മൊജ്തബ ഖമനേയി പൂർണ ആരോഗ‍്യവാൻ; പ്രസിഡന്‍റുമായി 7 മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്ന് നയതന്ത്രജ്ഞൻ

ഇക്കഴിഞ്ഞ ജൂലൈയിൽ ആയത്തുള്ള അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങിൽ മൊജ്തബ പങ്കെടുക്കാതിരുന്നതോടെ അദ്ദേഹത്തിന്‍റെ ആരോഗ‍്യ സ്ഥിതി സംബന്ധിച്ച് ചോദ‍്യങ്ങൾ ഉയർന്നിരുന്നു
diplomat says Mojtaba Khamenei held a 7 hour meeting with the President

മൊജ്തബ ഖമനേയി

Updated on: 

ടെഹ്റാൻ: 8 മാസങ്ങൾക്ക് മുൻപ് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ വ‍്യോമാക്രമണത്തിൽ പരുക്കേറ്റതിനു പിന്നാലെ പൊതുവേദിയിൽ പ്രത‍്യക്ഷപ്പെടാതിരുന്ന പരമോന്നത നേതാവ് മൊജ്തബ ഖമനേയി രാജ‍്യത്തെ പ്രസിഡന്‍റുമായി 7 മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയെന്ന് പരമോന്നത നേതാവിന്‍റെ പ്രതിനിധിയും മുതിർന്ന നയതന്ത്രജ്ഞനുമായ അബ്ദുൾ മജീദ് ഹക്കീം ഇലാഹി മാധ‍്യമങ്ങളോട് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലൈയിൽ ആയത്തുള്ള അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങിൽ മൊജ്തബ പങ്കെടുക്കാതിരുന്നതോടെ അദ്ദേഹത്തിന്‍റെ ആരോഗ‍്യ സ്ഥിതി സംബന്ധിച്ച് ചോദ‍്യങ്ങൾ ഉയർന്നിരുന്നു. പിതാവിന്‍റെ മരണത്തിനു ശേഷം പ്രസ്താവനകളിലൂടെ മാത്രമാണ് മൊജ്തബ ആശയവിനിമയം നടത്തിയിരുന്നത്.

എന്നാൽ മൊജ്തബ വളരെ ആരോഗ‍്യവാനായിരിക്കുന്നുവെന്നും തന്‍റെ ചുമതലകൾ അദ്ദേഹം മികച്ച രീതിയിൽ നിർവഹിക്കുന്നുണ്ടെന്നുമാണ് അബ്ദുൾ മജീദ് ഹക്കീം ഇലാഹി പറയുന്നത്. തങ്ങളുടെ പാർലമെന്‍റ് സ്പീക്കർ മൊജ്തബയുമായി കൂടിക്കാഴ്ച നടത്തിയതായും അബ്ദുൾ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. അദ്ദേഹത്തെ കണ്ടിട്ടുള്ള ചില സുഹൃത്തുക്കളുണ്ട്. അദ്ദേഹം വളരെയധികം ആരോഗ‍്യവാനാണ്. അബ്ദുൾ മജീദ് ഹക്കീം ഇലാഹി കൂട്ടിച്ചേർത്തു.

പിതാവിന്‍റെ ശവസംസ്കാര ചടങ്ങിൽ മൊജ്തബ പങ്കെടുത്തില്ലെന്ന വാദവും അബ്ദുൾ മജീദ് ഹക്കീം ഇലാഹി തള്ളി. സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം മാധ‍്യമങ്ങൾക്ക് മുന്നിൽ പ്രത‍്യക്ഷപ്പെട്ടില്ല. ആരും അദ്ദേഹത്തെ കണ്ടിട്ടുമില്ല. എന്നാൽ സംസ്കാര ചടങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് ഞാൻ ഇറാനിലുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരന്മാരിൽ രണ്ടു പേരെയും ഞാൻ കണ്ടു. മൊജ്തബ ഖമനേയിയും അവിടെയുണ്ടായിരുന്നു. നയതന്ത്രജ്ഞൻ വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com