നെഹ്റുവിന്‍റെ കഥകളി സ്നേഹം

നെഹ്റു കഥകളിയെ വല്ലാതെ സ്നേഹിച്ചിരുന്നു
 Nehru's love of Kathakali

നെഹ്റുവിന്‍റെ കഥകളി സ്നേഹം

Updated on: 

സുധീര്‍ നാഥ്

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്മദിനമാണല്ലോ ഇന്ന്. കേരളത്തിന്‍റെ തനത് കലാരൂപമാണ് കഥകളി. നെഹ്റു കഥകളിയെ വല്ലാതെ സ്നേഹിച്ചിരുന്നു. കഥകളി പ്രിയനായ ആത്മ സുഹൃത്ത് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ സാമീപ്യമായിരിക്കും ഒരുപക്ഷേ നെഹ്റുവിനെ കഥകളിയോട് ആകര്‍ഷിപ്പിച്ചത്. നെഹ്റു കാരണം കഥകളിയില്‍ ഉണ്ടായ പരിഷ്കാരങ്ങള്‍ അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും.

ആദ്യ കാലങ്ങളില്‍ കേരളത്തിലെ ക്ഷേത്ര മുറ്റത്തും പരിസരത്തും നമ്പൂതിരി ജന്മി വീടുകളിലുമാണ് കഥകളി മുഖ്യമായും അവതരിപ്പിച്ചിരുന്നത്. കാണികള്‍ നിലത്തിരുന്ന് കഥകളി വീക്ഷിക്കുകയായിരുന്നു പതിവ്. സമനിരപ്പിലാണ് കഥകളി നടക്കുക. വൈകുന്നേരം മുതല്‍ പിറ്റേന്നു പുലര്‍ച്ചെ വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു ആദ്യ കാലങ്ങളില്‍ കഥകളി. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് കഥകളിയില്‍ വലിയ താത്പര്യമായിരുന്നു. കഥകളി ഡല്‍ഹിയില്‍ ആദ്യമായി അവതരിപ്പിക്കുന്നതിനും സുഹൃത്തായ പ്രധാനമന്ത്രി നെഹ്റുവിനെ കാണിക്കുവാനും ശങ്കര്‍ തീരുമാനിച്ചു.

Prime Minister Jawaharlal Nehru honours renowned Kathakali actor Mankulam Vishnu Namboothiri in Delhi.

പ്രശസ്ത കഥകളി നടന്‍ മാങ്കുളം വിഷ്ണു നമ്പൂതിരിയെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഡല്‍ഹിയില്‍ ആദരിക്കുന്നു.

(File photo).

ഡല്‍ഹിയില്‍ ആദ്യമായി പ്രധാനമന്ത്രി നെഹ്റു അടക്കമുള്ള അതിഥികള്‍ക്കായി കഥകളി സ്റ്റേജിലാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. കഥകളി കാണുന്ന പ്രമുഖര്‍ താഴെ ഒന്നാം നിരയിലെ കസേരയിലായിരുന്നു ഇരുന്നിരുന്നത്. നടന്മാര്‍ കോണകത്തിന് മീതെയാണ് ഉടുത്തുകെട്ടും അതിന് മുകളില്‍ ഞൊറിയും അണിഞ്ഞിരുന്നത്. ഡല്‍ഹിയിലെ സ്റ്റേജുകളില്‍ കഥകളി കലാകാരന്മാര്‍ നിറഞ്ഞാടിയപ്പോള്‍ സ്റ്റേജിന് താഴെയിരുന്ന, വിശേഷിച്ച് ഒന്നാം നിരയില്‍ ഇരുന്നിരുന്ന പ്രധാനികള്‍ക്ക് കഥകളി നടന്‍മാരുടെ കോണകം വരെ കാണുമായിരുന്നു. ഇത് അരോചകമായി അനുഭവപ്പെട്ട ശങ്കര്‍ കഥകളി കലാകാരന്‍മാരോട് കാലുകള്‍ മുട്ടുവരെയെങ്കിലും മറയ്ക്കുന്ന പൈജാമ ധരിക്കാന്‍ ആവശ്യപ്പെട്ടു. ശങ്കറിന്‍റെ നിര്‍ദേശം കഥകളി കലാകാരന്മാര്‍ സ്വീകരിക്കില്ലായിരുന്നു. ഇപ്പോള്‍ എല്ലാ കഥകളി കലാകാരന്‍മാരും പൈജാമ ധരിക്കുന്നത് വേഷത്തിന്‍റെ ഭാഗമായി കാണുന്നു. നെഹ്റുവിനു വേണ്ടി ശങ്കര്‍ വരുത്തിയതത്രെ ഈ പരിഷ്കാരം.

ശങ്കര്‍ നെഹ്റുവിനു വേണ്ടി കൊണ്ടു വന്ന മറ്റൊരു പരിഷ്കാരമുണ്ട്. കഥയറിഞ്ഞ് ആട്ടം കാണണമെന്ന് ഒരു ചൊല്ലു തന്നെയുണ്ട്. അവതരിപ്പിക്കുന്ന കഥ പലപ്പോഴും പലരും അറിഞ്ഞല്ല കഥകളി കാണുന്നത്. അത് ഒഴിവാക്കാന്‍ കഥകളി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ കഥ വേദിയുടെ ഒരു വശത്ത് എഴുതി കാണിക്കുന്ന രീതി ശങ്കര്‍ ആദ്യമായി ഡല്‍ഹിയില്‍ അവതരിപ്പിച്ചു. നെഹ്റുവിന് വേണ്ടിയായിരുന്നു ഇത്. എല്‍ഇഡി സ്ക്രീനില്‍ കഥകളിയുടെ കഥ കാണിക്കുന്ന രീതി ഇന്ന് പിന്തുടരുന്നു. ഒരു രാത്രി മുഴുവന്‍ നീണ്ടു നിന്നിരുന്ന കഥകളി ഏതാനും മണിക്കൂറില്‍ അവതരിപ്പിക്കുക എന്നത് ശങ്കര്‍ നെഹ്റുവിനായി നടപ്പിലാക്കിയ മറ്റൊരു പരിഷ്കാരമാണ്. കഥകളി ഇഷ്ടപ്പെടുകയും കുറച്ച് മണിക്കൂറുകള്‍ മാത്രം അതിനായി ചെലവിടുന്നതിനും തയാറാകുന്നവരെ ഉദ്ദേശിച്ചാണ് ശങ്കര്‍ അങ്ങിനെ ഒരു പരിഷ്കാരം വരുത്തിയത്.

കഥകളി രാത്രിയില്‍ മഞ്ഞ വെളിച്ചത്തില്‍ (വിളക്കിന്‍റെ വെട്ടത്തില്‍) കാണിക്കുന്ന രീതി പിന്തുടര്‍ന്നു. ആദ്യകാലത്ത് വൈദ്യുതി ഇല്ലാതിരുന്ന കാലത്തായിരുന്നു കഥകളി പ്രചാരത്തിലെത്തിയത്. പക്ഷേ കഥകളി പകല്‍ വെട്ടത്തില്‍ കൊണ്ടു വന്നത് നെഹ്റുവിന്‍റെ നിര്‍ദേശപ്രകാരം കാര്‍ട്ടൂണിസ്റ്റ് ശങ്കറാണ്. 1952ല്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ നെഹ്റു ആവശ്യപ്പെട്ട പ്രകാരമാണ് ശങ്കര്‍ ഫ്ലോട്ടില്‍ കഥകളി അവതരിപ്പിച്ചത്. ഡല്‍ഹിയിലെ രാജ്പഥില്‍ കേരളത്തിന്‍റെ ഫ്ലോട്ടില്‍ പകല്‍ വെട്ടത്തില്‍ കഥകളിയും ഉണ്ടായിരുന്നു. ഇപ്പോള്‍ കഥകളി അവതരിപ്പിക്കാൻ പ്രത്യേക സമയ നിബന്ധനകളില്ല. അങ്ങിനെ നമ്മുടെ കഥകളി പരിഷ്കാരത്തില്‍ നെഹ്റുവിന് വലിയ പങ്കുണ്ട്.