

രമേശ് ചെന്നിത്തല
തിരുവനന്തപുരം: പിണറായി വിജയന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നടത്തുന്ന റെയ്ഡും വി.ഡി. സതീശന്‍റെ ഡൽഹി യാത്രയും തമ്മിൽ ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡി റെയ്ഡ് സംബന്ധിച്ച് കേരളത്തിലെ പൊലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരറിവും ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾക്കു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. അത് സർക്കാർ നടപടികളുടെ ഭാഗമാണ്. അതിൽ രാഷ്ട്രീയം കൂട്ടിക്കുഴയ്ക്കുന്നതിനെ എതിർക്കും. ഇഡി ആഭ്യന്തരവകുപ്പിനോട് പൊലീസിനോടോ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര സേനകളുടെ സഹായമാണ് തേടിയതെന്നും ചെന്നിത്തല വ്യക്തമാക്കി.
സിപിഎം ബിജെപിയുമായി ഉണ്ടാക്കിയ ഡീൽ എങ്ങനെ പൊളിഞ്ഞുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോൺഗ്രസ്-ബിജെപി ഡീൽ എന്ന പല്ലവി കടന്ന കൈ ആണെന്നും അദ്ദേഹം പറഞ്ഞു.