ഓപ്പറേഷന്‍ തൂഫാന്‍; 40 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും 186 വാഹനങ്ങളും 801 മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായും ഐജി പുട്ട വിമലാദിത്യ അറിയിച്ചു
operation toofan assets 40 people confiscated

ഓപ്പറേഷന്‍ തൂഫാന്‍; 40 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നു വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാ'ന്‍റെ ഭാഗമായി 40 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ച് പൊലീസ്. ലഹരിക്കടത്തിലൂടെ നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക. നിലവിൽ 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും 186 വാഹനങ്ങളും 801 മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായും ഐജി പുട്ട വിമലാദിത്യ അറിയിച്ചു.

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലുപേർക്കെതിരേ റെഡ് കോർണർ നോട്ടീസും ഒരാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും 10 പേർക്കെതിരേ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചതായി ഐജി വ്യക്തമാക്കി.

തൂഫാൻ ആരംഭിച്ചതിനുശേഷം 8,125 പരാതികൾ ഫോൺ വഴിയും 5,668 പരാതികൾ വാട്സാപ്പിലൂടെയും ചില പരാതികൾ ആഭ്യന്തര മന്ത്രിയുടെ ഓഫീസിലും ലഭിക്കുന്നുണ്ടെന്നും വന്‍ ജനകീയ പങ്കാളിത്തമാണ് ദൗത്യത്തിന് ലഭിക്കുന്നതെന്നും ഐജി വ്യക്തമാക്കി.