ചെന്നായ്ക്കൾ ഇറങ്ങുന്ന അതിർത്തി ഗ്രാമം|ഗുജറാത്ത് ചാപ്റ്റർ-3
നീതു ചന്ദ്രൻ
കടുകും പരുത്തിയും പൂത്തു നിൽക്കുന്ന പാടങ്ങൾക്കു നടുവിലൂടെയായിരുന്നു യാത്ര... ഏക്കറുകളോളം പരന്നു കിടക്കുന്ന കടുകുപൂക്കളുടെ ഇളംമഞ്ഞ, ഇടയ്ക്കിടെ കടുത്ത പച്ചപ്പോടെ തെളിയുന്ന ആവണക്കിൻ പാടം... അഹമ്മദാബാദിൽ നിന്ന് അതിരാവിലെ ആരംഭിച്ച യാത്ര മൊഠേരയും കടന്ന് ലക്ഷ്യത്തിലെത്തിയപ്പോഴേക്കും പോക്കുവെയിൽ വീണു തുടങ്ങിയിരുന്നു. ഞങ്ങൾക്കു മുൻപിൽ ആ വലിയ കവാടം തുറന്ന് നാദാബേട്, ഗുജറാത്തിന്‍റെ വാഗാ.... ആശങ്കകൾ കുന്നുകൂടി കിടന്നിരുന്ന രാജ്യാതിർത്തിയെ വിനോദസഞ്ചാരത്തിന്‍റെ ഊഷ്മളതയിലേക്ക് കൈപിടിച്ചുയർത്തിയ അതിമനോഹരമായ അതിർത്തി ഗ്രാമം....
നാദാബേടിൽ ഇറങ്ങിയപ്പോഴേക്കും വിചാരിച്ചതിലുമേറെ സമയം കടന്നുപോയിരുന്നു.... സന്ധ്യയോടെ പൂർത്തിയാക്കാമെന്നു കരുതിയ സീറോ ലൈൻ സന്ദർശനം അടുത്ത പുലരിയിലേക്ക് മാറ്റിവയ്ക്കേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പായി. ബിഎസ്എഫിന്‍റെ കവാടം കടന്ന് നടക്കാൻ തുടങ്ങിയതിനൊപ്പം ആഞ്ഞു വീശിയ ശീതക്കാറ്റിൽ ചൂളി വിറച്ചു. അൽപ്പമടുത്തുള്ള സ്റ്റേഡിയത്തിൽ നിന്ന് ദേശഭക്തി ഗാനങ്ങൾ ഉയർന്നു തുടങ്ങി. നിത്യേനയുള്ള സേനയുടെ റിട്രീറ്റ് സെറിമണി കാണാനുള്ള ആവേശത്തിൽ കിലുകിലെ സംസാരിച്ചു കൊണ്ട് ഒരു സംഘം പെൺകുട്ടികൾ ഞങ്ങൾക്കിടയിലൂടെ കടന്നുപോയി.
റിട്രീറ്റ് സെറിമണി
ഗ്യാലറിയിലേക്ക് എത്തും മുൻപേ വലിയ മുറികളിൽ ഒരുക്കിവച്ചിരിക്കുന്ന മ്യൂസിയത്തിലേക്ക് കടന്നു. വീരചരമം പ്രാപിച്ച സൈനികർക്ക് ആദരവ് അർപ്പിക്കാനായി നിർമിച്ച സർഹദ് ഗാഥ മ്യൂസിയം. ഒപ്പം ഒരു ആർട്ട് ഗ്യാലറിയും. ഇന്ത്യൻ സൈന്യത്തിന്‍റെ ചരിത്രവും അതിർത്തിയുടെ ചരിത്രവും പ്രദേശത്തിന്‍റെ സംസ്കാരവുമെല്ലാം ചിത്രങ്ങളും എഴുത്തുകളും ഫോട്ടൊകളുമായി ചുമരുകളിൽ ഇടം പിടിച്ചിരിക്കുന്നു. സേനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ചെറു ശിൽപ്പങ്ങൾ, യൂണിഫോമുകൾ, തോക്കുകൾ, മറ്റ് ആയുധങ്ങൾ.... അങ്ങനെ ബിഎസ്എഫിനെക്കുറിച്ചുള്ള ഒരു ലഘു ചിത്രം തന്നെയുണ്ട് മ്യൂസിയത്തിൽ. ക്യാംപിനുള്ളിലെ വിശാലമായ ഗ്യാലറി അപ്പോഴേക്കും ഭൂരിഭാഗവും നിറഞ്ഞിരുന്നു. വിശാലമായ ഗ്യാലറിയാണ്. നീളത്തിലുള്ള ഇരിപ്പിടങ്ങളുടെ അരികത്തായി യൂണിഫോം അണിഞ്ഞ് പരേഡിനായി തയാറെടുത്ത് നിൽക്കുന്ന സേനാംഗങ്ങൾ. എന്നും സായംസന്ധ്യയിലുള്ള ഈ റിട്രീറ്റ് സെറിമണിയാണ് നാദാബെടിന് ഗുജറാത്തിലെ വാഗാ എന്ന പേര് ചാർത്തിക്കൊടുത്തത്. വാഗായിൽ പാക് സൈനികർ കൂടി ബീറ്റിങ് ദ റിട്രീറ്റ് സെറിമണിയിൽ പങ്കാളികളാകുമെങ്കിൽ നാദാബെടിൽ ഇന്ത്യൻ സൈനികർ മാത്രമേ സെറിമണിയിൽ പങ്കെടുക്കുന്നുള്ളൂ എന്ന വ്യത്യാസം മാത്രം. ഗ്യാലറിയിലിരിക്കുന്നവരെ ആവേശത്തിൽ ആറാടിച്ചുകൊണ്ട് ദേശഭക്തി നിറഞ്ഞു നിൽക്കുന്ന വാക്യങ്ങളും കവിതാ ശകലങ്ങളും ഈണത്തിൽ നീട്ടിച്ചൊല്ലുന്ന സൈനികൻ. അദ്ദേഹത്തിനൊപ്പം വന്ദേ മാതരം എന്ന് ആർത്തുവിളിക്കുന്ന ഗ്യാലറി.... വാനിൽ പാറിപ്പറക്കുന്ന ത്രിവർണ പതാക , സിരകളിൽ ദേശസ്നേഹത്തിന്‍റെ ആവേശം നുരഞ്ഞു പൊങ്ങുന്ന അതിർത്തിയുടെ മാസ്മരികത.
സൂര്യാസ്മയത്തിനൊപ്പം പരേഡും ആവേശമുഖരിതമാവുകയാണ്. വനിതാ സൈനികർ, തോക്കുകൾ കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർ, ഒട്ടകപ്പുറത്തേറിയെത്തുന്നവർ, പരിശീലിപ്പിച്ച നായ്ക്കളുമായെത്തി കാണികളെ അമ്പരപ്പിക്കുന്നവർ... അങ്ങനെ ബിഎസ്എഫ് ശക്തിപ്രകടനം തുടരുകയാണ്. പരേഡുകൾക്കൊടുവിൽ ദേശീയ ഗാനം അന്തരീക്ഷത്തിൽ അലയടിച്ചു, അതിർത്തിയിലെ പതാക താണു... ഗ്യാലറിയിൽ നിന്നിറങ്ങിയവർ സൈനികരുമായി സംസാരിക്കാനും ഒപ്പം ഫോട്ടോകൾ എടുക്കാനുമുള്ള അവസരത്തിനായി പരസ്പരം മത്സരിച്ചു. സൈനികർ കളമൊഴിഞ്ഞതോടെ ഗ്യാലറിയുടെ നടുമുറ്റം പ്രാദേശിക രീതിയിൽ സാരിയുടുത്തെത്തിയ സ്ത്രീകളും യുവാക്കളും കീഴടക്കി. ഒരേ താളത്തിൽ പിഴയ്ക്കാത്ത ചുവടുകളുമായി ഗുജറാത്തിന്‍റെ സ്വന്തം ഗർബ നൃത്തം. പരേഡിനൊടുവിലെ ഗർബ നൃത്തത്തിൽ സന്ദർശകരും അതിഥികളുമെല്ലാം ഒരേ പോലെ പങ്കാളികളാകുന്ന മനോഹരമായ സായന്തനം.
നാദാബേടിലെ മ്യൂസിയവും സേനയുടെ റിട്രീറ്റ് സെറിമണിയും സാഹസിക വിനോദങ്ങളും പിന്നെ അതിർത്തി പങ്കിടുന്ന സീറോ ലൈൻ സന്ദർശനവും എല്ലാം സീമാദർശൻ എന്ന ഒറ്റ പാക്കേജിലുള്ളതാണ്. സേനയെക്കുറിച്ച് ജനങ്ങൾക്കിടയിൽ കൂടുതൽ അറിവുണ്ടാകുന്നതിനും സേനയുമായി അടുത്തിടപഴകാൻ അവസരം ഒരുക്കുന്നതിനും അതിർത്തി സന്ദർശിക്കാനുമെല്ലാം അവസരമൊരുക്കുന്നതിനായി ഗുജറാത്ത് സർക്കാരും ബിഎസ്എഫും ഗുജറാത്ത് ഫ്രണ്ടിയറും ഒരുമിച്ച് തയാറാക്കിയ ബോർഡർ ടൂറിസത്തിലെ തിളക്കമേറിയ ഏട്.
2016 ഡിസംബറിൽ യുദ്ധത്തിന്‍റെ അമ്പതാം വാർഷികത്തിലാണ് ബിഎസ്എഫ് ബോർഡർ ടൂറിസത്തെ പരിപോഷിപ്പിക്കുന്നതിനായി സീമാ ദർശൻ പദ്ധതി ആരംഭിച്ചത്. ബിഎസ്എഫ് ക്യാംപിലെ സന്ദർശനം, മ്യൂസിയം സന്ദർശനം, റിട്രീറ്റ് സെറിമണി, സീറോ ലൈൻ സന്ദർശനം എന്നിവയെല്ലാം സീമാ ദർശൻ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. നിലവിൽ 508 കിലോമീറ്റർ വരുന്ന അന്താരാഷ്ട്ര അതിർത്തിയും 85 കിലോമീറ്റർ വരുന്ന തീരദേശവും ബിഎസ്എഫിന്‍റെ സംരക്ഷണത്തിലാണ്. ഞായർ മുതൽ ശനി വരെ രാവിലെ 7 മണി മുതൽ സീമാ ദർശൻ സാധ്യമാണ്. ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സന്ദർശകർക്കായി നിരവധി സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്.
സൈനികരുടെ ജീവൻ കാക്കുന്ന ശക്തി
പരേഡ് അവസാനിച്ചതോടെ ഗ്യാലറിക്ക് പുറത്ത് ബിഎസ്എഫ് ജവാന്മാരുടെ ത്യാഗവും വീര്യവും കൊത്തിയെടുത്ത 30 അടി ഉയരമുള്ള കൂറ്റൻ സ്മാരകത്തിനരികിലേക്കായി പ്രവാഹം. നാദാബെടിലെത്തുന്നവരുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണീ സ്തൂപം. രാത്രിയോടെ സ്തൂപം വെളിച്ചത്തിൽ കുളിച്ചു. അതിർത്തി സന്ദർശിക്കാതെ മടക്കമില്ലെന്ന് ഉറപ്പിച്ചതോടെ അന്ന് വൈകിട്ട് അടുത്തുള്ള ശ്രീനാദേശ്വരി ക്ഷേത്രത്തിന്‍റെ അതിഥി മന്ദിരത്തിൽ താമസിക്കാമെന്നായി തീരുമാനം. ആഞ്ഞു വീശുന്ന തണുത്ത കാറ്റിനെയൊന്നും കൂസാതെ ഒരു സംഘം യുപി സ്കൂൾ കുട്ടികൾ അതിഥി മന്ദിരത്തിന്‍റെ വരാന്തയിൽ ഓടിക്കളിച്ച് തിമിർക്കുന്നു. കാറ്റിന്‍റെ തണുപ്പിനെ അതിജീവിക്കാൻ അവരൊരു തൊപ്പി പോലും വച്ചിട്ടില്ലല്ലോയെന്ന് ഞങ്ങൾ അദ്ഭുതപ്പെട്ടു. രാത്രിയിൽ ചെന്നായ്ക്കൾ ഇറങ്ങാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയതോടെ സകലരും മുറികളിലേക്ക് വലിഞ്ഞു.
അതിരാവിലെ ശ്രീനാദേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് യാത്ര തുടങ്ങിയത്. ദുർഗാദേവിയുടെ അവതാരമായ നാദേശ്വരി ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. അതിർത്തിയിലെ സാഹസികമായി ജീവിതം നയിക്കുന്ന സൈനികരെ കാത്തരുളുന്നത് ശ്രീനാദേശ്വരിയാണെന്നാണ് വിശ്വാസം. 1971നു മുൻപ് ഇത്തരത്തിലൊരു ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നില്ല. പ്രദേശവാസികൾ വച്ചാരാധിച്ചിരുന്ന ചെറിയൊരു പ്രതിഷ്ഠ മാത്രമാണുണ്ടായിരുന്നത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ പാക് അതിർത്തിയിലൂടെ സഞ്ചരിച്ചിരുന്ന ഇന്ത്യൻ സൈനികരിൽ ചിലർ വഴി തെറ്റി പ്രതിസന്ധിയിലായി. അന്ന് സൈനിക കമാൻഡർ നാദേശ്വരി ദേവിയോട് പ്രാർഥിച്ചുവെന്നും സൈനികർക്ക് ദേവി ദീപനാളത്താൽ വഴി കാട്ടിയെന്നുമാണ് വിശ്വാസം. ബിഎസ്എഫ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിർമിച്ചത്. പിന്നീട് 2015ലെ ഭൂകമ്പത്തിൽ ക്ഷേത്രത്തിന് തകരാറുണ്ടായി. അതിനു ശേഷം പുനർനിർമിക്കുകയായിരുന്നു. അതിർത്തിയിൽ ജോലിയിൽ പ്രവേശിക്കും മുൻപേ സൈനികർ ഈ ക്ഷേത്രത്തിൽ വന്ന് പ്രാർഥിക്കാറുണ്ട്. രാമ നവമിയാണ് ക്ഷേത്രത്തിലെ വിശേഷ ദിനം. ക്ഷേത്രത്തിലെ പ്രസാദത്തിന്‍റെ മധുരത്തിനൊപ്പം ഞങ്ങൾക്കൊപ്പമുള്ള ജവാൻ പറഞ്ഞ വിശേഷങ്ങളും അലിയിച്ചിറക്കി.
ഇന്ത്യൻ സൈന്യത്തിന്‍റെ ധീരതയുടെ വലിയൊരു ചരിത്രമുണ്ട് നാദാബേട് അതിർത്തിക്കു പറയാൻ. അതു തന്നെയാണ് ഈ അതിർത്തിയുടെ പ്രത്യേകതയും. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യൻ പ്രതിരോധത്തിന്‍റെ നിർണായക മേഖലയായിരുന്നു നാദാബേട്. യുദ്ധം ബംഗ്ലാദേശ് വിഭജനത്തിലേക്കാണ് വഴി തെളിച്ചത്. അതുകൊണ്ടു തന്നെ നിരവധി ഓർമകളുടെ ചെപ്പുകുടമാണിപ്പോഴും നാദാബേട്. പൂർവ-പശ്ചിമ പാക്കിസ്ഥാനുകൾ തമ്മിലുള്ള സംഘർഷം തുടർക്കഥയായതോടെ അതിർത്തിക്കപ്പുറത്തുനിന്ന് ജനങ്ങൾ ഇന്ത്യയിലേക്ക് വൻതോതിൽ പലായനം ചെയ്യാൻ തുടങ്ങി. ഇന്ത്യയിൽ അതു വലിയ പ്രശ്നം സൃഷ്ടിക്കുമെന്നായതോടെ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇടപെടൽ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ, വലിയ പ്രയോജനമൊന്നുമുണ്ടായില്ല. 1971 ഡിസംബർ 3 മുതൽ 13 ദിവസമാണ് യുദ്ധം നീണ്ടുനിന്നത്. ഡിസംബർ 16ന് കിഴക്കൻ പാക്കിസ്ഥാനെ സ്വതന്ത്രമാക്കിക്കൊണ്ട് ഇൻസ്ട്രമെന്‍റ് ഓഫ് സറണ്ടർ എന്നറിയപ്പെടുന്ന ഉടമ്പടിയോടെ യുദ്ധം അവസാനിച്ചു. അന്ന് 93,000 പാക് സൈനികരെയാണ് ഇന്ത്യ തടവിലാക്കിയത്. അതോടെ ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യം നിലവിൽ വന്നു.
ഇന്ത്യ - പാക് അതിർത്തി... ഏക്കറുകളോളം പരന്നു കിടക്കുന്ന ചതുപ്പുകളിൽ നിന്ന് പറന്നുയരുന്ന ഫ്ലെമിംഗോ പക്ഷികളും പെലിക്കനുകളും. ഇടയ്ക്ക് വഴി മുടക്കി റോഡിനു കുറുകേ ഒരു കാട്ടുകഴുത അലസനായി നടന്നു പോയി. വൈൽഡ് ആസ് സാങ്ക്ച്വറിയുടെയും കച്ച് സാങ്ച്വറിയുടെയും ഭാഗമാണിവിടം. വഴിയരികിൽ തണുപ്പിനെ അതിജീവിക്കുന്നതിനായി ചുള്ളിക്കമ്പുകൾ കൂട്ടിയിട്ട് കത്തിച്ച് തീ കായുന്ന ഗ്രാമീണരുടെ ചെറുകൂട്ടങ്ങൾ... ഞങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ജവാന്മാരെ അവർ സൗഹൃദത്തോടെ അഭിവാദ്യം ചെയ്തു.
യുദ്ധവും മറ്റു സംഘർഷങ്ങളും തുടർക്കഥയായ കാലത്ത് അതിർത്തിയിൽ നിന്ന് വലിയ തോതിൽ ഗ്രാമീണർ പലായനം ചെയ്തു തുടങ്ങിയിരുന്നു. അക്കാലത്താണ് ബിഎസ്എഫ് ബോർഡർ ടൂറിസവുമായി മുന്നോട്ടു വന്നത്. അതു ഫലം ചെയ്തുവെന്നത് ഈ കാഴ്ചയിൽ നിന്നു തന്നെ വ്യക്തം. രണ്ടു ശത്രുരാജ്യങ്ങൾ തമ്മിലുള്ള അതിർത്തിയാണ് നാദാബേട്. ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ കാര്യങ്ങളൊന്നും ഒട്ടും സൗഹാർദപരമല്ല. സീറോ ലൈനിനു തൊട്ടരികിലുള്ള അതിർത്തിയെക്കുറിക്കുന്ന മുള്ളുവേലിക്കരികിൽ നിന്ന് ഞങ്ങൾക്കൊപ്പം വന്ന ബിഎസ്എഫ് സൈനികൻ വാചാലനായി. ഇവിടെ നിന്നു വെറും 150 മീറ്റർ അകലെയാണ് പാക്കിസ്ഥാൻ. മുള്ളുവേലിക്കപ്പുറമുള്ള വെളുത്ത പില്ലറിലേക്ക് അദ്ദേഹം വിരൽ ചൂണ്ടി. ആ രേഖ കടന്ന് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് ആരു വന്നാലും സൈനികർ ജാഗരൂകരാകും. പിന്നോട്ടു പോകാനുള്ള മുന്നറിയിപ്പാണ് ആദ്യം നൽകുക. എന്നിട്ടും പിന്തിരിഞ്ഞില്ലെങ്കിൽ നൊടിയിടയിൽ വെടിവച്ചു വീഴ്ത്തും.... അത്രയും കർക്കശമാണ് ഇവിടത്തെ നടപടികൾ. പക്ഷേ, അതിർത്തിയിലെ വിനോദസഞ്ചാരത്തെ അതൊന്നും ഒരു രീതിയിലും ബാധിക്കാറില്ല. സീറോ ലൈൻ സന്ദർശിക്കാനും ചിത്രങ്ങൾ എടുക്കാനും നിരവധി പേർ നിത്യേനയെന്നോണം ഇവിടെ എത്തുന്നുണ്ട്- ഞങ്ങൾക്കൊപ്പം നടക്കുന്നതിനിടയിൽ സൈനികൻ പറഞ്ഞു നിർത്തി.
സന്ദർശകർക്കായി തയാറാക്കിയ ഡെക്കിൽ നിന്ന് ബൈനോക്കുലർ വഴി പാക്കിസ്ഥാൻ ഭൂമിക കുറച്ചുകൂടി അടുത്തു കാണാം. വായിച്ചും കേട്ടും മാത്രം പരിചയമുള്ള രാജ്യാതിർത്തിയിൽ അൽപ്പ സമയം ചെലവഴിക്കുന്നത് സന്ദർശകരെ ആവേശഭരിതരാക്കുന്നു. സൈനികരുടെ സംരക്ഷണത്തോടെ തിരിച്ച് വീണ്ടും ക്യാംപിലേക്ക്. തണുത്ത കാറ്റിനൊപ്പം അതിർത്തിയെ വക വയ്ക്കാതെ ചെറുപക്ഷിക്കൂട്ടം ഞങ്ങൾക്കു മുകളിലൂടെ പറന്നകന്നു.
വിന്ധ്യശൈലത്തിന്‍റെ താഴ്‌വരയിൽ... ഏകതാ പ്രതിമയുടെ നാട്ടിലേക്കൊരു യാത്ര|ഗുജറാത്ത് ചാപ്റ്റർ -1
പോയ വസന്തം നിറമാല ചാർത്തും ആദിത്യ ദേവാലയം...|ഗുജറാത്ത് ചാപ്റ്റർ-2