

വെറും കൂറകളല്ല, ഒന്നാന്തരം പോരാളികൾ; വിപ്ലവം സൃഷ്ടിച്ച ജെൻ സീ സമരം
നീതു ചന്ദ്രൻ
അലസന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം.... കോക്രോച്ച് ജനതാ പാർട്ടിയുടെ മുദ്രാവാക്യം തന്നെയതാണ്. ആ കൂട്ടത്തിൽ അലസന്മാരെല്ലാം ചേർന്ന് ഇന്ത്യയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു. സകല പാർട്ടികളും അവഗണിച്ച ഒരു വിഷയം ഉന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന, പലരും അസംഭവ്യം എന്നു തന്നെ ഉറച്ചു വിശ്വസിച്ചിരുന്ന ആവശ്യം അവർ യാഥാർഥ്യമാക്കിയിരിക്കുന്നു. സിജെപിയെ നോക്കി വെറും കൂറകൾ എന്ന് അധിക്ഷേപിച്ചവർക്കെല്ലാം കരണം പുകയ്ക്കുന്ന അടി പോലെ കിട്ടിയ ഒന്നാന്തരം മറുപടി.
ഒരു പക്ഷേ ഇതാദ്യമായിരിക്കും ഇന്ത്യയിൽ ഇത്തരത്തിൽ ഒരു സറ്റയർ പാർട്ടി ഗൗരവത്തോടെ രൂപീകരിക്കപ്പെടുന്നത്. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അലസന്മാർക്കു വേണ്ടി അലസന്മാർ തന്നെയുണ്ടാക്കിയ പാർട്ടി. വ്യാജ നിയമബിരുദധാരികളുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദ പരാമർശത്തോടുള്ള വിയോജിപ്പാണ് സിജെപിയുടെ ജനനത്തിന് ഇടയാക്കിയത്. തൊഴിൽരഹിതരായ യുവാക്കൾ മാധ്യമപ്രവർത്തകരും സമൂഹമാധ്യമ പ്രവർത്തകരും ആർടിഐ ആക്റ്റിവിസ്റ്റുകളുമെല്ലാമായി മാറി പാറ്റകളെപ്പോലെ വ്യവസ്ഥിതിയെ ആക്രമിക്കുന്നുവെന്നായിരുന്നു പരാമർശം.
ഇതു വ്യാജ നിയമബിരുദധാരികളെ കുറിച്ചായിരുന്നുവെന്ന് പിന്നീട് ചീഫ് ജസ്റ്റിസ് വിശദീകരണം നൽകി. എന്തു തന്നെയായാലും ഇന്ത്യൻ യുവത്വത്തിന്‍റെ അഭിമാനത്തിന് ക്ഷതമേൽക്കാൻ അതു ധാരാളമായിരുന്നു. യുഎസിൽ പഠനം നടത്തിയിരുന്നു അഭിജീത് ദിപ്കെയാണ് ആ പാറ്റ പരാമർശത്തെ കടമെടുത്ത് കോക്രോച്ച് ജനതാ പാർട്ടി രൂപീകരിച്ചത്. സോഷ്യൽ മീഡിയൽ ആരാധകർ ഏറിയതോടെ ഒരു വെബ്സൈറ്റും ആരംഭിച്ചു. ലക്ഷക്കണക്കിനു പേരാണ് ദിവസങ്ങൾ കൊണ്ടു തന്നെ പാർട്ടിയിൽ അംഗത്വമെടുത്തത്. ഇന്ത്യയിൽ നിലവിലുള്ള സാഹചര്യത്തിൽ യുവത്വം എത്ര മേൽ അസ്വസ്ഥരാണെന്നതിന്‍റെ ഉദാഹരണമായിരുന്നു അത്.
രാജ്യത്തേക്കൊരു വൈറൽ എൻട്രി
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് സിജെപി ആവശ്യപ്പെട്ടപ്പോൾ അതിനെ പരിഹസിച്ചവരാണ് കൂടുതൽ പേരും. യുഎസിൽ ഇരിക്കുന്ന അഭിജീത് ദിപ്കെക്ക് എന്തും പറയാം, ഇന്ത്യയിലുള്ളവർ ഇക്കാര്യവും പറഞ്ഞു പ്രതിഷേധിച്ചാൽ വിവരമറിയും എന്ന് തലമൂത്തവരെല്ലാം ഉപദേശിച്ചു. ആ പറഞ്ഞവരുടെയെല്ലാം വായടപ്പിച്ചു കൊണ്ടാണ് യുഎസ് ഉപേക്ഷിച്ച് ദിപ്കെ ഇന്ത്യയിലെത്തിയത്. സിജെപിയുടെ പ്രശസ്തി വർധിക്കുന്നതിനനുസരിച്ച് അഭിജീത്തിന്‍റെ ഇന്ത്യയിലുള്ള കുടുംബം സങ്കടപ്പെട്ടു കൊണ്ടിരുന്നു. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഭീഷണികൾ കൂടിയെത്തിയതോടെ ആ ഭയം ഒന്നുകൂടി കൂടി. അവൻ രാഷ്ട്രീയം ഒഴിവാക്കണമെന്നാണ് ആഗ്രഹമെന്ന് മാധ്യമങ്ങളോട് ദിപ്കെയുടെ അമ്മ പ്രതികരിച്ചു. പക്ഷേ ദിപ്കെ ഇന്ത്യയിലേക്ക് വരുക തന്നെ ചെയ്തു.
പ്രധാന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പാർലമെന്‍റ് മാർച്ച് പ്രഖ്യാപിച്ചപ്പോൾ, ഏറി വന്നാൽ ഒരു ലാത്തിചാർജിൽ തീരാവുന്ന പ്രതിഷേധം എന്നു വില കുറച്ചു കണ്ടവരെയാണ് ജെൻസീകൾ അമ്പരപ്പിച്ചത്. ആയിരക്കണക്കിന് പേരാണ് മാർച്ചിനു വേണ്ടി ജന്തർ മന്തറിലേക്ക് ഒഴുകിയെത്തിയത്.
ഫിറ്റ് ചെക്ക് ഫോർ പ്രൊട്ടസ്റ്റ്...
സോഷ്യൽമീഡിയ തന്നെയായിരുന്നു അവരുടെ പ്രചാരണായുധം. രാജ്യം ഇതു വരെ കാണാത്ത പുത്തൻ ആശയങ്ങൾ തോന്നും പടിയെല്ലാം ജെൻസീകൾ നടപ്പിലാക്കിക്കൊണ്ടിരുന്നു. മാർച്ചിൽ പങ്കെടുക്കാനെത്തിയവരെ പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ചേർന്ന് ക്രൂരമായി മർദിച്ചു. ഭക്ഷണവും വെള്ളവും കിട്ടാത്ത സാഹചര്യത്തിൽ പോലും പിന്മാറാൻ അവർ തയാറായില്ല. കുട്ടികളെ തല്ലുന്ന വിഡിയോകൾ രാജ്യത്താകമാനം പ്രതിഷേധമുയർത്തി. തികച്ചും ന്യായമായ ആവശ്യത്തിനു വേണ്ടി പ്രതിഷേധിക്കുന്ന കുട്ടികൾ എന്നതു തന്നെയായിരുന്നു സമരത്തെ ശക്തമാക്കി മാറ്റിയത്. ഇൻസ്റ്റഗ്രാമിൽ റീലുകൾ പോസ്റ്റ് ചെയ്ത് ജെൻസീകൾ സമരത്തെ ഒന്നുകൂടി ഉഷാറാക്കി. ഗെറ്റ് റെഡി വിത്ത് മി ഫോർ പ്രൊട്ടസ്റ്റ്, വാട്സ് ഇൻ മൈ ബാഗ് ഫോർ പ്രൊട്ടസ്റ്റ്, ഫിറ്റ് ചെക്ക് ഫോർ പ്രൊട്ടസ്റ്റ് തുടങ്ങി പല തരത്തിലുള്ള റീൽസ് ഇൻസ്റ്റയിൽ വൈറലായി. പ്രതിഷേധത്തിനിടെ നൃത്തം ചെയ്തു, പാട്ടുപാടി, റീൽസ് ഷൂട്ട് ചെയ്തു, മീംസ് ഉണ്ടാക്കി, കാവൽ നിന്നു ക്ഷീണിച്ച പൊലീസുകാരന് വീശിക്കൊടുത്തു, കൈയിലുണ്ടായിരുന്ന കുടിവെള്ളം പങ്കുവച്ചു...
പക്ഷേ, തിരിച്ചു പോകാൻ മാത്രം തയാറായില്ല. ജന്തർ മന്തറിൽ എത്തിയവർ മാത്രമായിരുന്നില്ല സമരത്തിന്‍റെ ശക്തി. നേരിട്ട് എത്താൻ കഴിയാതിരുന്നവർ രാജ്യത്തിന്‍റെ പലയിടങ്ങളിൽ നിന്നായി സമരം ചെയ്യുന്നവർക്കായി ഭക്ഷണവും വെള്ളവും മിഠായികളും ഓർഡർ ചെയ്തു. അതു മാത്രമല്ല പ്രതിപക്ഷ പാർട്ടികളെല്ലാം പിന്തുണയുമായി ഒപ്പം എത്തുകയും ചെയ്തു. അവരവിടെ ചിൽ ചെയ്യുകയാണെന്ന് വിമർശനം ഉയർന്നു, അവർക്ക് വേണ്ടത്ര വിവരം ഇല്ലെന്ന് ആരോപണം ഉയർന്നു. പക്ഷേ അതൊക്കെ അമ്മാവൻമാരുടെ സ്ഥിരം പരിപാടികളാണെന്ന് ജെൻസീകൾക്ക് പ്രത്യേകം ആരും പറഞ്ഞു കൊടുക്കേണ്ടി വന്നില്ലെന്ന് മാത്രം.
നിവൃത്തിയില്ലാതെ മുട്ടുമടക്കി
സാധാരണ രാജ്യത്ത് എന്തു വലിയ പ്രതിഷേധം ഉണ്ടായാലും മൗനത്തിൽ തുടരുന്ന അല്ലെങ്കിൽ നിഷ്പക്ഷരായി തുടരുന്ന സിനിമാ താരങ്ങൾ ഇത്തവണ സമരത്തിന് പ്രത്യക്ഷത്തിൽ പിന്തുണ നൽകിയെന്നതാണ് മറ്റൊരു യാഥാർഥ്യം. അതൊന്നും വെറുതേയായില്ല.. ജന്തർമന്തറിൽ നാൾക്കു നാൾ സമനരാനുകൂലികളുടെ എണ്ണം കൂടികൂടി വന്നു. സോഷ്യൽമീഡിയയിൽ സമരത്തെ അനുകൂലിച്ചു കൊണ്ടുള്ള റീൽസുകൾ കുമിഞ്ഞു കൂടി. രാജ്യദ്രോഹിയെന്ന പട്ടം കിട്ടുമെന്ന പേടിയെല്ലാം ജെൻസീകൾ അപ്പോഴേക്കും കീറിയെറിഞ്ഞിരുന്നു. ഇത്രയധികം കുട്ടികൾ ദേശവിരുദ്ധരെങ്കിൽ പിന്നെയാരാണ് ദേശസ്നേഹികളായി ബാക്കിയുള്ളത്? മൻ കീ ബാത്തിലൂടെ സ്വന്തം അഭിപ്രായം പറയാൻ എത്താറുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവു തെറ്റിച്ച് പാതിരാത്രിയിൽ ഇൻസ്റ്റഗ്രാമിൽ ലൈവുമായെത്തി. അതു തന്നെ മതിയായിരുന്നു കേന്ദ്രം പതറിത്തുടങ്ങിയെന്ന് വ്യക്തമാകാൻ. ഒടുവിൽ അരിച്ചു കയറിയ കൂറകൾക്കു മുന്നിൽ കേന്ദ്രം നിവൃത്തിയില്ലാതെ മുട്ടു മടക്കി.