

കെ.ടി. ജലീൽ
പാലക്കാട്: എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന ചടങ്ങിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയും ചെയ്തു. പാലക്കാട് മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം.
സദസിലിരുന്ന കുട്ടിയോട് എടോ നിനക്ക് അഡ്രസ് എഴുതാനറിയാമോ എന്ന് ചോദിക്കുകയായിരുന്നു. പിന്നാലെ വേദിയിലേക്ക് വിളിച്ചു വരുത്തി കുട്ടികളെ കൊണ്ട് ഹിന്ദി എഴുതിച്ചു. അച്ഛന്‍റെ പേരും വിലാസവുമൊക്കെയാണ് എഴുതിച്ചത്. തെറ്റിയവരെ പരസ്യമായി ശാസിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്തു.
"സംസം എന്ന വാക്കിന്‍റെ അർഥമറിയാമോ? ഫോൺ മാത്രം നോക്കിയിരുന്നാൽ പോര, പുസ്തകങ്ങളൊക്കെ വായിക്കണം. പാത്തുമ്മയുടെ ആടിൽ എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് അറിയാമോ? ഫോൺ ഉപയോഗിക്കുന്നത് അറിവ് സമ്പാദിക്കാൻ വേണ്ടിയായിരിക്കണം" വേദിയിൽ ജലീൽ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.