

9 മണിക്കൂർ പ്രസവ വേദന, ഒടുവിൽ കുഞ്ഞ് മരിച്ചു; ഗർഭിണിയുടെ നെഞ്ചിൽ കയറിയിരുന്നുവെന്നും പരാതി
file
നാഗ്പുർ: ലേബർ റൂമിലെ വനിതാ അറ്റൻഡന്‍റ് ഗർഭിണിയുടെ നെഞ്ചിൽ കയറി ഇരുന്ന് പ്രസവിപ്പിക്കാൻ ശ്രമിച്ചുവെന്നും തുടർന്ന് കുഞ്ഞ് മരിച്ചുവെന്നും പരാതി. നാഗ്പുരിലെ ദാഗ സർക്കാർ ആശുപത്രിയിലാണ് സംഭവം. 9 മണിക്കൂറോളം പ്രസവ വേദന സഹിച്ച ദീപലത ബാനോട്ട് എന്ന യുവതിയാണ് ലേബർ റൂമിൽ ദുരവസ്ഥ നേരിട്ടത്. ദീപലതയുടെ ഭർത്താവ് സുരേന്ദ്ര ബാനോട്ടാണ് പരാതി നൽകിയിരിക്കുന്നത്. പ്രസവ വേദനയെത്തുടർന്ന് രാവിലെ 11 മണിയോടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
പക്ഷേ 9 മണിക്കൂറോളം യുവതി പ്രസവിക്കുന്നതിനായി ഡോക്റ്റർമാർ കാത്തു നിന്നു. പ്രസവത്തിന് സഹായിക്കുന്നുവെന്ന പേരിൽ വനിതാ അറ്റൻഡന്‍റ് ദീപലതയുടെ നെഞ്ചിൽ കയറിയിരുന്നു എന്നാണ് ആരോപണം. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ യുവതി പ്രസവിച്ചുവെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
അതേ സമയം അത്തരത്തിലൊരു സംഭവം നടക്കാനിടയില്ലെന്ന് മെഡിക്കൽ സൂപ്രണ്ടന്‍റ് ദിലിപ് മാധവി പ്രതികരിച്ചു. വിഷയത്തിൽ കൂടുതൽ വിശദമായി പ്രതികരിക്കാൻ സൂപ്രണ്ടന്‍റ് തയാറായില്ല.