ദീപത്തൂണിൽ ശനിയാഴ്ച ദീപം തെളിക്കണം; ക്ഷേത്ര ട്രസ്റ്റി ബോർഡിനെ സുപ്രീം കോടതി സസ്പെൻഡ് ചെയ്തു

ഉത്തരവു മനഃപൂർവം ലംഘിച്ചെന്നു കോടതി; ക്ഷേത്ര ഭരണം വിരമിച്ച രണ്ടു ജഡ്ജിമാരുടെ സമിതിക്ക്, ദർഗയ്ക്കു സിആർപിഎഫ് സുരക്ഷ
Thiruparankundram Karthigai Deepam Row Explained

ദീപത്തൂൺ എന്ന് ഇപ്പോൾ അറിയപ്പെടുന്ന, ദർഗയ്ക്കു സമീപമുള്ള കൽത്തൂൺ.

Updated on: 

ന്യൂഡൽഹി: തിരുപ്പറങ്കുണ്ട്രം മലയിലെ തർക്കവിഷയമായ ദീപത്തൂണിൽ കാർത്തിക ദീപം ശനിയാഴ്ച (നവംബർ 28) തെളിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. നവംബർ 20ലെ ഉത്തരവു 'മനഃപൂർവവും പ്രത്യക്ഷവുമായി' ലംഘിച്ചെന്നു കണ്ടെത്തി അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ ട്രസ്റ്റി ബോർഡിനെ കോടതി സസ്പെൻഡ് ചെയ്തു.

ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് വിരമിച്ച ജഡ്ജിമാരായ എസ്. വൈദ്യനാഥൻ, വി. പാർഥിബൻ എന്നിവരടങ്ങിയ ദ്വയാംഗ സമിതിയെ ക്ഷേത്രഭരണം ഏറ്റെടുക്കാൻ നിയോഗിച്ചു.

ഉത്തരവിലെ നിർദേശങ്ങൾ

  • ദീപം തെളിക്കൽ: കോടതി നിയമിച്ച റിസീവർമാർ നവംബർ 24ന് ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിച്ച ദീപത്തിലെ അഗ്നി ഉപയോഗിച്ചു ദീപത്തൂണിൽ ദീപം തെളിക്കുന്നെന്ന് ഉറപ്പാക്കണം.

  • ഭക്തർക്കു പ്രവേശനം: തർക്കസ്ഥലത്തു ദീപം തെളിക്കാൻ ഭക്തർക്കു കഴിയും. സമീപത്തെ ദർഗയിൽനിന്ന് എല്ലാ വശത്തും കുറഞ്ഞത് 50 മീറ്റർ അകലം പാലിക്കണമെന്നു കോടതി വ്യക്തമാക്കി.

  • ദർഗയ്ക്കു സുരക്ഷ: ദർഗ സംരക്ഷിക്കാനും അവിടെ എത്തുന്നവരെ തടയുകയോ പ്രാർഥനയിൽനിന്നു വിലക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും കേന്ദ്ര റിസർവ് പൊലീസ് സേനയോടു (സിആർപിഎഫ്) കോടതി നിർദേശിച്ചു.

ഗുരുതരമായ ലംഘനം

നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിക്കാൻ ഒറ്റത്തവണ അനുമതി നൽകിയ നവംബർ 20ലെ ഉത്തരവു നടപ്പാക്കില്ലെന്ന നിലപാടാണു ട്രസ്റ്റിമാർ സ്വീകരിച്ചതെന്നു കോടതി വിമർശിച്ചു.

'മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ കോടതിയുടെ ഉത്തരവുകൾ നടപ്പാക്കില്ലെന്ന നിലപാട് ട്രസ്റ്റിമാർ സ്പഷ്ടമായി എടുത്തിരിക്കുന്നു. ഇതു മറ്റു ഉദ്യോഗസ്ഥരുടെ സഹായത്തോടെയുള്ള ഗുരുതര ലംഘനമാണ്,' ബെഞ്ച് പറഞ്ഞു.

ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിനടുത്തുള്ള പതിവു ദീപമണ്ഡപത്തിൽ ദീപം തെളിക്കാനുള്ള ട്രസ്റ്റിമാരുടെ പ്രമേയം ഇടക്കാല ഉത്തരവിന്‍റെ ലംഘനമാണെന്നും കോടതിയുടെ അധികാരത്തെ മനഃപൂർവം ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്നും ഹൈക്കോടതിയിൽ നൽകിയ ഉറപ്പിനോടുള്ള നഗ്നമായ അവഗണനയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ ആചാരങ്ങൾ കോടതികളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന ബോർഡിന്‍റെ പ്രസ്താവന 'കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നു' എന്നും കോടതി പറഞ്ഞു.

Thiruparankundram Karthigai Deepam Row Explained
തിരുപ്പരങ്കുണ്ട്രം: ഒരു മല, ഒരു വിളക്ക്, വിവാദങ്ങളുടെ 100 വർഷം

പശ്ചാത്തലം

ദീപം തെളിക്കാൻ കോടതി അനുമതി നൽകിയിട്ടും നവംബർ 24ന് വാർഷിക കാർത്തിക ദീപം തെളിഞ്ഞതു പതിവു സ്ഥലമായ ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ മാത്രമായിരുന്നു. ബുധനാഴ്ച തമിഴ്നാട് സർക്കാർ ഇതിൽ കോടതിയോടു മാപ്പുപറയുകയും ക്ഷേത്ര ട്രസ്റ്റിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

മധുരയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുരുകനു സമർപ്പിച്ചതും തമിഴ്നാട്ടിലെ ഏറ്റവും പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നുമാണ്. ദീപം എവിടെ, ആര് തെളിക്കണം എന്നതാണു തർക്കവിഷയം. പതിറ്റാണ്ടുകളായി താഴ്‌വാരത്തെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിനടുത്തുള്ള ദീപമണ്ഡപത്തിലാണു ദീപം തെളിക്കുന്നത്. ദർഗയിൽനിന്ന് ഏകദേശം 50 മീറ്റർ അകലെ മലമുകളിലുള്ള ദീപത്തൂണിൽ തെളിക്കാൻ അനുമതി വേണമെന്നു ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.