സ്ത്രീവിരുദ്ധ പരാമർശം: ഉദയനിധിക്ക് വൻ വരവേൽപ്പ്, ദുർബലനായ പുരുഷനെന്ന് ഖുശ്ബു

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെയും നടി തൃഷയെയും ചേർത്ത് ദ്വയാർഥ പ്രയോഗം നടത്തിയ ഉദയനിധി സ്റ്റാലിന് ആവേശോജ്വല സ്വീകരണം. ഡിഎംകെ പാരമ്പര്യമെന്ന് ഖുശ്ബു
Warm rerception for Udhayanidhi Stalin for mysoginy, DMP legasy, says Khushbu

ഖുശ്ബു സുന്ദർ | ഉദയനിധി സ്റ്റാലിൻ

Updated on

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെയും നടി തൃഷയെയും ബന്ധപ്പെടുത്തി ദ്വയാർഥ പ്രയോഗം നടത്തിയ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് ഡിഎംകെ പ്രവർത്തകർ 'ആവേശോജ്വലമായ' സ്വീകരണം ഒരുക്കി. പരാമർശത്തിന്‍റെ പേരിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് പാർട്ടി പ്രവർത്തകരുടെ ആഘോഷ പ്രകടനമുണ്ടായത്.

അതേസമയം, ഉദയനിധിയുടെ പരാമർശത്തിനെതിരേ വിവിധ കോണുകളിൽ നിന്ന് വിമർശനവും കനക്കുകയുമാണ്. സ്വയം ഒരു നേതാവെന്ന് വിളിക്കാൻ ഉദയനിധിക്ക് ലജ്ജ തോന്നണമെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ പറഞ്ഞു. സ്ത്രീവിരുദ്ധത ഡിഎംകെയുടെ പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും ഖുശ്ബു ചൂണ്ടിക്കാട്ടി.

"എനിക്ക് യാതൊരു അത്ഭുതവും തോന്നിയില്ല. ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങളും സ്ത്രീകളെ അപമാനിക്കുന്നതും ഞാൻ മുമ്പും കണ്ടിട്ടുണ്ട്. ഇത് അവർ മുന്നോട്ട് കൊണ്ടുപോകുന്ന പാരമ്പര്യം തന്നെയാണ്. എന്നാൽ, ഉദയനിധി സ്റ്റാലിനിൽ നിന്ന് ഞാൻ ഇതു പ്രതീക്ഷിച്ചില്ല. കാരണം അദ്ദേഹം യുവാവാണ്, പ്രതിപക്ഷ നേതാവാണ്. മുൻ ഉപമുഖ്യമന്ത്രിയും യുവജനകാര്യ മന്ത്രിയുമായിരുന്ന അദ്ദേഹം വ്യത്യസ്തനാകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ, വളരെ അസംബന്ധവും അശ്ലീലവുമായ പ്രസ്താവനയാണ് ഉദയനിധിയിൽ നിന്നുണ്ടായത്. അതിൽ ചെറിയൊരു പശ്ചാത്താപം പോലുമില്ല," ഖുശ്ബു പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്ത്രീകളെ എത്രകാലം അധിക്ഷേപിക്കുമെന്ന് ചോദിച്ച ബിജെപി നേതാവ്, ഒരു പൊതുവേദിയിൽ ഒരു സ്ത്രീയെ അധിക്ഷേപിക്കാൻ ആര് അവകാശം നൽകിയെന്നും ആരാഞ്ഞു. ഒരു സ്ത്രീയെക്കുറിച്ച് ഇത്രയും അനാദരവോടെ സംസാരിക്കാൻ ഒരു പുരുഷൻ എത്രമാത്രം ദുർബലനായിരിക്കണമെന്ന് അവർ ചോദിച്ചു.

ഡിഎംകെ നേതാവ് സാദിഖ് തന്നെയും മറ്റ് സ്ത്രീകളെയും 'ഐറ്റംസ്' എന്ന് വിളിക്കുകയും തുടർന്ന് സസ്പെൻഷനിലാവുകയും ഏതാനും മാസങ്ങൾക്ക് ശേഷം പാർട്ടിയിൽ തിരിച്ചെത്തുകയും ചെയ്ത സംഭവം ഖുശ്ബു ഓർമിപ്പിച്ചു. ഉദയനിധി സ്റ്റാലിനും അതേ നിലപാടിൽ പെട്ടയാളാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഉദയനിധിയുടെ അറസ്റ്റ് അധികപ്പറ്റാണോ എന്ന് ചോദിച്ചപ്പോൾ, ഒരു സ്ത്രീയെന്ന നിലയിൽ താൻ ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഖുശ്ബു പറഞ്ഞു. സ്ത്രീകൾ പാവകളോ കളിക്കോപ്പുകളോ അല്ലെന്ന ശക്തമായ സന്ദേശമാണ് ഇത് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com