

നീലക്കുറിഞ്ഞി കാണാനെത്തിയ വിദ്യാർഥികളെ തേനീച്ച കുത്തി; കാട്ടിനുള്ളിൽ കുടുങ്ങിയ സംഘത്തെ മണിക്കൂറുകൾക്ക് ശേഷം രക്ഷിച്ചു
file image
രാജാക്കാട്: ചിന്നക്കനാൽ അറുപതേക്കറിൽ നീലക്കുറിഞ്ഞി കാണാൻ എത്തിയ കോളെജ് വിദ്യാർഥികൾ തേനീച്ച ആക്രമിച്ചതിനെത്തുടർന്ന് വഴിതെറ്റി കാട്ടിൽ കുടുങ്ങി. തുടർന്ന് വനം വകുപ്പ് നടത്തിയ തെരച്ചിലിൽ ഇവരെ മൂന്നരമണിക്കൂർ നേരത്തേ ദൗത്യത്തിനൊടുവിൽ രക്ഷിച്ച് കാടിന് പുറത്തെത്തിച്ചു. തേനീച്ചയുടെ കുത്തേറ്റ ഏഴുപേരെയും സൂര്യനെല്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൂര്യനെല്ലിയിലെ മൂന്നാർ കാറ്ററിങ് കോളെജിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ഇരുപതംഗസംഘം ഞായറാഴ്ച രാവിലെയാണ് രണ്ട് സംഘങ്ങളായി അറുപതേക്കറിലെത്തിയത്.
ഇതിൽ ഒരു പെൺകുട്ടിയും 6 ആൺകുട്ടികളുമടങ്ങുന്ന 7അംഗ സംഘത്തെയാണ് പെരുതേനിച്ച ആക്രമിച്ചത്. ഇതേ തുടർന്ന് ഇവർ പലവഴിക്ക് ഓടി കാട്ടിൽ അകപ്പെടുകയായിരുന്നു. തുടർന്ന് കൂട്ടത്തിലുള്ള മറ്റുള്ളവർ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.