ഷിഫ മുവൈല മെഡിക്കൽ സെന്‍റർ വെള്ളിയാഴ്ച പ്രവർത്തനം ആരംഭിക്കും

മാസാവസാനം വരെ ഡോക്ടർമാരുടെ സേവനം സൗജന്യം
Shifa Muwailah Medical Center to begin operations from Friday

ഷിഫ മുവൈല മെഡിക്കൽ സെന്‍റർ വെള്ളിയാഴ്ച പ്രവർത്തനം ആരംഭിക്കും

Updated on

ഷാർജ: ഷാർജ മുവൈലയിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ഷിഫ മുവൈല മെഡിക്കൽ സെന്‍ററിൽ 31-ാം തീയതി വരെ പൊതുജനങ്ങൾക്ക് എല്ലാ ഡോക്ടർമാരുടെയും സേവനം പൂർണമായും സൗജന്യമായിരിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഇതോടൊപ്പം വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ വളരെ കുറഞ്ഞ ചെലവിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജ്മെന്‍റ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മുവൈലയിൽ നിലവിൽ പ്രവർത്തിക്കുന്ന നാല് മെഡിക്കൽ സെന്‍ററുകളുടെ വിശ്വാസ്യതയും സേവന പാരമ്പര്യവും മുൻനിർത്തിയാണ് പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ മെഡിക്കൽ സെന്‍റർ 22,000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്.

എല്ലാ വിഭാഗം ആളുകൾക്കും താങ്ങാനാവുന്ന നിരക്കിൽ മികച്ച ചികിത്സാ സേവനങ്ങൾ വേഗത്തിലും കൃത്യതയോടെയും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഗൈനക്കോളജി, പീഡിയാട്രിക്, ഡെന്‍റൽ, റേഡിയോളജി, ഓർത്തോപീഡിക്, ജനറൽ സർജറി, ഇന്‍റേണൽ മെഡിസിൻ, ലാബ്, ഡെർമറ്റോളജി, എസ്തെറ്റിക് ഡെർമറ്റോളജി, ജനറൽ മെഡിസിൻ, ഒഫ്താൽമോളജി തുടങ്ങിയ വിഭാഗങ്ങളിലായി 22 വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്.

യുഎഇയിലെ എല്ലാ പ്രമുഖ ഇൻഷുറൻസ് കാർഡുകളും ഇവിടെ സ്വീകരിക്കും. ഇൻഷുറൻസ് അനുമതി വേഗത്തിലാക്കാൻ ആധുനിക സാങ്കേതികവിദ്യയാണ് സജ്ജമാക്കിയിരിക്കുന്നത്. ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലായി 12 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഗ്രൂപ്പിന് കീഴിൽ യുഎഇയിലുടനീളം മരുന്ന് വിതരണം നടത്തുന്ന 'സെഡ് ഫാർമ' എന്ന സ്ഥാപനവുമുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള ഗ്രൂപ്പ് വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി മെഡിക്കൽ ബോധവൽക്കരണ ക്യാംപുകളും ഹെൽത്ത് ചെക്കപ്പുകളും നടത്തിവരുന്നു.

കൊവിഡ്, പ്രളയ സമയങ്ങളിൽ ഭരണാധികാരികളിൽ നിന്നും സർക്കാരിൽ നിന്നും ലഭിച്ച വലിയ പിന്തുണയ്ക്ക് മാനേജ്മെന്‍റ് നന്ദി അറിയിച്ചു. നിരവധി ആളുകൾക്ക് തൊഴിൽ നൽകാൻ കഴിഞ്ഞതാണ് തങ്ങളുടെ ഏറ്റവും വലിയ വിജയമെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഫ് ഉപ്പള, ബ്രാഞ്ച് മാനേജർ സി.എ.ഹാരിഷ് ബാബു, ഏരിയ മാനേജർ മുഹമ്മദ് അഫ്സൽ എന്നിവർ പങ്കെടുത്തു.

മെഡിക്കൽ സെന്‍റർ വെള്ളിയാഴ്ച വൈകിട്ട് 4ന് സ്വദേശി വ്യവസായ പ്രമുഖൻ അലി സാലിം മുഹമ്മദ് സാലിം അൽ ഉവൈസ് ഉദ്ഘാടനം നിർവഹിക്കും. ഷഫീൽ കണ്ണൂർ സംവിധാനം ചെയ്ത സംഗീത പരിപാടിയും അരങ്ങേറും.

logo
Metro Vaartha
www.metrovaartha.com