. ‌ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞ് സ്കൂളിലെത്തിയതാണ് പ്രശ്നത്തിന് തുടക്കമിട്ടത്. പത്താം ക്ലാസുകാരികൾ കുട്ടിയെ തടഞ്ഞു വച്ച് ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

താമരശേരിയിൽ വിദ്യാർഥികളുടെ ആക്രമണത്തിൽ ഷഹബാസ് കൊല്ലപ്പെട്ടതിനെ പരാമർശിച്ച് താമരശേരിയിൽ നടന്നത് അറിയാമല്ലോ എന്നും കുട്ടികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഓണാവധി കഴിഞ്ഞ് സ്കൂളിലെത്തിയപ്പോൾ ഈ വിഷയത്തിൽ പരാതിപ്പെടുമോ എന്നു ചോദിച്ചു കൊണ്ട് പത്താം ക്ലാസുകാരികൾ ആക്രമിച്ചുവെന്നാണ് കുട്ടി പറയുന്നത്. ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയെന്നും മുഖത്ത് അടിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തുവെന്നുമാണ് പരാതി. മർദനം പുറത്തു വന്നതിനു പിന്നാലെയാണ് ഡ്രസിനെച്ചൊല്ലിയുണ്ടായ കലഹത്തെക്കുറിച്ച് സ്കൂൾ അധികൃതർ അറിയുന്നത്. കുറ്റാരോപിതരായ രണ്ട് വിദ്യാർഥിനികളെ രണ്ടാഴ്ചത്തേക്ക് സ്കൂളിൽ നിന്ന് മാറ്റി നിർത്താൻ സ്കൂൾ തീരുമാനിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com