
കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യൻ ലക്ഷദ്വീപിലെ കവരത്തിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.
കവരത്തി: കഴിഞ്ഞ 11 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് കൈവരിച്ച പരിവർത്തനാത്മക വികസന മുന്നേറ്റങ്ങൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ ആലേഖനം ചെയ്യപ്പെടുമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യൻ. കവരത്തി ദ്വീപിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷദ്വീപിന്‍റെ സുപ്രധാന സാമ്പത്തിക മേഖലയും ജീവനാഡിയുമാണ് മത്സ്യബന്ധനം. കേന്ദ്രഭരണ പ്രദേശമായ ദ്വീപിന് പ്രതിവർഷം ഒരു ലക്ഷം മെട്രിക് ടൺ മത്സ്യബന്ധന ശേഷിയുണ്ട്. ദ്വീപിനായി പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ്‌വൈ) പ്രകാരം 14.06 കോടി രൂപയ്ക്ക് കേന്ദ്രം അംഗീകാരം നൽകി. ലക്ഷദ്വീപിനെ ഒരു കടൽപ്പായൽ ക്ലസ്റ്ററായും നിശ്ചയിച്ചു.
ദ്വീപിലെ 91.65% എന്ന സാക്ഷരതാ നിരക്കിലും സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോകൽ നിരക്ക് പൂജ്യം എന്നതിലും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു . പിഎം ശ്രീ പദ്ധതി പ്രകാരം അതിവേഗ ഇന്‍റർനെറ്റ്, കംപ്യൂട്ടർ ലാബുകൾ, പഠനാനുഭവങ്ങൾ മെച്ചപ്പെടുത്തുന്ന ഡിജിറ്റൽ ലൈബ്രറികൾ എന്നിവ ലഭ്യമാകുന്ന വിധത്തിൽ 11 സ്കൂളുകൾ തെരഞ്ഞെടുത്തിട്ടുണ്ട്.
231.96 കോടി രൂപ ചെലവിൽ മിനിക്കോയ്, ആന്ത്രോത്ത്, കടമത്ത് എന്നിവിടങ്ങളിൽ 30 കിടക്കകളുള്ള 3 ആശുപത്രികൾ നിർമിക്കുന്നു.
127 കോടി ചെലവിൽ നഴ്സിങ്, പാരാമെഡിക്കൽ കോളെജ് പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി.
കടമത്ത്, കൽപേനി എന്നിവിടങ്ങളിലെ കിഴക്കൻ, പടിഞ്ഞാറൻ ജെട്ടികളുടെയും ആന്ത്രോത്തിൽ 1,664.88 കോടിയുടെ പുതിയ തുറമുഖ സൗകര്യങ്ങളുടെയും വികസനം കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം ഏറ്റെടുത്തു.
അഗത്തി, കടമത്ത്, കൽപേനി, കവരത്തി, മിനിക്കോയ് എന്നിവിടങ്ങളിലെ റോഡുകളും സംരക്ഷണ ഭിത്തികളും ഉൾപ്പെടെ തീര മേഖലയുടെ വികസനത്തിനുള്ള 2,128.86 കോടിയുടെ നിർദേശങ്ങൾ പരിശോധനാ ഘട്ടത്തിലാണ്.
മിനിക്കോയ്, കടമത്ത്, സുഹേലി എന്നിവിടങ്ങളിൽ 3 വാട്ടർ വില്ല പ്രൊജക്റ്റുകൾ വികസിപ്പിച്ചു. നിതി ആയോഗുമായി കൂടിയാലോചിച്ച് 810 കോടിയുടെ നിക്ഷേപം നടത്താനാണ് പദ്ധതി. മുംബൈ, കൊച്ചി, അഗത്തി, തിന്നകര എന്നിവയെ ബന്ധിപ്പിക്കുന്ന പ്രതിവാര ക്രൂയിസ് ലൈനർ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
ഡീസലിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷദ്വീപ് പുനരുപയോഗ ഊർജത്തിലേക്ക് പരിവർത്തനം നടത്തുകയാണ്. ഇതിന് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ചു. 450ലധികം വീടുകളിൽ പുരപ്പുറ സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ചു. അഗത്തിയിലും (0.3 മെഗാവാട്ട്) കവരത്തിയിലും (1.4 മെഗാവാട്ട്) സൗരോർജ പ്ലാന്‍റുകൾ കമ്മിഷൻ ചെയ്തു.
കുടിവെള്ളത്തിനായി 6 ദ്വീപുകളിൽ പ്രതിദിനം 1.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഡീസലൈനേഷൻ പ്ലാന്‍റുകൾ സ്ഥാപിച്ചു.
ജൽ ജീവൻ മിഷന്‍റെ കീഴിൽ എല്ലാ ദ്വീപുകളിലും വീടുകളിൽ പൈപ്പ് ജല കണക്‌ഷനുകൾ നൽകാൻ 268.81 കോടി രൂപ അനുവദിച്ചു. എല്ലാ വീടുകളിലും ഇപ്പോൾ ടാപ്പ് ജല കണക്‌ഷനുകളുണ്ട്.
"മോദി ഹേ തോ മുംകിൻ ഹേ'' എന്നത് വെറുമൊരു മുദ്രാവാക്യമല്ല, അത് തെളിയിക്കപ്പെട്ട യാഥാർഥ്യമാണ്. രാഷ്‌ട്രീയം എന്നത് ഇനി വാഗ്ദാനങ്ങളെക്കുറിച്ചല്ല, പ്രവർത്തനങ്ങളെക്കുറിച്ചാണ്- ജോർജ് കുര്യൻ വ്യക്തമാക്കി.