അവസാനമില്ലാതെ അഭയാർഥിജീവിതം | പരമ്പര-5

മലക്കപ്പാറയിലെ വീരൻകുടി ആദിവാസിക്കോളനിയിലെ ജീവിതത്തെക്കുറിച്ച് തയാറാക്കിയ പരമ്പര, അപായച്ചൂരൊഴിയാത്ത ഊര്- അവസാന ഭാഗം
മലക്കപ്പാറ വീരൻ കുടി ആദിവാസി കോളനിയിലെ മൺവീടുകളിലൊന്ന്.
മലക്കപ്പാറ വീരൻ കുടി ആദിവാസി കോളനിയിലെ മൺവീടുകളിലൊന്ന്.ആഷിൻ പോൾ
കമലമ്മയ്ക്ക് സ്വന്തമായി ആധാർ കാർഡുണ്ട്. പക്ഷേ, ഇതു വരെ ക്ഷേമ പെൻഷൻ ലഭിച്ചിട്ടില്ല. ഈ കേറ്റം മുഴുവൻ കേറുന്നത് വല്യ ബുദ്ധിമുട്ടാണെന്ന് കമലമ്മയും പറയുന്നു.

നീതു ചന്ദ്രൻ

വീരൻകുടിയിൽ നിന്ന് യാത്ര തിരിക്കുന്നതിനു തൊട്ടു മുൻപാണ് കോളനിയിലെ ഏറ്റവും മുതിർന്ന ആളായ കമലമ്മയുടെ വീട്ടുമുറ്റത്തെത്തിയത്. ഒരു ചായപ്പൊടി വാങ്ങാൻ പോലും നിവൃത്തിയില്ലെന്ന് പഴകിയ സാരി കൊണ്ട് മറ തീർത്ത വീടിനു മുൻപിൽ നിന്ന് കമലമ്മപ്പാട്ടി പറഞ്ഞു. കമലമ്മയ്ക്ക് സ്വന്തമായി ആധാർ കാർഡുണ്ട്. പക്ഷേ, ഇതു വരെ ക്ഷേമ പെൻഷൻ ലഭിച്ചിട്ടില്ല. ഈ കേറ്റം മുഴുവൻ കേറുന്നത് വല്യ ബുദ്ധിമുട്ടാണെന്ന് കമലമ്മയും പറയുന്നു.

മലക്കപ്പാറി വീരൻകുടി കോളനിയിലെ ഏറ്റവും മുതിർന്ന അംഗം കമലമ്മ പാട്ടി.
മലക്കപ്പാറി വീരൻകുടി കോളനിയിലെ ഏറ്റവും മുതിർന്ന അംഗം കമലമ്മ പാട്ടി.ആഷിൻ പോൾ
ഇടമലയാർ റേഞ്ചിൽ വനാവകാശ നിയമ പ്രകാരമാണ് വീരൻകുടി കോളനിയിലുള്ളവർക്ക് ഇപ്പോഴുള്ള ഭൂമി നൽകിയിരിക്കുന്നത്. ഇനി വേറെ ഭൂമി കണ്ടെത്തി അവരെ ഇവിടെനിന്നു മാറ്റിപ്പാർപ്പിക്കണമെങ്കിൽ കേന്ദ്ര വനം വകുപ്പ് ഇവരുടെ ഇപ്പോഴുള്ള ഭൂമി റിസർവ് വനമാക്കി മാറ്റിയാലേ സാധിക്കൂ.

കേരളത്തിലെ പുനരധിവാസ ചരിത്രം

ഇടമലയാർ റേഞ്ചിൽ വനാവകാശ നിയമ പ്രകാരമാണ് വീരൻകുടി കോളനിയിലുള്ളവർക്ക് ഇപ്പോഴുള്ള ഭൂമി നൽകിയിരിക്കുന്നത്. ഇനി വേറെ ഭൂമി കണ്ടെത്തി അവരെ ഇവിടെനിന്നു മാറ്റിപ്പാർപ്പിക്കണമെങ്കിൽ കേന്ദ്ര വനം വകുപ്പ് ഇവരുടെ ഇപ്പോഴുള്ള ഭൂമി റിസർവ് വനമാക്കി മാറ്റിയാലേ സാധിക്കൂ.

അത്തരം നടപടിക്രമങ്ങൾ കേരളത്തിൽ ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെന്ന് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് അഡ്വക്കറ്റ് വിജു വാഴക്കാല പറയുന്നു. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ മന്ത്രിസഭാ യോഗം വഴി തീരുമാനമെടുക്കാം. വീരൻകുടിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കാതെ മാർഗമില്ലെന്നും വിജു.

ലാൻഡ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം എന്നിവ പ്രകാരമാണ് പട്ടിക വർഗക്കാർക്ക് ഭൂമി വിതരണം ചെയ്യുന്നത്. 2021-22 സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം, ലാൻ‌ഡ് ബാങ്ക് പദ്ധതിക്കു കീഴിൽ വയനാട് ജില്ലയിൽ 53 ഗുണഭോക്താക്കൾക്ക് 6.17 ഏക്കർ ഭൂമി വിതരണം ചെയ്തിട്ടുണ്ട്. വനാവകാശ നിയമം പ്രകാരം 362 പേർക്ക് 406.66 ഏക്കർ ഭൂമിയും വിതരണം ചെയ്തിട്ടുണ്ട്.

റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ശബരിമല വനം ഉൾപ്പെടുന്ന ളാഹ - മഞ്ഞത്തോട്, ചാലക്കയം, പ്ലാന്തോട്, അട്ടത്തോട് - നിലയ്ക്കൽ, പ്ലാപ്പള്ളി തുടങ്ങിയവിടങ്ങളിൽ താമസിച്ചിരുന്ന മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട 32 ആദിവാസി കുടുംബങ്ങൾ നാലു വർഷം മുൻപ് രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലേക്ക് താമസം മാറിയിരുന്നു. പിന്നീട് 2022ൽ ആദ്യഘട്ടത്തിൽ ഇതിൽ 20 കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി വീതം വനാവകാശ നിയമം പ്രകാരം നൽകി.

ഇതിൽ നിന്നും തീർത്തും വിഭിന്നമായ അനുഭവമാണ് തൃശൂർ ജില്ലയിലെ ഒളകര ആദിവാസിക്കോളനിയിലുള്ളവർക്കുള്ളത്. കോളനിയിലുള്ളവരെ താമസക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ശ്രമവും പാതി വഴിയിലാണ്. ആദിവാസികൾക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട സർവേ നടത്തിയിരുന്നു. എന്നാൽ 2.54 ഹെക്റ്ററിനു പുറത്തുള്ള ഭൂമിയിലെ സർവേ നടത്തുന്നതിന് സാങ്കേതിക തടസം ഉണ്ടായതോടെ സർവേ അവസാനിപ്പിച്ചു. കൈവശമുള്ള ഭൂമിയിൽ മാത്രമേ സർവേ നടത്താൻ സാധിക്കൂ. അതിൽ കൂടുതൽ ഭൂമി കോളനിക്കാർ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിനു കാരണമെന്നാണ് വനംവകുപ്പ് പറയുന്നത്. ഒളകരയിൽ ഇപ്പോഴും ഭൂപ്രശ്നം തുടരുകയാണ്.

വീരൻകുടിയിലുള്ളവരുടെ പുരനധിവാസവുമായി ബന്ധപ്പെട്ട ആലോചനാ യോഗങ്ങൾ നടക്കുന്നുണ്ട്. നടപടികൾ ആരംഭിച്ചിട്ടില്ല. മറ്റൊരിടം കണ്ടെത്തി മാറ്റിപ്പാർപ്പിക്കേണ്ടതിനാൽ പുരനധിവാസത്തിന് സമയമെടുക്കും.
അഡ്വ. ആതിര ദേവരാജൻ, അതിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ്
വീരൻകുടിയിലുള്ളവരുടെ പുരനധിവാസം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ എംഎൽഎ സനീഷ് കുമാർ ഇടപെട്ടിട്ടുണ്ട്. നടപടി ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷ.
ജയരാജൻ ,കോൺഗ്രസ് നേതാവ്
സ്വന്തം വീട്ടിൽ നിന്ന് പഠനം തുടരാനുള്ള സാഹചര്യം വീരൻകുടിയിലുള്ളവർക്കും വേണം. മറ്റു കുട്ടികൾക്കും ലഭിക്കുന്ന അതേ അവകാശങ്ങൾ കോളനിയിലെ കുട്ടികൾക്കും ലഭിക്കണം. കുറച്ചു കൂടി സുരക്ഷിതമായ സമതലഭൂമിയിൽ പുനരധിവാസം സാധ്യമാക്കിയെങ്കിൽ മാത്രമേ ആദിവാസിക്കുടിയിലുള്ളവരുടെ സാമൂഹ്യ വിദ്യാഭ്യാസ ചുറ്റുപാടുകൾ മെച്ചപ്പെടുകയുള്ളൂ.
സജീവ് പള്ളത്ത് , ബിജെപി കൊരട്ടി മണ്ഡലം പ്രസിഡന്‍റ്

അറുതിയില്ലാത്ത ദുരിത പാത

ഒരു ദിവസം നീണ്ട യാത്രയ്ക്കൊടുവിൽ വീരൻകുടിയിൽ നിന്ന് അരേക്കാപ്പും കടന്ന് മലക്കപ്പാറയിലേക്ക് ഞങ്ങൾ തിരിച്ചു കയറുമ്പോൾ, വീടെത്താനുള്ള തിരക്കിൽ വീരൻകുടിയിലും അരേക്കാപ്പിലുമുള്ളവർ തിടുക്കപ്പെട്ടു കാടിറങ്ങുന്നുണ്ടായിരുന്നു... ഇനിയെത്ര കാലം, എത്ര തവ‍ണ കയറിയിറങ്ങിയാൽ ഈ ദുരിതപാതയ്ക്ക് അറുതിയുണ്ടാകുമെന്ന ചിന്ത അവരുടെ നിരാശ നിറഞ്ഞ നോട്ടങ്ങൾക്കൊപ്പം കാടിറങ്ങിപ്പൊയ്ക്കൊണ്ടിരുന്നു....

(അവസാനിച്ചു)

Trending

No stories found.

Latest News

No stories found.