നീതു ചന്ദ്രൻ
നവാഗത്തിൽ എത്തിയപ്പോഴേക്കും പുലരിയുടെ തണുപ്പ് പൂർണമായി വിട്ടകന്നിരുന്നു. തെളിഞ്ഞ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന വിന്ധ്യ ശൈലം... താഴെ അഗാധതയിൽ മയങ്ങുന്ന പവിത്രശിലകളെ തഴുകി ഇളം നീല നിറം പൂണ്ടൊഴുകുന്ന നർമദ, ഞങ്ങൾക്കു മേലേ ആകാശനീലിമയിൽ ലയിച്ച് ഉയർന്നു നിൽക്കുന്ന സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ ഏകതാ പ്രതിമ.
ഏകതാ നഗറിലേക്കുള്ള യാത്രയിൽ കിലോമീറ്ററുകൾക്കു മുൻപേ കാണാം വിന്ധ്യ- സത്പുര പർവത നിരകളുടെ പശ്ചാത്തലത്തിൽ തലയുയർത്തി നിൽക്കുന്ന "ഉരുക്കു മനുഷ്യൻ' സർദാർ പട്ടേലിനെ. 597 അടി ഉയരമുള്ള, ലോകത്തെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമ. ലോകത്തിന്‍റെ നെറുകയിലേക്ക് ഇന്ത്യയുടെ പേര് ഒരിക്കൽ കൂടി എഴുതിച്ചേർത്ത ലോഹ വിസ്മയം. നിർമാണം തുടങ്ങിയ കാലം മുതൽ ഗുജറാത്തിന്‍റെ തലപ്പാവിലെ സ്വർണത്തൂവലായി മാറിയ സ്റ്റാച്യു ഒഫ് യൂണിറ്റി. "ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന് മലയാളമടക്കം ഇന്ത്യയിലെ പല ഭാഷകളിൽ എഴുതി വച്ച മതിലിനരികിൽ എത്തിയപ്പോഴേക്കും വെയിലുറച്ചു തുടങ്ങിയിരുന്നു. രാജ്യത്തെ ഒന്നര ലക്ഷത്തോളം ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണിൽ പടുത്തുയർത്തിയ, ചരിത്രവും സംസ്കാരവുമുറങ്ങുന്ന മതിൽ. അതിനു മുന്നിലുമുണ്ട് സഞ്ചാരികളുടെ വലിയൊരു കൂട്ടം.
സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് മുന്നോട്ടു നടന്നപ്പോഴേക്കും, ഒപ്പമുണ്ടായിരുന്ന ഗൈഡ് ജൂലി പാണ്ഡ്യ പെട്ടെന്ന് ഇംഗ്ലീഷിൽ നിന്ന് നേരെ സംസ്കൃതത്തിലേക്ക് പരകായ പ്രവേശം നടത്തിയിരുന്നു. ഏകതാ നഗറിലെത്തുന്ന അതിഥികൾക്കുള്ള ആചാരപരമായ വരവേൽപ്പ്. രണ്ടോ മൂന്നോ വാചകങ്ങൾക്കപ്പുറം ജൂലി വീണ്ടും തെളിച്ചമുള്ള ഇംഗ്ലീഷിലേക്ക് തിരിച്ചെത്തി. സഞ്ചാരികൾക്കു വേണ്ടി തയാറായിക്കിടക്കുന്ന ഗോൾഫ് കാറുകളിലാണ് ഇനിയുള്ള യാത്ര. നർമദ നദീതടത്തിലേക്ക് നീണ്ടു കിടക്കുന്ന പാലത്തിലൂടെ, ലോകത്തെ മുഴുവൻ അമ്പരപ്പിച്ച സർദാർ പട്ടേലിന്‍റെ കൂറ്റൻ പ്രതിമയ്ക്കരികിലേക്ക്. നദീതടത്തിലേക്കിറങ്ങി ഉയർന്നു നിന്നിരുന്ന സാധു ബെറ്റ് തുരുത്തിൽ 182 മീറ്റർ ഉയരത്തിൽ നിർമിച്ച ഏകതാ പ്രതിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പക്ഷേ, അതേ പടുകൂറ്റൻ പ്രതിമ നൽകുന്ന തണലിൽ ജീവിതം കരുപ്പിടിപ്പിക്കുന്നവർ അനവധിയാണ്. പട്ടേലിന്‍റെ പൂർണകായ പ്രതിമയ്ക്കു ചുറ്റും വിനോദസഞ്ചാരത്തെ പടിപടിയായി വികസിപ്പിച്ചെടുക്കുന്നതിന്‍റെ തിരക്കിലാണിപ്പോഴും ഏകതാ നഗർ.
കൂറ്റൻ പ്രതിമയ്ക്കു കീഴിൽ നിന്ന് സെൽഫി എടുക്കുന്നവർക്കിടയിലൂടെ ഗോൾഫ് കാർ പതിയെ നീങ്ങിക്കൊണ്ടിരുന്നു. പട്ടേലിന്‍റെ കാൽപ്പാദങ്ങൾക്കു താഴെയാണ് ഞങ്ങൾ. നോക്കിയാൽ മുഖം വ്യക്തമായി കാണാനാവാത്ത വിധം ഉയർന്നു നിൽക്കുന്ന പ്രതിമ. പ്രതിമയുടെ മുഖത്തിന്‍റെ മാത്രം വ്യക്തമായൊരു പകർപ്പ് ആദ്യ മുറിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത്രയും ഉയർന്നു നിൽക്കുന്ന ആ മുഖം വ്യക്തമായി കാണാനാണീ പകർപ്പെന്ന് ജൂലിയുടെ വിശദീകരണം. തൊലിപ്പുറത്തുള്ള കുഞ്ഞ് ചുളിവുകളും ഉരുക്കു മനുഷ്യന്‍റെ മുഖ ഗാംഭീര്യവും അത്രയും വ്യക്തമായി പകർത്തിവച്ചിരിക്കുന്നു. പ്രതിമ നിർമിക്കാൻ തുടങ്ങിയ കാലം മുതലുള്ള ചരിത്രമുണ്ട് ആ കെട്ടിടത്തിന്‍റെ ഓരോ നിലകളിലും. ലോകത്തെ ഏറ്റവും വലിയ പ്രതിമയെന്ന ആശയം ഉയർന്ന കാലം മുതലുള്ള ചരിത്രത്തിന്‍റെ ഓരോ താളുകളും സഞ്ചാരികൾക്കായി സൂക്ഷിച്ചു വച്ചിരിക്കുന്നു.
ചാരനിറം വാരിപ്പൂശിയ പ്രതിമ. കാൽവിരൽത്തുമ്പിലെ വെട്ടി വൃത്തിയാക്കിയ നഖങ്ങളിൽ പോലും ജീവൻ തുടിക്കുന്നു. വലംകാൽ അൽപ്പം മടങ്ങി, നടക്കാനൊരുങ്ങുന്ന മട്ടിലാണ് പട്ടേൽ. സ്വാഭാവികമായി ഞൊറിവുകൾ വീണു കിടക്കുന്ന ധോത്തി, വസ്ത്രത്തിനു മേൽ പുതച്ചിരിക്കുന്ന മേൽമുണ്ടിലെ ചുളിവുകൾ, ആഴമുള്ള നോട്ടം.... ഉയരം കൊണ്ടു മാത്രമല്ല നിപുണത കൊണ്ടും ഏറെ മുകളിലാണ് പട്ടേൽ പ്രതിമ. ഒരേ സമയം വിനയാന്വിതനും ലാളിത്യത്തിന്‍റെ പ്രതീകവും അതേസമയം ഗാംഭീര്യവും പ്രൗഢിയും തുളുമ്പുന്ന വിധത്തിലുള്ള പ്രതിമയ്ക്കു പിന്നിൽ രാം വൻജി സുതാർ എന്ന ശിൽപ്പിയുടെ അതുല്യമായ സർഗാത്മകയുണ്ട്; പദ്മ പുരസ്കാരങ്ങൾക്ക് അദ്ദേഹത്തെ അർഹനാക്കും വിധമുള്ള നൈപുണ്യം.
കാർഷികോപകരണങ്ങൾ ഉരുക്കിയൊഴിച്ച്, രാജ്യം മുഴുവനുമുള്ള കർഷകരിൽ നിന്ന് സംഭാവനയായി ശേഖരിച്ച ഇരുമ്പ് ഉപയോഗിച്ചാണ് പ്രതിമ നിർമിച്ചു തുടങ്ങിയത്. കർഷകൻ ആദ്യമായി സംഭാവന ചെയ്ത ഇരുമ്പുകൂടം ഇപ്പോഴും ഒരു ചില്ലുകൂട്ടിൽ സൂക്ഷിച്ചു വച്ചിരിക്കുന്നു. കർഷകരുടെ ലോഹ ക്യാംപെയ്നിന്‍റെ ഓർമപ്പെടുത്തലെന്നപോലെ, കൊത്തിയും മഴുവും ചങ്ങലയും കത്തികളുമെല്ലാം ചേർത്ത് പട്ടേലിന്‍റെ പ്രതിമയുടെ ചെറുതല്ലാത്ത ഒരു രൂപരേഖയും ഉണ്ടാക്കിയിട്ടുണ്ട്. കോംപ്ലക്സിനകത്തേക്കു ചെന്നാൽ രണ്ടു വലിയ തൂണുകൾ കാണാം. പട്ടേലിന്‍റെ കാലുകളാണവയെന്ന് ജൂലി. ഒരു നില കൂടി മുകളിലെത്തുമ്പോഴേക്കും പട്ടേലിന്‍റെ പൂർണകായ പ്രതിമയുടെ താഴേക്കെത്തി.
5 സോണുകളായാണ് പട്ടേലിന്‍റെ പ്രതിമയെ വിഭജിച്ചിരിക്കുന്നത്. ഇതിൽ മൂന്നു സോണുകൾ വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാനാകും വിധമാണ് രൂപകൽപ്പന. ആദ്യ സോണിൽ മൂന്നു നിലകളിലായുള്ള എക്സിബിഷൻ ഏരിയയും, പ്രതിമയുടെ ചരിത്രമടക്കമുള്ള മ്യൂസിയവും, പിന്നെ മട്ടുപ്പാവും. പട്ടേലിനെക്കുറിച്ചുള്ള 15 മിനിറ്റ് വീഡിയോ പ്രദർശിപ്പിക്കാനുള്ള ഒരു ഓഡിയോ- വിഷ്വൽ ഗ്യാലറി അടങ്ങുന്നതാണ് ഒന്നാമത്ത സോൺ. സംസ്ഥാനത്തെ ഗോത്ര സംസ്കാരത്തക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. പട്ടേലിന്‍റെ തുട വരെയുള്ള ഭാഗമാണ് രണ്ടാമത്തെ സോണിൽ ഉൾപ്പെടുന്നത്. മൂന്നാമത്തെ സോൺ 153 മീറ്റർ ഉയരത്തിൽ സർദാർ സരോവർ അണക്കെട്ടും നർമദയും അടക്കമുള്ള മനോഹര ദൃശ്യങ്ങളിലേക്കു മിഴി തുറക്കുന്ന പട്ടേലിന്‍റെ നെഞ്ച് ഭാഗത്തിനുള്ളിലായി വരുന്ന വ്യൂവിങ് പോയിന്‍റ്. നാലാമത്തെ സോൺ അറ്റകുറ്റപ്പണികൾക്കുള്ളതാണ്. അഞ്ചാമത്തെ സോൺ തോളുകളും ശിരസും. എലിവേറ്ററിൽ ഓരോ സോണിലൂടെയും കടന്നു പോകുന്നതിനിടെ, മുഖത്തു ഘടിപ്പിച്ചു വച്ച ചെറു മൈക്കിലൂടെ ജൂലി നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു.
പ്രമുഖ കമ്പനിയായ എൽ ആൻഡ് ടി 33 മാസങ്ങളോളമെടുത്താണ് പ്രതിമ നിർമിച്ചത്. 3,300 പേരുടെ കഠിനാധ്വാനത്തിന്‍റെ ഫലമായാണ് ലോകത്തിന്‍റെ നെറുകയിലേക്ക് പട്ടേൽ പ്രതിമ ഉയർത്തിയത്. 18,500 ടൺ ഉറപ്പിച്ച ഉരുക്കും 6,500 ടൺ സ്റ്റീലും 1,700 ടൺ വെങ്കലവും 1,850 ടൺ വെങ്കല ക്ലാഡിങ്ങും പിന്നെ സിമന്‍റും കോൺക്രീറ്റും ഉപയോഗിച്ചാണ് പ്രതിമ പൂർത്തിയാക്കിയത്. 3,000 കോടി രൂപ ചെലവഴിച്ച് നിർമിച്ച പ്രതിമയുടെ ഡിസൈനിങ്ങിനു മാത്രം 13 മാസമെടുത്തു. 2013 ഒക്റ്റോബർ മുതൽ 2014 ജനുവരി വരെയാണ് കർഷകരിൽ നിന്ന് ആയുധങ്ങൾ ശേഖരിച്ചത്. 2010ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രഖ്യാപിച്ച ആശയം യാഥാർഥ്യമായത് 2018ലാണ്; പട്ടേലിന്‍റെ 143ാം ജന്മവാർഷിക ദിനത്തിൽ. ചൈനയിലെ 502 അടി ഉയരമുള്ള ബുദ്ധ പ്രതിമയെയും യുഎസിലെ അതിപ്രശസ്തമായ 305 അടി ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടിയെയും പിന്നിലാക്കിക്കൊണ്ട് അങ്ങനെ ഇന്ത്യയുടെ ഏകതാ പ്രതിമ ഉയർന്നു നിന്നു.
അത്രയും ഗൗരവമായാണ് ഗുജറാത്ത് ഏകതാ പ്രതിമയെ കൈകാര്യം ചെയ്യുന്നത്. പ്രതിമയോടു ചേർന്ന് നിരവധി വിനോദസഞ്ചാര മേഖലകൾ നിർമിച്ചെടുക്കുന്നതു മുതലുള്ള അനേകം പ്രവർത്തനങ്ങൾ ഇപ്പോഴും സജീവമാണ്. സർദാർ സരോവർ അണക്കെട്ട് അടങ്ങുന്നതാണ് പ്രദേശത്തെ വിനോദ സഞ്ചാര ആകർഷണങ്ങൾ. ഏകതാ പ്രതിമയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന വിനോദസഞ്ചാരത്തെയും കൈകാര്യം ചെയ്യുന്നതിനായി മാത്രം ഒരു അഥോറിറ്റി തന്നെ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. സ്റ്റാച്യു ഓഫ് യൂണിറ്റി ഏരിയ ഡവലപ്മെന്‍റ് ആൻഡ് ടൂറിസം ഗവേണൻസ് അഥോറിറ്റി. ഏകതാ നഗറിലാണ് അഥോറിറ്റിയുടെ ഹെഡ് ക്വാർട്ടേഴ്സ്. കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ ഉലയാത്ത രീതിയിലാണ് പട്ടേൽ പ്രതിമ നിർമിക്കപ്പെട്ടിട്ടുള്ളത്.
""സ്വാഭാവികമായ ഓക്സിഡേഷൻ പ്രക്രിയ മൂലം പട്ടേൽ പ്രതിമയിലും പച്ച നിറം രൂപപ്പെട്ടേക്കാം. പക്ഷേ, ഭാഗ്യവശാൽ പ്രതിമ നിർമിച്ചിരിക്കുന്നത് പവിത്രമായ നർമദാ തീരത്താണ്. നർമദയിലെ ജലം ശുദ്ധമാണ്, മാധുര്യമേറിയതാണ്. അതുകൊണ്ട് തന്നെ പട്ടേൽ പ്രതിമയിൽ സ്വാഭാവികമായ ഓക്സിഡേഷൻ പൂർത്തിയായി പച്ച നിറമുണ്ടാകാൻ നൂറു വർഷമെങ്കിലും എടുക്കും'', പട്ടേലിന്‍റെ കാൽ വിരലുകൾക്ക് താഴെ നിന്ന് ജൂലി പറഞ്ഞു നിർത്തി.
നർമദയുടെ മറുകരയിൽ അടുക്കി വച്ച സ്റ്റാച്യു ഓഫ് യൂണിറ്റിയെന്ന പേര് പച്ചപ്പിനെയും കടന്ന് തെളിഞ്ഞു വരുന്നു. കത്തുന്ന വെയിലിലും ആശ്വാസമെന്ന പോലെ നർമദയിൽ നിന്നുള്ള തണുപ്പുള്ള കാറ്റ്. തിരിച്ചിറങ്ങുമ്പോഴും പട്ടേലിന്‍റെ പ്രതിമയിലേക്ക് ആകാവുന്നത്ര കണ്ണെത്തിച്ച് നോക്കി നിൽക്കുന്നവരുടെ നിര ഒഴിഞ്ഞിരുന്നില്ല. ഒരു രാജ്യത്തിന്‍റെ സ്വാതന്ത്യത്തിലേക്കുള്ള മഹാപ്രയാണത്തിന്‍റെ ചരിത്രം മുഴുവൻ നിറച്ചെന്ന പോലെ പട്ടേലിന്‍റെ മിഴികൾ അനന്തതയിലേക്ക് നീളുന്നു....
പിങ്ക് നിറമുള്ള ഇ- ടാക്സിയാണ് ഏകതാ നഗറിലെ മറ്റൊരു പ്രത്യേകത. അവയുടെയെല്ലാം സാരഥികൾ ഒരുകാലത്ത് സ്വയം ഉള്ളിലേക്ക് ചുരുങ്ങി ജീവിച്ചിരുന്ന പ്രാദേശിക ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള മിടുക്കികളും. ഗോത്ര മേഖലയിലെ സ്ത്രീകളുടെ ഉന്നമനമാണ് ഏകതാ നഗറിലെ എടുത്തു പറയേണ്ട നേട്ടം. പ്രതിമ കാണാനെത്തുന്ന സന്ദർശകരുടെ യാത്ര എളുപ്പമാകുന്നതിനായി 50 ഇ- റിക്ഷകളാണ് പ്രദേശത്തായി അഥോറിറ്റി ഏർപ്പാടാക്കിയിരിക്കുന്നത്.
ഇവയുടെയെല്ലാം ഡ്രൈവർമാർ പ്രാദേശിക ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളാണ്. ഒരു കാലത്ത് പുറത്തിറങ്ങാനോ അപരിചിതരോട് രണ്ട് വാക്ക് സംസാരിക്കാനോ പോലും മടിച്ചിരുന്നവർ ഇന്ന് ജനങ്ങളുമായി ആശങ്കയില്ലാതെ ഇടപെടുന്നതിലേക്ക് മാറിയത് വലിയൊരു സാമൂഹിക മുന്നേറ്റം തന്നെയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഏരിയ ഡെവലപ്മെന്‍റ് ആൻഡ് ടൂറിസം ഗവർണൻസ് അഥോറിറ്റി സിഇഒ ഉദിത് അഗർവാൾ പറയുന്നു. ഇലക്‌ട്രിക് റിക്ഷകളായതിനാൽ വായുമലിനീകരണവും ഇല്ല.
കെവാഡിയ ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് വെഹിക്കിൾ നഗരമാണ്. സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് അഥോറിറ്റി ഇലക്‌ട്രിക് റിക്ഷകളുടെ പ്രോജക്റ്റ് യാഥാർഥ്യമാക്കിയത്. ഇത്തരത്തിൽ പൂർണമായും സൗജന്യമായി നൽകിയ പരിശീലനത്തിനൊടുവിൽ 45 സ്ത്രീകൾ ലൈസൻസ് നേടി.
"ജലം, പ്രകൃതി, നാനാത്വത്തിൽ ഏകത്വം എന്നീ മൂന്ന് ആശയങ്ങളിൽ ഊന്നി വിവിധ പദ്ധതികൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ് അഥോറിറ്റി. ബോൺസായ് ഗാർഡൻ, വാട്ടർ തീം പാർക്ക് എന്നിവയെല്ലാം അതിൽ ഉൾപ്പെടുത്തും. ഏകതാ പ്രതിമ നിർമിച്ചതിനു മുൻ പും ശേഷവുമായി ഏകതാ നഗറിലെ സാമ്പത്തിക മേഖലയിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഗോത്ര മേഖലയിൽ നിന്നുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക മേഖലകളിലുള്ള മുന്നേറ്റം എടുത്തു പറയേണ്ടതാണ്''.
ഉദിത് അഗർവാൾ
ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ,
സ്റ്റാച്യു ഓഫ് യൂണിറ്റി ഏരിയ
ഡവലപ്മെന്‍റ് ആൻഡ് ടൂറിസം
ഗവേർണൻസ് അഥോറിറ്റി