

പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസ്
പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിൽ സ്വകാര്യ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 28 വിദ്യാർഥികളും ഒരു അധ്യാപികയും മരിച്ചു. 40ലധികം പേർക്ക് പരുക്കേറ്റു. പെഷവാർ നഗരത്തിലെ ധിർ കോളനിയിൽ വ്യാഴാഴ്ചയാണ് സംഭവം.
സംഭവത്തിൽ സ്കൂൾ ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസിൽ താഴെയുള്ളവരാണ് മരിച്ച വിദ്യാർഥികൾ. ഇവരിൽ ആറ് പേർ പെൺകുട്ടികളാണ്. പരുക്കേറ്റവരെ ലേഡി റീഡിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ തെരച്ചിൽ തുടരുകയാണ്. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ പെഷവാർ ഡെപ്യൂട്ടി കമ്മിഷണർ അഫാഖ് വാസിർ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിൽ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി.