

ട്രംപിന്‍റെ ഛായയുള്ള പോത്തിനെ അറുക്കില്ല; മൃഗശാലയിൽ സംരക്ഷിക്കും
ധാക്ക: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഹെയർസ്റ്റൈലുമായുള്ള സാമ്യത്തെത്തുടർന്ന് ഇന്‍റർനെറ്റിൽ ശ്രദ്ധ നേടിയ പോത്തിനെ അറുക്കില്ലെന്ന് ഉടമസ്ഥൻ മോനിറുസ് സമാൻ. ഡോണൾഡ് ട്രംപ് എന്ന് തന്നെയാണ് പോത്തിന് പേരു നൽകിയിരുന്നത്. പോത്തിനെ ബംഗ്ലാദേശിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റാൻ സർക്കാർ ഉത്തരവിട്ട സാഹചര്യത്തിലാണ് തീരുമാനം. മൂന്നു ദിവസം മുൻപാണ് സമാൻ പോത്തിനെ വാങ്ങിയത്. സിയ ഉദ്ദിൻ മൃദയാണ് അപൂർവമായ ആൽബിനിസം ബാധിച്ച വെളുത്ത നിറമുള്ള പോത്തിനെ വളർത്തിയതും ട്രംപ് എന്ന് പേരിട്ടതും.
പോത്തിന്‍റെ തലയിലെ രോമങ്ങൾ പ്രത്യേക രീതിയിൽ ചീകി വച്ച ചിത്രം പ്രചരിച്ചതോടെയാണ് ട്രംപ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇന്‍റർനെറ്റിൽ ശ്രദ്ധ നേടിയതിനു പിന്നാലെ പോത്തിനെ കാണാൻ നിരവധി പേരാണ് ഫാമിൽ എത്തിയിരുന്നത്. ഫാമിൽ വച്ച് പോത്തിനെ മൂന്നു നേരം കുളിപ്പിക്കുമായിരുന്നുവെന്നും നാലു നേരം ഭക്ഷണം നൽകിയിരുന്നുമെന്നുമാണ് സിയ പറയുന്നത്.
സന്ദർശകരുടെ തിരക്കേറിയതോടെ പോത്തിന് മാനസിക സംഘർഷം വർധിച്ചുവെന്നും അതോടെ ഭാരം കുറയാൻ തുടങ്ങിയെന്നും സിയ പറഞ്ഞിരുന്നു. അതേ തുടർന്നാണ് ബലി പെരുന്നാളിന് പോത്തിനെ അറുക്കാൻ തീരുമാനിച്ചത്. മൂന്നു ദിവസം മുൻപ് സമാന് വിൽക്കുകയും ചെയ്തു. എന്നാൽ സർക്കാർ ഉത്തരവുണ്ടായ സാഹചര്യത്തിൽ താനത് അംഗീകരിക്കുന്നുവെന്നും പോത്തിനെ കൈമാറുമെന്നും സമാൻ അറിയിച്ചു. ഒന്നുകിൽ പോത്തിനെ വില നൽകി വാങ്ങാം അല്ലെങ്കിൽ മറ്റൊരു പോത്തിനെയോ പശുവിനെയോ സൗജന്യമായി നൽകാം എന്നാണ് സർക്കാർ നൽകിയിരിക്കുന്ന വാഗ്ദാനം.