

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര
യുഡിഎഫ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140ല്‍ 102 സീറ്റും നേടി വന്‍ വിജയം കരസ്ഥമാക്കി അധികാരത്തിലേറുകയാണല്ലോ. ഈ പശ്ചാത്തലത്തില്‍ അവര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത അഞ്ച് കാര്യങ്ങളില്‍ ഒന്ന് "സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര' എന്നതാണ്. ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യത നേടിയ വാഗ്ദാനങ്ങളിലൊന്നു കൂടിയായിരുന്നു അത്. എന്നാല്‍, ഈ പദ്ധതി ഉടന്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുക പ്രായോഗികമല്ലെന്നതാണ് വാസ്തവം.
സാങ്കേതികപരമായി സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ധനകാര്യ ആസൂത്രണം, ദുരുപയോഗം തടയല്‍ തുടങ്ങിയവയും അനിവാര്യമാണ്. ഇത്തരത്തില്‍ നിരവധി ഘടകങ്ങള്‍ ഉറപ്പാക്കിയതിനു ശേഷമായിരിക്കണം പദ്ധതി നടപ്പിലാക്കേണ്ടത്. ഏറ്റവും മികച്ച നടപ്പാക്കല്‍ മാതൃക "പൈലറ്റ് ടു സ്‌കെയില്‍' രീതിയായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ രീതിയില്‍ ഒന്നാമത്തേതാണ് സ്മാര്‍ട്ട് കാര്‍ഡ് അധിഷ്ഠിത സംവിധാനം.
1. സ്മാര്‍ട്ട് കാര്‍ഡ് അധിഷ്ഠിത സംവിധാനം
സൗജന്യ യാത്ര എല്ലാ സ്ത്രീകൾക്കും ലഭ്യമാക്കുന്നതിന് പകരം കെവൈസി അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് കാര്‍ഡ് സംവിധാനത്തിലൂടെയായിരിക്കണം ലഭ്യമാക്കേണ്ടത്. ഇതിലൂടെ യാത്രക്കാരുടെ എണ്ണം, റൂട്ട് അടിസ്ഥാനമാക്കിയ ഉപയോഗം, സബ്‌സിഡി തുക എന്നിവ തത്സമയം കണക്കാക്കാന്‍ സര്‍ക്കാരിനെ സഹായിക്കും. ദുരുപയോഗം, വ്യാജ യാത്ര എന്നിവ 90% ഒഴിവാക്കാനും കഴിയുമെന്നതും ഈ സംവിധാനത്തിന്‍റെ പ്രത്യേകതയാണ്.
2. ആദ്യം ഒരു ജില്ലയില്‍ പൈലറ്റ് പ്രൊജക്റ്റ്
ആദ്യഘട്ടത്തില്‍ എറണാകുളം ജില്ല തെരഞ്ഞെടുത്ത് പദ്ധതി പരീക്ഷിക്കാം. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കൂടുതലുള്ള, നഗര- ഗ്രാമ റൂട്ടുകള്‍ ഉള്‍പ്പെടുന്ന ജില്ല എന്ന നിലയില്‍ എറണാകുളം അനുയോജ്യമാണ്. പ്രത്യേകിച്ച് എറണാകുളം- പറവൂര്‍- ഗുരുവായൂര്‍ റൂട്ട്. ഇത് കെഎസ്ആര്‍ടിസി സാച്ചുറേറ്റഡ് റൂട്ട് ആയതിനാല്‍ ഡാറ്റാ വിശകലനത്തിന് ഏറ്റവും അനുയോജ്യമാണ്. തിരക്ക്, യാത്രാ സമയം, കാര്‍ഡ് ഉപയോഗം, കണ്ടക്റ്റര്‍- യാത്രക്കാരന്‍ ഇടപെടല്‍ എന്നിവ ഇവിടെ കൃത്യമായി പഠിക്കാന്‍ കഴിയും.
3. കൊച്ചി മെട്രൊപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയെ നോഡല്‍ ഏജന്‍സിയാക്കുക
കൊച്ചി മെട്രൊപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയിലേക്ക് (കെഎംടിഎ) സര്‍ക്കാരിന് സാങ്കേതിക, ധനകാര്യ, ഗതാഗത വിദഗ്ധരെ നോമിനേറ്റ് ചെയ്ത് പൈലറ്റ് പ്രൊജക്റ്റിന്‍റെ പൂര്‍ണ ചുമതല നല്‍കാം. കെഎംടിഎയിലേക്ക് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചോ, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍സിഎംസി) സാങ്കേതികവിദ്യ നല്‍കുന്ന എന്‍പിസിഐ അംഗീകൃത കമ്പനികളുമായി ചേര്‍ന്നോ"അഫോര്‍ഡബിള്‍ സ്മാര്‍ട്ട് കാര്‍ഡ് സൊല്യൂഷന്‍' വികസിപ്പിക്കാം. ഇത് മെട്രൊ, വാട്ടര്‍ മെട്രൊ, സ്വകാര്യ ബസ് എന്നിവയുമായി ഭാവിയില്‍ ഇന്‍റഗ്രേറ്റ് ചെയ്യാനും ഉപകരിക്കും.
ഈ രീതിയുടെ ഗുണങ്ങള്‍
1. ആദ്യം ചെറിയ തലത്തില്‍ നടപ്പിലാക്കിയതിനു ശേഷം വരുന്ന സാങ്കേതിക പിഴവുകള്‍, തിരക്ക്, വരുമാന നഷ്ടം എന്നിവ തിരുത്തി, പൂര്‍ണ സജ്ജമായ ശേഷം മാത്രം സംസ്ഥാന വ്യാപകം ആക്കാം. ഡല്‍ഹി, തമിഴ്‌നാട് മോഡലുകളിലെ പാളിച്ചകള്‍ ഒഴിവാക്കാം.
2. സൗജന്യ യാത്ര കൊണ്ട് കെഎസ്ആര്‍ടിസിക്ക് വര്‍ഷം 1200 കോടി രൂപ അധിക ബാധ്യത വരുമെന്നാണ് കണക്ക്. സ്മാര്‍ട്ട് കാര്‍ഡ് വഴി"യഥാര്‍ഥ ഗുണഭോക്താക്കള്‍' മാത്രം യാത്ര ചെയ്യുന്നുവെന്ന് ഉറപ്പാക്കിയാല്‍ സബ്‌സിഡി 30-40% കുറയ്ക്കാം.
3. ഏത് റൂട്ടില്‍, ഏത് സമയത്ത് സ്ത്രീകള്‍ കൂടുതല്‍ യാത്ര ചെയ്യുന്നു എന്ന ഡാറ്റ കിട്ടിയാല്‍, ബസ് ഷെഡ്യൂള്‍, ട്രിപ്പ് എണ്ണം ശാസ്ത്രീയമായി പുനഃക്രമീകരിക്കാം."വെറുതെ സൗജന്യം' എന്നതില്‍ നിന്ന്"സ്മാര്‍ട്ട് സബ്‌സിഡി'യിലേക്ക് മാറാം.
ചുരുക്കിപ്പറഞ്ഞാല്‍
"ജനപ്രിയ വാഗ്ദാനം' എന്നതിനെ "ജനോപകാരപ്രദമായ പദ്ധതി' ആക്കി മാറ്റാനാകും. കൊച്ചി മെട്രൊപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയെ ചുമതലപ്പെടുത്തി, എറണാകുളത്ത് പൈലറ്റ് നടത്തി, എന്‍സിഎംസി സ്മാര്‍ട്ട് കാര്‍ഡ് വഴി നടപ്പാക്കിയാല്‍ ആറ് മാസം കൊണ്ട് കേരളത്തിന്"മാതൃകാ സ്ത്രീ സൗജന്യ യാത്രാ പദ്ധതി' രൂപപ്പെടുത്താം.
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതോടെ കേരളത്തിലെ പൊതുഗതാഗത മേഖലയുടെ മുഖച്ഛായ തന്നെ മാറും. സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണം കുതിച്ചുയരുമ്പോള്‍, കെഎസ്ആര്‍ടിസിയുടെ നിലവിലെ ഫ്ലീറ്റും സര്‍വീസുകളും മാത്രം വച്ച് ഡിമാന്‍ഡ് നിറവേറ്റാന്‍ കഴിയില്ല. ഈ സാഹചര്യം സര്‍ക്കാരിനെ ദേശീയ ഗതാഗത നയത്തിന് അനുസൃതമായി പൊതുഗതാഗത രംഗം പുനഃസംഘടിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കും.
"കെഎസ്ആര്‍ടിസി സംരക്ഷണം' എന്ന നയം കാലഹരണപ്പെടും
ഇതുവരെ"ദേശസാത്കരണം' എന്ന പേരില്‍ കെഎസ്ആര്‍ടിസിക്ക് മാത്രമായി റൂട്ടുകള്‍ മാറ്റിവെക്കുന്ന"റൂട്ട് നാഷണലൈസേഷന്‍' നയം നിലനിന്നിരുന്നു. സൗജന്യ യാത്ര വന്നാല്‍ ദിവസേന 15-20 ലക്ഷം അധിക യാത്രക്കാര്‍ ഉണ്ടാകും. കെഎസ്ആര്‍ടിസിക്ക് ഒറ്റയ്ക്ക് ഈ"ലോഡ്' താങ്ങാന്‍ കഴിയില്ല. അപ്പോള്‍ മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ് സെക്ഷന്‍ 100 പ്രകാരം പൊതുതാത്പര്യം മുന്‍നിര്‍ത്തി പെര്‍മിറ്റ് വ്യവസ്ഥ ലിബറലൈസ് ചെയ്യേണ്ടി വരും.
ദേശീയപാത 66 ആറുവരിപ്പാത പൂര്‍ണ തോതില്‍ തുറക്കുന്നതോടെ കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ "ഹൈ- സ്പീഡ് എസി വോള്‍വോ/ സ്‌കാനിയ' സര്‍വീസുകള്‍ക്ക് വലിയ സാധ്യത തുറക്കും. നിലവില്‍ ദേശസാത്കൃത റൂട്ടുകളില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് ഇന്‍റര്‍- ഡിസ്ട്രിക്റ്റ് ലോങ് റൂട്ട് പെര്‍മിറ്റ് കിട്ടില്ല. സൗജന്യ യാത്രയുടെ സമ്മര്‍ദം മൂലം സര്‍ക്കാര്‍ "Route Liberalization Policy' കൊണ്ടുവരാന്‍ നിര്‍ബന്ധിതമാകും.
ഗുണനിലവാരമുള്ള സേവനം നല്‍കുന്ന സ്വകാര്യ പ്രീമിയം ബസുകള്‍ക്ക് എന്‍എച്ച്- 66ല്‍ "Contract Carriage' അല്ലെങ്കില്‍ "Special All Kerala Tourist Permit' (AITP model) വ്യവസ്ഥയില്‍ പെര്‍മിറ്റ് നല്‍കേണ്ടി വരും. ഇത് പൊതുഗതാഗത മേഖലയെ മൊത്തത്തില്‍ "റിവ്യൂ' ചെയ്യാന്‍ ഇടയാക്കും.
സൗജന്യ യാത്ര കൊണ്ട് കെഎസ്ആര്‍ടിസിക്ക് വര്‍ഷം 1,200-1,500 കോടി രൂപ അധിക ബാധ്യത വരും. ഇതിന്‍റെ ഭാരം ട്രഷറിക്ക് മാത്രം താങ്ങാനാകില്ല. പരിഹാരം: "Public-Private Partnership'. സര്‍ക്കാര്‍ സബ്‌സിഡി നല്‍കി, സ്വകാര്യ ഓപ്പറേറ്റര്‍മാരെ "Gross Cost Contract' അടിസ്ഥാനത്തില്‍ നഗര- ഗ്രാമീണ റൂട്ടുകളില്‍ സര്‍വീസ് നടത്തിക്കുക. കര്‍ണാടക, ഡല്‍ഹി മോഡല്‍ പ്രകാരം "കിലോമീറ്ററിന് നിശ്ചിത തുക' സര്‍ക്കാര്‍ നല്‍കും, ടിക്കറ്റ് വരുമാനം സര്‍ക്കാരിന്. ബസ് വാങ്ങല്‍, മെയിന്‍റനന്‍സ്, ജീവനക്കാര്‍ എന്നിവ സ്വകാര്യ നിക്ഷേപകന്‍റെ ചുമതല. ഇതുവഴി സര്‍ക്കാരിന് മൂലധന ചെലവ് ഇല്ലാതെ ഫ്ലീറ്റ് 3,000ല്‍ നിന്ന് 8,000 ആക്കി ഉയര്‍ത്താം.
നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് പോളിസി നടപ്പാക്കാന്‍ സമ്മര്‍ദം
കേന്ദ്ര ഗതാഗത നയം "Move Towards Asset-Light STUs & Promote Private Investment' എന്നാണ് അനുശാസിക്കുന്നത്. കേരളം ഇതുവരെ "STU Monopoly' വച്ച് നയം എതിര്‍ത്തു. സൗജന്യ യാത്ര വന്നാല്‍ "സര്‍വീസ് കിട്ടുന്നില്ല' എന്ന പൊതുജന പരാതി ഉയരും. അപ്പോള്‍ കേന്ദ്ര ഫണ്ട് കിട്ടാന്‍ "Reform Linked Scheme' പ്രകാരം പെര്‍മിറ്റ് ലിബറലൈസേഷന്‍, Bus Aggregator Policy, Route Rationalization എന്നിവ നിര്‍ബന്ധമാകും. "KSRTC മാത്രം മതി' എന്ന വാദം നിലനില്‍ക്കില്ല.
"കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുക' എന്നതില്‍ നിന്ന് "യാത്രക്കാരനെ സംരക്ഷിക്കുക' എന്നതിലേക്ക് സര്‍ക്കാര്‍ നയം മാറും. എന്‍എച്ച്- 66 വഴി ഗുണനിലവാരമുള്ള സ്വകാര്യ ബസുകള്‍ വരുമ്പോള്‍ മത്സരം കൂടും, സര്‍വീസ് മെച്ചപ്പെടും, നിരക്ക് കുറയും.