പാർലമെന്‍റിലെ ചെങ്കോലിന്‍റെ ശിൽപ്പി ഓർമയായി

പുതിയ പാർലമെന്‍റിൽ സ്ഥാപിച്ച ചെങ്കോലിന്‍റെ ശിൽപ്പി എന്നറിയപ്പെടുന്ന വുമ്മിഡി എതിരാജ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി; വീണ്ടും ചർച്ചയായി ചെങ്കോൽ വിവാദം
Sculpturer of Parliemant's Sengol passes away

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വുമ്മിഡി എതിരാജിനെ ആദരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി | പാർലമെന്‍റിൽ സ്പീക്കറുടെ ചെയറിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ചെങ്കോൽ.

Updated on: 

ചെന്നൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ സ്വർണാഭരണ നിർമാതാക്കളായ 'വുമ്മിഡി ബംഗാരു ജ്വല്ലേഴ്സ്' (VBJ) ഉടമയും ഇന്ത്യൻ പാർലമെന്‍റിലെ പ്രസിദ്ധമായ ചെങ്കോൽ നിർമിച്ച ശിൽപ്പിയുമായ വുമ്മിഡി എതിരാജ് (99) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവുമായി ബന്ധപ്പെട്ട ചരിത്രപരമായ സംഭാവനയാണ് എതിരാജിന്‍റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ ഓർമിച്ചു. 1947-ൽ ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്‍റെ പ്രതീകമായി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് നൽകാനായി ചെങ്കോൽ നിർമിച്ചത് എതിരാജും കുടുംബവുമായിരുന്നു. 2023-ൽ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനവേളയിൽ ഈ ചെങ്കോൽ സ്ഥാപിച്ചപ്പോൾ എതിരാജിനെ നേരിട്ട് കണ്ട് ആദരിക്കാൻ സാധിച്ച കാര്യവും പ്രധാനമന്ത്രി പങ്കുവെച്ചു.

വുമ്മിഡി എതിരാജിന്‍റെ വേർപാടോടെ, ചെങ്കോലിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾക്കിടയിൽ നടന്ന രാഷ്ട്രീയ വിവാദങ്ങളും വീണ്ടും ശ്രദ്ധനേടുകയാണ്. 1947 ഓഗസ്റ്റ് 14-ന് ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയിലേക്ക് അധികാരം കൈമാറിയതിന്‍റെ ഔദ്യോഗിക പ്രതീകമായാണ് തിരുവാവടുതുറൈ അഥീനം മഠത്തിന്‍റെ നിർദേശപ്രകാരം വുമ്മിഡി കുടുംബം ചെങ്കോൽ നിർമിച്ചതെന്ന് കേന്ദ്ര സർക്കാരും ബിജെപിയും അവകാശപ്പെട്ടിരുന്നു. എന്നാൽ, നെഹ്‌റുവിന് നൽകിയ ഒരു ഉപഹാരം മാത്രമായിരുന്നു ഇതെന്നും അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായി ചെങ്കോൽ ഉപയോഗിച്ചതിന് കൃത്യമായ ചരിത്രരേഖകളില്ലെന്നും കോൺഗ്രസും വിവിധ ചരിത്രകാരന്മാരും വാദിച്ചു.

ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാർലമെന്‍റിൽ രാജവാഴ്ചയുടെയും ചോള ഭരണകാലത്തെ ആചാരങ്ങളുടെയും പ്രതീകമായ ചെങ്കോൽ പ്രതിഷ്ഠിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രൂക്ഷമായി വിമർശിച്ചിരുന്നു.

പ്രയാഗ്‌രാജിലെ ആനന്ദ് ഭവൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ചെങ്കോൽ, പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്പീക്കറുടെ സീറ്റിനു സമീപം സ്ഥാപിച്ചു. എന്നാൽ, പാർലമെന്‍റിനെ രാജ ദർബാർ ആക്കരുതെന്നും ചെങ്കോലിനു പകരം ഭരണഘടനാ പുസ്തകത്തിന്‍റെ മാതൃകയാണ് വയ്ക്കേണ്ടതെന്നും സമാജ്‌വാദി പാർട്ടി അടക്കമുള്ള കക്ഷികൾ പിന്നീട് ആവശ്യപ്പെട്ടിരുന്നു.

വിവാദങ്ങൾ നിലനിൽക്കുമ്പോഴും, ഇന്ത്യയുടെ പരമ്പരാഗത സ്വർണാഭരണ നിർമാണ രംഗത്തും കലാമേഖലയിലും 125 വർഷത്തെ പാരമ്പര്യമുള്ള വുമ്മിഡി കുടുംബത്തിന്‍റെ വടവൃക്ഷമായ എതിരാജിന്‍റെ നിര്യാണത്തിൽ പ്രമുഖർ അനുശോചനം അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com