

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സേന ബഹാവൽപുരിലെ ജയ്ഷ് ഇ മുഹമ്മദ് ആസ്ഥാനം തകർത്തപ്പോൾ തലവൻ മൗലാന മസൂദ് അസർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ആക്രമണം നടക്കുമ്പോൾ ജയ്ഷെ ആസ്ഥാനത്തിന്‍റെ തൊട്ടടുത്ത കെട്ടിടത്തിലായിരുന്നു അസർ. കഴിഞ്ഞ ഏഴിനാണ് 23 മിനിറ്റ് നീണ്ട വ്യോമാക്രമണത്തിൽ ഇന്ത്യ പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പതു ഭീകരക്യാംപുകൾ തകർത്തത്. 100ലേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ സേന വെളിപ്പെടുത്തിയിരുന്നു. എന്നാൽ, 160ലേറെ ഭീകരർ കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗിക വിവരം. അസറിന്‍റെ കുടുംബാംഗങ്ങളായ 14 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
1999ൽ പാക് ഭീകരർ കാന്ധഹാറിലേക്കു റാഞ്ചിക്കൊണ്ടുപോയ വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാൻ ഇന്ത്യ വിട്ടുകൊടുത്തതാണ് അന്നു കശ്മീരിൽ ജയിലിൽ കഴിഞ്ഞിരുന്ന അസറിനെ.
2001ലെ പാർലമെന്‍റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2019ലെ പുൽവാമ ആക്രമണം തുടങ്ങി ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ പിന്നിൽ ഇയാളാണ് പ്രവർത്തിച്ചത്. ഐക്യ രാഷ്‌ട്രസഭ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഇയാൾ അറസ്റ്റിലാണെന്നാണ് പാക്കിസ്ഥാന്‍റെ ഭാഷ്യം. എന്നാൽ, ഇന്ത്യൻ അതിർത്തിയിൽ നിന്നു 100 കിലോമീറ്റർ മാത്രം അകലെ ബഹാവൽപുരിലെ ജയ്ഷെ ആസ്ഥാനം ജാമിയ മസ്ജിദ് സുബഹാനള്ളയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി കഴിയുകയായിരുന്നു ഇയാൾ.