

ഒട്ടാവിയൊ ക്വത്റോക്കി
ബൊഫോഴ്സ്: പുകയടങ്ങാത്ത പീരങ്കി - പരമ്പര 2
വി.കെ. സഞ്ജു
പാർലമെന്‍ററി സമിതിയുടെ അന്വേഷണത്തിനിടെ മറ്റൊരന്വേഷണം അധികമാരുമറിയാതെ പുരോഗമിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ഒരു ദേശീയ ദിനപത്രത്തിന്‍റെ ജനീവ കറസ്പോണ്ടന്‍റ് ചിത്ര സുബ്രഹ്മണ്യത്തിന്‍റെ ജേണലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍. ബോഫോഴ്സ് ഇടപാടില്‍ ഏജന്‍റുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കു കമ്മിഷനും രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോഴയും നല്‍കിയിട്ടുണ്ടെന്നും തെളിയിക്കുന്ന മുന്നൂറോളം രേഖകള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നും സ്വീഡനില്‍നിന്നുമായി ചിത്ര കരസ്ഥമാക്കി. പത്രത്തിൽ തുടര്‍ച്ചയായി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു.
പത്രം രാഷ്ട്രീയ സമ്മർദത്തിനു കീഴടങ്ങി ബൊഫോഴ്സ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതു നിര്‍ത്തിയതോടെ ചിത്ര ജോലി രാജിവച്ചു. പക്ഷേ, ഇതിനിടെ നിഷേധിക്കാനാകാത്ത തെളിവുകള്‍ പുറത്തു വന്നു കഴിഞ്ഞിരുന്നു. വൈന്‍ഡിങ് അപ്പ് കോസ്റ്റ് എന്ന പേരില്‍ ബൊഫോഴ്സ് ഇതിനു ന്യായീകരണം കണ്ടെത്തി. പിറ്റ്കോ, സ്വെന്‍സ്ക, എഇ സര്‍വീസസ് എന്നിവ കരാറില്‍ ഏജന്‍റുമാരായിരുന്നെന്നും കരാര്‍ ഒപ്പിട്ടതിനു ശേഷം പലപ്പോഴായി ഇവരുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ കമ്മിഷന്‍ തുക വന്നു ചേര്‍ന്നിരുന്നു എന്നും പിന്നീട് സിബിഐയും സ്വീഡിഷ് ഓഡിറ്റ് ബ്യൂറോയും അടക്കമുള്ള ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
സ്വെന്‍സ്കയ്ക്കു പിന്നിലുണ്ടായിരുന്നതു വിന്‍ ഛദ്ദ തന്നെ. പിറ്റ്കോ ഹിന്ദുജ സഹോദരന്മാരുടേതെന്ന് ചിത്ര സുബ്രഹ്മണ്യത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ തെളിയിച്ചു. എഇ സര്‍വീസസ് വൈകി വന്ന പങ്കാളിയായിരുന്നു. കരാറൊപ്പിടുന്നതിന് ആറു മാസം മുൻപു മാത്രം കളത്തിലിറങ്ങിയ കമ്പനി. ഇതിനെപ്പറ്റിയുള്ള അന്വേഷണങ്ങളിലൂടെ ബൊഫോഴ്സ് കോഴ വിവാദത്തിലെ ഏറ്റവും വലിയ മിസ്റ്ററി മാന്‍ വെളിച്ചത്തു വന്നു- രാജീവിന്‍റെയും സോണിയയുടെയും കുടുംബ സുഹൃത്ത്, ഇറ്റലിക്കാരന്‍ ഒട്ടാവിയോ ക്വത്റോക്കി. കരാര്‍ തുകയുടെ മൂന്നു ശതമാനം എഇ സര്‍വീസസിലൂടെ എത്തിയതു ക്വത്റോക്കിയുടെ അക്കൗണ്ടിലേക്കാണെന്നായിരുന്നു ചിത്രയുടെ കണ്ടെത്തല്‍. രാജീവിനും പണം കിട്ടിയെന്ന ആരോപണങ്ങള്‍ ഇതോടെ പ്രധാനമന്ത്രിയുടെ മിസ്റ്റര്‍ ക്ലീന്‍ ഇമേജ് തകര്‍ത്തു.
ഏജന്‍റ് Q
സിസിലിയിലെ മസ്കലിയില്‍ ജനിച്ച ഒട്ടാവിയോ ക്വത്റോക്കി ഇന്ത്യയിലെത്തുന്നത് അറുപതുകളില്‍. ഇറ്റാലിയന്‍ ഓയില്‍ ഗ്യാസ് കമ്പനി എനിയുടെയും അതിന്‍റെ പെട്രോകെമിക്കല്‍സ് വിങ് സ്നാംപ്രൊഗെറ്റിയുടെയും ഏജന്‍റായിരുന്നു ഇയാള്‍. രാജീവ് കുടുംബവുമായുള്ള ക്വത്റോക്കിയുടെ ബന്ധത്തെക്കുറിച്ച് പ്രത്യേക ജഡ്ജി പ്രേം കുമാര്‍ 2002 നവംബറില്‍ നടത്തിയ നിരീക്ഷണം ഇങ്ങനെ:
''1974ല്‍ മൊലിനറി എന്ന ഇറ്റലിക്കാരനാണ് രാജീവ് ഗാന്ധിക്കും സോണിയക്കും ക്വത്റോക്കിയെ പരിചയപ്പെടുത്തുന്നത്. അന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്നു രാജീവ്. ക്വത്റോക്കി ഇവരുടെ കുടുംബസുഹൃത്തായി. ഇറ്റാലിയന്‍ ഭക്ഷണവും സമ്മാനപ്പൊതികളും കൈമാറ്റം ചെയ്യപ്പെട്ടു. രണ്ടു കുടുംബത്തിലെയും കുട്ടികളും ഏറെ അടുപ്പത്തിലായി....''
ഇറ്റലിയിലെ സോണിയയുടെ കുടുംബവുമായി നേരത്തെ തന്നെ ക്വത്റോക്കി കുടുംബത്തിനു ബന്ധമുണ്ടായിരുന്നു എന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നു. ക്വത്റോക്കിയെ കാണുമ്പോള്‍ ബ്യൂറോക്രാറ്റുകൾ എഴുന്നേറ്റു നില്‍ക്കുന്നിടം വരെ രാജീവുമായുള്ള ബന്ധം വളര്‍ന്നു എന്ന് അശോക് മാലിക് എഴുതി. ഇന്ദിരയുടെ അവസാനകാലത്ത് ക്വത്റോക്കിയുടെ കമ്പനിക്ക് ഒരു കരാറും നിരസിക്കപ്പെട്ടില്ല. വളം സംബന്ധിച്ച വിദേശ കരാറുകള്‍ സ്നാംപ്രൊഗെറ്റിയുടെ കുത്തകയായി. സോണിയക്കും രാജീവിനും ഇന്ദിര നല്‍കുന്ന ഫേവറായി ഇതു വിലയിരുത്തപ്പെട്ടു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ ശേഷം സ്വാഭാവികമായും ക്വത്റോക്കിയുടെ സ്വാധീനം വര്‍ധിച്ചു. അന്നു ധനകാര്യമന്ത്രിയായിരുന്ന വി.പി. സിങ്ങിനെ കാണാന്‍ ക്വത്റോക്കി പല തവണ അപ്പോയിന്‍റ്മെന്‍റ് തേടിയെങ്കിലും നിരസിക്കപ്പെട്ടു. ഇതേത്തുടര്‍ന്നു ക്വത്റോക്കിയെ കാണാന്‍ പ്രധാനമന്ത്രി നേരില്‍ ധനമന്ത്രിയോടാവശപ്പെട്ടെന്നും വാര്‍ത്തയുണ്ടായി. ഇതിനിടെ 60 കരാറുകൾ സ്നാംപ്രൊഗെറ്റി സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. 1981ല്‍ ഒമ്പതു പ്ലാന്‍റിനും ഒഎന്‍ജിസി ഗ്യാസ് പൈപ്പ് ലൈനുമുള്ള കരാര്‍; 83ല്‍ നാഷനല്‍ ഫെര്‍ട്ടിലേസേഴ്സ് ലിമിറ്റഡിന്‍റെ മൂന്നു പ്ലാന്‍റ്; 84ല്‍ ഇഫ്കോയുടെ മൂന്നു പ്ലാന്‍റ്; 87ല്‍ കാക്കിനഡയില്‍ നാഗാര്‍ജുന ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിന്‍റെ രണ്ടു പ്ലാന്‍റ്..., സ്നാംപ്രൊഗെറ്റിക്കുവേണ്ടി കരാറുകള്‍ കൊയ്തുകൂട്ടുകയായിരുന്നു ക്വത്റോക്കി.
ഹസിര-ബിജാപുര്‍-ജഗദീശ്പുര്‍ പൈപ്പ് ലൈന്‍ കരാര്‍ ക്വത്റോക്കിക്കു നിഷേധിക്കപ്പെട്ടപ്പോള്‍ നവല്‍ കിഷോര്‍ ശര്‍മയുടെ പെട്രോളിയം മന്ത്രിസ്ഥാനം തെറിച്ചു; ക്യാബിനറ്റ് സെക്രട്ടറി പി.കെ. കൗള്‍ കാലാവധി തീരും മുൻപേ യുഎസ് അംബാസഡറായി 'നാടുകടത്തപ്പെട്ടു'; ഗ്യാസ് അഥോറിറ്റി ഒഫ് ഇന്ത്യ ചെയര്‍മാന്‍ എച്ച്.എസ്. ചീമയുടെ ജോലിയും പോയി.
മാർട്ടിൻ ആർഡ്ബോ
Q ആരെന്നു മനസിലായി, ആരാണ് R?
സ്വീഡിഷ് പൊലീസ് പിടിച്ചെടുത്ത എബി ബൊഫോഴ്സ് എംഡി മാര്‍ട്ടിന്‍ ആര്‍ഡ്ബോയുടെ ഡയറിയിലെ സുപ്രധാന പേജുകള്‍ ചിത്ര സുബ്രഹ്മണ്യത്തിനു ലഭിക്കുന്നതോടെയാണ് പീരങ്കി ഇടപാടില്‍ ക്വത്റോക്കിയുടെ പങ്ക് വ്യക്തമാകുന്നത്. 'ക്യു'വും 'ആറും' തമ്മില്‍ അടുപ്പമുള്ളതിനാല്‍ 'ക്യു'വിന്‍റെ ഇടപെടല്‍ പ്രശ്നമാകാനിടയുണ്ടെന്ന് ആര്‍ഡ്ബോ തന്‍റെ ഡയറിയിലെഴുതി. എഇ സര്‍വീസസിന്‍റെ പണം സ്വിസ് ബാങ്കിലെ ക്വത്റോക്കിയുടെ അക്കൗണ്ടിലാണെത്തിയതെന്നു ചിത്ര സുബ്രഹ്മണ്യം തെളിയിച്ചതോടെ, ക്യു ആരെന്നു വ്യക്തമായി. എന്നാല്‍, ചിത്ര കരസ്ഥമാക്കിയ രേഖകളൊക്കെ കോടതിയില്‍ തള്ളിപ്പോയി. കാരണം, ഒന്നിന്‍റെയും ഒറിജിനല്‍ ഇല്ല, എല്ലാം ഫോട്ടൊസ്റ്റാറ്റ് മാത്രം!
(തുടരും)
ഭാഗം 1: പുകയടങ്ങാത്ത പീരങ്കി
ഭാഗം 2: ഇറ്റാലിയിൽനിന്നൊരു മിസ്റ്ററി മാൻ