

സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പാക്കി ബംഗാൾ; ബസിന്‍റെ എണ്ണം കൂട്ടണമെന്ന് ആവശ്യം
കോൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ത്രീകൾക്ക് പൊതു ബസുകളിൽ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച് ബിജെപി സർക്കാർ. സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ പൊതു ബസുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സൗജന്യ യാത്ര. സൗജന്യമായി യാത്ര ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ ബസ് സർവീസുകളുടെ എണ്ണം കൂട്ടണമെന്നും യാത്രക്കാരിയായ മാല ബിസ്വാസ് പറയുന്നു. കൊവിഡ് -19നു ശേഷം സംസ്ഥാനത്തെ ബസുകളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.
സർക്കാർ ബസുകൾ സർവീസ് നടത്തിയിരുന്ന പല റൂട്ടുകളിലും ഇപ്പോൾ ബസുകൾ ഇല്ലെന്നും ആരോപണമുണ്ട്. പശ്ചിമ ബംഗാൾ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ സൗത്ത് ബംഗാൾ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെയും നോർത്ത് ബംഗാൾ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെയും കീഴിലുള്ള എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.
പൊതു ഗതാഗതത്തിനുള്ള സൗകര്യം നൽകുന്നതിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായി ജൂൺ 1 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്. ഉപയോക്താക്കളുടെ പേരും ഫോട്ടോയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സ്മാർട് കാർഡ് നൽകുമെന്നും അതു വഴി പദ്ധതിയുടെ ദുരുപയോഗം തടയാൻ കഴിയുമെന്നുമാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.