

കശ്മീരിലെ ഷോപ്പിയാനില്‍ കണ്ടെത്തിയ ലഷ്‌കര്‍ ഭീകരര്‍
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരരുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സുരക്ഷാസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. ലഷ്കർ ഇ തൊയ്ബ സംഘടനയിൽപ്പെട്ട രണ്ടു ഭീകരരുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. നടന്നുപോവുകയായിരുന്ന ഇവരുടെ ദൃശ്യങ്ങൾ ഒരു തോട്ടത്തിലെ ക്യാമറയിലാണ് പതിഞ്ഞത്.
രണ്ടു ഭീകരരെയും സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. കുൽഗാം സ്വദേശികളായ ലത്തീഫ് ഭട്ട്, സാക്കിർ ഗാനായി എന്നിവരാണ് ഇവർ. വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തു. ഇതോടെ സുരക്ഷാസേന തിരിച്ച് വെടിവച്ചതോടെ ഇരുവരും ഓടിരക്ഷപ്പെടുകയായിരുന്നു. കരസേന, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഭീകരർ രക്ഷപ്പെടാതിരിക്കാൻ പ്രദേശമാകെ സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്.
2024ലാണ് സാക്കിർ ലഷ്കറിൽ ചേർന്നതെന്നാണ് സുരക്ഷാസേനയുടെ നിഗമനം. തൊട്ടുപിന്നാലെ 2025ൽ ലത്തീഫും ഭീകരസംഘടനയിൽ ചേർന്നുവെന്നാണ് റിപ്പോർട്ട്.
തെക്കൻ കശ്മീരിനെയും മധ്യ കശ്മീരിനെയും പീർ പാഞ്ചൽ പർവതനിരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ മേഖലയാണ് ഷോപ്പിയാൻ. പാക്കിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയ ഭീകരവാദികള്‍ അതിര്‍ത്തി കടന്ന് എത്തുമ്പോള്‍ അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനാണ് ലത്തീഫിനെയും സാക്കിറിനെയും ഉപയോഗിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.