

മോർച്ചറിയിൽ മദ്യപാന സദസ്; ഡോക്റ്റർക്ക് സസ്പെൻഷൻ|Video
പുനെ: മോർച്ചറിയിൽ മദ്യപാന പാർട്ടി നടത്തുന്ന വിഡിയോ പുറത്തു വന്നതിനെത്തുടർന്ന് ഡോക്റ്റർക്ക് സസ്പെൻഷൻ. മഹാരാഷ്ട്ര പിംപ്രി-ചിഞ്ച്വാഡിലെ യശ്വന്ത് റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ വ്യാഴാഴ്ചയാണ് സംഭവം. വൈഭവ് അവിനാഷ് മസ്കെ എന്ന ഡോക്റ്റർക്കെതിരേയാണ് മുനിസിപ്പൽ കമ്മിഷണർ വിജയ് സൂര്യവംശിയുടെ നിർദേശം പ്രകാരം അടിയന്തരമായി നടപടി സ്വീകരിച്ചത്.
മരണസർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ദിവസം മുഴുവൻ ആശുപത്രിയിൽ കാത്തു നിന്നിരുന്നയാളാണ് രാത്രിയിൽ മോർച്ചറിയിൽ വച്ച് നടന്ന മദ്യപാന സദസിനെക്കുറിച്ച് നാട്ടുകാരെ അറിയിച്ചത്. ഏറെ നേരം കാത്തു നിന്നിട്ടും ഡോക്റ്ററെ കാണാതായതോടെ ഇയാൾ മോർച്ചറിയിൽ വന്ന് നോക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. മേശപ്പുറത്ത് മദ്യവും ഭക്ഷണസാധനങ്ങളും ഇരിക്കുന്നതും വ്യക്തമാണ്. 15 ദിവസത്തിനുള്ളിൽ കേസിൽ കുറ്റപത്രം സമർപ്പിക്കും. ഇക്കാലയളവിൽ മറ്റു ജോലികളിൽ ഏർപ്പെടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നാണ് കണ്ടെത്തൽ.