

വേലുത്തമ്പി ദളവയുടെ 261ാം ജന്മദിനാഘോഷം ഡിഎസ്ജെപിയും എൻഎസ്എസും നാഗർകോവിലിൽ ആഘോഷിച്ചപ്പോൾ.
നാഗർകോവിൽ: പ്രമുഖ ന്യൂനപക്ഷം എന്ന നിലയിൽ ഏകദേശം 14 ലക്ഷം നായർ സമുദായ അംഗങ്ങളുള്ള തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ സെക്കുലർ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി). നിലവിൽ കേന്ദ്രം ഭരിക്കുന്ന എൻഡിഎയുടെ ഘടകകക്ഷിയാണ് ഡിഎസ്ജെപി.
140 എൻഎസ്എസ് കരയോഗങ്ങളുള്ള കന്യാകുമാരി ജില്ലയിൽ 17ന് യോഗം കൂടി തമിഴ്നാട് ഡിഎസ്ജെപി ഘടകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നേതാക്കളുടെ തീരുമാനം. നായന്മാർ ഉൾപ്പെടെ നാലു ലക്ഷത്തോളം മുന്നാക്ക സമുദായക്കാർ കന്യാകുമാരി ജില്ലയിലുണ്ട്.
മന്നത്ത് പദ്മനാഭനന്‍റെ ആശയങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന സെക്കുലർ പാർട്ടിയായ ഡിഎസ്ജെപി തമിഴ്നാട്ടിൽ രൂപം കൊള്ളുമ്പോൾ പ്രധാനമായും ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നാക്കക്കാരിൽ പാവപ്പെട്ടവർക്ക് നൽകിയ 10 ശതമാനം സംവരണമാണ്. കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഈ പദ്ധതി തമിഴ്നാട്ടിൽ തടഞ്ഞു വച്ചിരിക്കുന്നത് അപലപനീയമാണെന്ന് ഡിഎസ്ജെപി പ്രസിഡന്‍റ് കെ.എസ്.ആർ. മേനോൻ പറഞ്ഞു.
തമിഴ്നാട് എൻഎസ്എസിന്‍റെ മറ്റൊരു പ്രധാന ആവശ്യം ബ്രിട്ടീഷ് സാമ്രാജ്യ ശക്തിക്കെതിരെ ആദ്യമായി വാളെടുത്ത് കുണ്ടറ വിളംബരം നടത്തി ജീവത്യാഗം ചെയ്യേണ്ടി വന്ന ധീരനായ വേലുത്തമ്പി ദളവയുടെ ഗൃഹം ദേശീയ സ്മാരകമായി മാറ്റുക എന്നതാണ്. ഈ രണ്ടു കാര്യങ്ങൾക്കും പുതിയ മുഖ്യമന്ത്രി വിജയ്‌യുടെ സഹായം തേടുമെന്ന് പാർട്ടി പ്രസിഡന്‍റ് പറഞ്ഞു.
തമിഴ്നാട്ടിൽ സ്വന്തമായ ഒരു രാഷ്‌ട്രീയ സാന്നിധ്യം ഇല്ലാത്തതിനാനാണ് മുന്നാക്ക സമുദായക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നതെന്ന് കൽക്കുളം താലൂക്ക് എൻഎസ്എസ് മണ്ഡലം പ്രസിഡന്‍റ് ചന്ദ്രമൗലി അഭിപ്രായപ്പെട്ടു. ഒരു പ്രമുഖ ന്യൂനപക്ഷം ആണെങ്കിലും തമിഴ് നാട്ടിൽ നായർ സമുദായം നേരിടുന്ന കടുത്ത അവഗണനക്കെതിരെ രാഷ്‌ട്രീയമായി പ്രതിരോധിക്കാൻ തങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചതായി പുലിയൂർ കുറിച്ചി എൻഎസ്എസ് കരയോഗം പ്രസിഡന്‍റ് രാജശേഖരൻ തമ്പി, കുഴിത്തുറ ടൗൺ എൻഎസ്എസ് സെക്രട്ടറി ആർ. ശ്രീകുമാർ, തിരുനൈനാർ കുറിച്ചി എൻഎസ്എസ് കരയോഗം പ്രസിഡന്‍റ് ശ്രീകുമാർ, എൻഎസ്എസ് വനിതാ വിഭാഗം കൺവീനർ ആർ. ശ്രീലത എന്നിവർ പറഞ്ഞു.
1956ൽ സംസ്ഥാന പുനഃസംഘടന വരുന്നത് വരെ തിരുവിതാംകൂർ രാജ്യത്തിന്‍റെ ഭാഗമായിരുന്നു രണ്ടേമുക്കാൽ ലക്ഷത്തോളം നായന്മാരുള്ള കന്യാകുമാരി ജില്ല. അവിടെത്തന്നെ ഏറ്റവും കൂടുതൽ നായന്മാരുള്ളത് വിളവൻകോട്, കൽക്കുളം താലൂക്കുകളിലാണ്. അടുത്തുള്ള തിരുനെൽവേലിയിലെ ചെങ്കോട്ടയിലും ചെന്നൈയിലും കോയമ്പത്തൂരും സമുദായത്തിന് നല്ല സ്വാധീനമുണ്ട്.
തമിഴ്നാട്ടിലെ കരയോഗങ്ങൾ ഇതര സംസ്ഥാനങ്ങളിലെ മറ്റു കരയോഗങ്ങൾ പോലെ തന്നെ ചങ്ങനാശേരി പെരുന്നയിലെ നായർ സർവീസ് സൊസൈറ്റിയുടെ നിയന്ത്രണത്തിൽ അല്ലാത്തതിനാൽ സ്വന്തമായ രാഷ്‌ട്രീയ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരാണ്. കന്യാകുമാരി ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലും ആരു ജയിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാധീനവും നായർ സമുദായത്തിനുണ്ട്.