

രമേശ് ചെന്നിത്തല
File
തിരുവനന്തപുരം: ദക്ഷിണേന്ത്യയെ ലഹരി വിമുക്തമാക്കാൻ കേരളത്തിന്‍റെ പ്രത്യേക ദൗത്യമായ "ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട് '. ഇതിനായി അന്തർ സംസ്ഥാന സഹകരണം ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രത്യേക യോഗം വിളിച്ചു.
ലഹരിക്കടത്തും അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങളും ഫലപ്രദമായി തടയുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പിന്‍റെ നേതൃത്വത്തിൽ കേരള പൊലീസ് ആവിഷ്‌കരിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ആദ്യ അന്തർസംസ്ഥാന ഏകോപന യോഗം തിരുവനന്തപുരത്ത് കേരള പൊലീസ് ആസ്ഥാനത്താണ് നടത്തിയത്.
ചെന്നിത്തല അധ്യക്ഷനായ യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും വിവിധ കേന്ദ്ര ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ലഹരിയെ തുടച്ചു നീക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തേക്ക് ലഹരി ഉല്പന്നങ്ങൾ എത്തുന്നതിന്‍റെ വേരറുക്കുകയാണ് ഓപ്പറേഷൻ തൂഫാൻ ലക്ഷ്യം വയക്കുന്നത്. തൂഫാൻ സന്ദേശവുമായി അയൽ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുമെന്നും ചെന്നത്തല കൂട്ടിച്ചേർത്തു.
മുൻ ഡിജിപിയും ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവുമായ എ. ഹേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നോർത്ത് സോൺ ഐജിയും ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറുമായ പുട്ട വിമലാദിത്യ പദ്ധതിയുടെ ലക്ഷ്യങ്ങൾ, പ്രവർത്തന രീതി, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവ വിശദീകരിച്ചു.
തമിഴ്നാട് ഡിജിപി മഹേഷ് കുമാർ അഗർവാൾ, പുതുച്ചേരി ഡിജിപി ശാലിനി സിങ്, കർണാടക എഡിജിപി ആർ. ഹിതേന്ദ്ര, കേരള- ലക്ഷദ്വീപ് കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണർ ഡോ. ടി. ടിജു, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്റ്റർ ജനറൽ ആർ. സുധാകർ, എസ്ഐബി ജോയിന്‍റ് ഡയറക്റ്റർ ഡോൺ കെ. ജോസ്, റവന്യൂ ഇന്‍റലിജൻസ് അഡീഷണൽ ഡയറക്റ്റർ ജനറൽ കെ. പദ്മാവതി, തെലങ്കാന ആന്‍റി നാർക്കോട്ടിക് ബ്യൂറോ എസ്പി പി.വി. പദ്മജ, ആന്ധ്ര പ്രദേശ് എലൈറ്റ് ആന്‍റി നാർക്കോട്ടിക് ഗ്രൂപ്പ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്‍റ് എസ്പി കെ.എം. മഹേശ്വര രാജു, റെയ്‌ൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫ്, സംസ്ഥാന പൊലീസ് മേധാവി രവത ആസാദ് ചന്ദ്രശേഖർ, പൊലീസ് ആസ്ഥാന ഐജി ഹർഷിത അട്ടല്ലൂരി എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.