

അർജന്‍റീന ഐആർജിസിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു
ബ്യൂണസ് അയേഴ്സ്: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ അർജന്‍റീന ഭീകര സംഘടനയായി പ്രഖ്യാപിച്ചു . യുഎസ് ഭരണകൂടത്തിന്‍റെ ശക്തമായ സമ്മർദ്ദത്തിന് പിന്നാലെയാണ് പ്രസിഡന്‍റ് ഹാവിയർ മിലെയുടെ തീരുമാനം. 1994 ൽ അർജന്‍റീനയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഐആർജിസിയുടെ പിന്തുണയുള്ള ഹിസ്ബുല്ലയാണെന്ന കണ്ടെത്തലാണ് നീക്കത്തിന് പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
1994 ബ്യൂണസ് ഐറിസിലെ ജൂത കമ്മ്യൂണിറ്റി സെന്‍ററിന് നേരേയുണ്ടായ ആക്രമണത്തിൽ സ്ഫോടനത്തിൽ 85 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഹിസ്ബുല്ലയാണ് സ്ഫോടനത്തിന് പിന്നിലെന്നും അവർക്ക് സൈനികവും സാമ്പത്തികവുമായ എല്ലാപിന്തുണയും നൽകിയത് ഇറാന്‍റെ റെവല്യൂഷണറി ഗാർഡ് ആണെന്നുമായിരുന്നു അർജന്‍റീനയുടെ കണ്ടെത്തൽ. പശ്ചിമേഷ്യയുടെ രാഷ്ട്രീയ-സൈനിക ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന സമാന്തര സൈനിക വിഭാഗമാണ് ഐആർജിസി.