

കശ്മീരിൽ ഭീകരരുടെ ഒളിയിടത്തിൽ പരിശോധന; എകെ 47 തോക്കും ഗ്രനേഡുകളും കണ്ടെടുത്തു
file image
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളത്തിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ വൻ തോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. എകെ 47 റൈഫിൾ, ആറ് ഗ്രനേഡുകൾ, വെടിയുണ്ടകൾ, മരുന്നുകൾ എന്നിവയാണ് കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻകോട്ട് മേഖലയിലെ സത്താർബൻ വനത്തിൽ കരസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വനത്തിലെ ഗുഹയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മറ്റൊരു സംഭവത്തിൽ ഉദ്ദംപൂർ, കത്വ ജില്ലകളിലെ ഉയർന്ന വന മേഖലകളിൽ സുരക്ഷാസേന പരിശോധന നടത്തി. മേഖലയിൽ സംശയാസ്പദമായ നീക്കം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സുരക്ഷാസേനയുടെ നടപടി. എന്നാൽ ആരെയും പിടികൂടിയിട്ടില്ല.