

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയൻ, പരമോന്നത് നേതാവ് മൊജ്തബ ഖമനേയി.
ടെഹ്റാൻ: പ്രാദേശിക സംഘർഷങ്ങളും യുഎസുമായുള്ള നയതന്ത്ര ചർച്ചകളും ചൂടുപിടിക്കുന്നതിനിടയിൽ ഇറാനിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധി. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയന് പരമോന്നത നേതാവ് ആയത്തൊള്ള മൊജ്തബ ഖമേനി 'അന്ത്യശാസനം' നൽകിയതായി റിപ്പോർട്ട്. നിർണായകമായ നയതന്ത്ര തീരുമാനങ്ങളിലും സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും റെവല്യൂഷണറി ഗാർഡ് (IRGC) കമാൻഡ് അഹ്മദ് വാഹിദിക്ക് ഖമേനി പൂർണ പിന്തുണ പ്രഖ്യാപിച്ചതായും ഇസ്രായേൽ മാധ്യമമായ ചാനൽ 14 റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ സുരക്ഷാ-വിദേശ നയ തീരുമാനങ്ങളിൽ നിന്ന് തന്‍റെ ഭരണകൂടത്തെ പൂർണമായും തഴഞ്ഞുവെന്ന് ആരോമിച്ച് പെസെഷ്കിയൻ മുൻപ് രാജി ഭീഷണി മുഴക്കുകയും മേയ് മാസത്തിൽ ഔദ്യോഗികമായി രാജിക്കു ശ്രമിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പുതിയ സാഹചര്യത്തിൽ രാജി ശ്രമങ്ങളെ തടയാൻ ഖമേനി തയാറായില്ലെന്നും, ഇത് പ്രസിഡന്‍റിന്‍റെ രാഷ്ട്രീയ സ്വാധീനത്തെ കാര്യമായി ചോർത്തിക്കളഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടുത്ത രാജി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ഖമനേയി നൽകിയിരിക്കുന്നത്.
ഇറാന്‍റെ സൈനിക വിഭാഗത്തിന്‍റെ നിലപാടുകളുമായി പൂർണമായി ഒത്തുപോകുന്നതാണ് ഖമേനിയുടെ പുതിയ നിലപാടെന്നും, ഇത് തന്ത്രപരമായ നയരൂപീകരണങ്ങളിൽ ഇടപെടാനുള്ള പ്രസിഡന്‍റിന്‍റെ അധികാരം പരിമിതപ്പെടുത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസിനോട് കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കാനാണ് ടെഹ്റാന്‍റെ തീരുമാനം. യുഎസുമായുള്ള പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അന്തിമ അധികാരം ഐആർജിസി കമാൻഡ് അഹ്മദ് വാഹിദിക്ക് പരമോന്നത നേതാവ് നൽകിയതായാണ് വിവരം.
അതേസമയം, നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനു മുൻപ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വലിയ നയം മാറ്റങ്ങൾക്ക് മുതിർന്നേക്കില്ലെന്നാണ് ഇറേനിയൻ നേതാക്കളുടെ വിലയിരുത്തൽ. ഇതിന്‍റെ പശ്ചാത്തലത്തിൽ പരമാവധി സമ്മർദം നിലനിർത്താനാണ് ഇറാൻ ശ്രമിക്കുന്നത്. ഖത്തറിന്‍റെയും പാക്കിസ്ഥാന്‍റെയും മാധ്യസ്ഥതയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യുഎസിന്‍റെ പ്രത്യേക ദൂതന്മാരും തമ്മിലുള്ള പരോക്ഷ ചർച്ചകൾ മാത്രമാണ് നിലവിൽ നടക്കുന്നത്. ഔദ്യോഗിക ചർച്ചകളൊന്നും ഇപ്പോൾ പുരോഗമിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു.