സിജെപിയുമായി സൂം മീറ്റിങ് നടത്തിയെന്ന് ഖാലിസ്ഥാൻ ഭീകരൻ

ഇന്ത്യയെ ചെറു കഷണങ്ങളാക്കി വെട്ടിമുറിക്കുന്നതിനു സഹായിച്ചാൽ 10 കോടി രൂപ നൽകാമെന്നു താൻ സിജെപി നേതാക്കളോട് അറിയിച്ചിട്ടുണ്ടെന്നും പന്നൂൺ പറയുന്നതായി ഒരു ദേശീയ മാധ്യമം വിഡിയൊ ക്ലിപ് പുറത്തുവിട്ടു
Khalistan terrorist claims to have held a Zoom meeting with CJP

സിജെപിയുമായി സൂം മീറ്റിങ് നടത്തിയെന്ന് ഖാലിസ്ഥാൻ ഭീകരൻ

Updated on

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളുമായി സൂം മീറ്റിങ് നടത്തിയെന്ന് വെളിപ്പെടുത്തി സിഖ് ഭീകര സംഘടന സിഖ്സ് ഫൊർ ജസ്റ്റിസിന്‍റെ തലവൻ ഗുർപത്വന്ത് സിങ് പന്നൂൺ. ഇന്ത്യയെ ചെറു കഷണങ്ങളാക്കി വെട്ടിമുറിക്കുന്നതിനു സഹായിച്ചാൽ 10 കോടി രൂപ നൽകാമെന്നു താൻ സിജെപി നേതാക്കളോട് അറിയിച്ചിട്ടുണ്ടെന്നും പന്നൂൺ പറയുന്നതായി ഒരു ദേശീയ മാധ്യമം വിഡിയൊ ക്ലിപ് പുറത്തുവിട്ടു. എന്നാൽ, ഇതിന്‍റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

ഡൽഹിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വീഴ്ച അനിവാര്യമെന്നു പന്നൂൺ പറയുന്ന വിഡിയൊ ദൃശ്യം സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. മോദിയുടെ വീഴ്ച ശാശ്വത പരിഹാരമല്ലെന്നും ഇന്ത്യ പൊട്ടിച്ചിതറുന്നതു മാത്രമാണു മുന്നോട്ടുപോകാനുള്ള മാർഗമെന്നും യുഎസിൽ കഴിയുന്ന ഖാലിസ്ഥാൻ ഭീകരൻ പറയുന്നുണ്ട്.

ഡൽഹിയിൽ നടക്കുന്ന സിജെപി സമരം രാജ്യദ്രോഹികളുമായി കൈകോർത്താണെന്ന് ബിജെപി കേന്ദ്രങ്ങൾ ആരോപിക്കുന്നതിനിടെയാണു പന്നൂണിന്‍റെ വിഡിയൊ പുറത്തുവരുന്നത്. ഇതു സമൂഹമാധ്യമത്തിൽ പങ്കുവച്ച ബിജെപി എംപി നിഷികാന്ത് ദുബെ, സമരത്തിനുള്ള പണം എവിടെ നിന്നാണു വരുന്നതെന്ന ചോദ്യമുയർത്തി.

സമരത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. എവിടെ നിന്നാണു പണം വരുന്നത്? എന്താണ് ഗൂഢാലോചന? കഴിഞ്ഞ 20 ദിവസത്തിനിടെ വിദേശ സന്ദർശനത്തിൽ രാഹുൽ ഗാന്ധി ആരെയാണ് കണ്ടത്? ആരാണ് യഥാർഥത്തിൽ അണിയറയിൽ കളിക്കുന്നത് ?- നിഷികാന്ത് ദുബെ ചോദിച്ചു.

logo
Metro Vaartha
www.metrovaartha.com