

നരേന്ദ്ര മോദി
വികസന പദ്ധതികളും ക്ഷേമ പദ്ധതികളും സൃഷ്ടിക്കുന്നതിൽ സർക്കാർ വൈദഗ്ധ്യം നേടിയെങ്കിലും, ആനുകൂല്യങ്ങൾ പൗരന്മാരിൽ എത്തുന്നു എന്ന് ഉറപ്പാക്കുന്നതിൽ നെഹ്റു സർക്കാർ ബുദ്ധിമുട്ട് നേരിട്ടു. പുരോഗതിയും വികസനവും സർക്കാർ ആനുകൂല്യങ്ങളും താഴേ തട്ടിലുള്ളവരിലേക്ക് എത്രത്തോളം എത്തിയിട്ടുണ്ട് എന്നതിന്‍റെ കണക്കെടുപ്പാണ് നെഹ്‌റുവിന്‍റെ ഇന്ത്യയിൽ നിന്ന് മോദിയുടെ ഭാരതത്തിലേക്കുള്ള ദൂരം.
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയായി ജൂൺ 10ന് നരേന്ദ്ര മോദി മാറി. ജീവിതത്തിന്‍റെ സിംഹഭാഗവും സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എനിക്ക് അദ്ദേഹം എത്ര വർഷം അധികാരത്തിൽ തുടർന്നു എന്നതല്ല യഥാർഥ നേട്ടം, മറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ഉത്തരവാദിത്തങ്ങളിൽ പരിവർത്തനം സൃഷ്ടിക്കാനും ഭരണത്തെ സ്വാധീനിക്കാനും രാജ്യത്തെ സേവിക്കാനും അധികാരം എങ്ങനെ ഉപയോഗിച്ചു എന്നതാണ് പ്രധാനം എന്നു ചൂണ്ടിക്കാട്ടാൻ കഴിയും.
2026 ജൂൺ 10ന് നരേന്ദ്ര മോദി തുടർച്ചയായി 4,399 ദിവസങ്ങൾ അധികാരത്തിൽ പൂർത്തിയാക്കി. 1952ലെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാവുകയും സേവനം തുടരുകയും ചെയ്ത ജവഹർലാൽ നെഹ്‌റുവിന്‍റെ കാലയളവിനെ അദ്ദേഹം മറികടന്നു. എന്നിരുന്നാലും, ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ചതിന്‍റെ റെക്കോഡ് 1947 മുതൽ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിന് അവകാശപ്പെട്ടതാണ്.
പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ദർശനങ്ങളെയും അന്ത്യോദയ (സമൂഹത്തിലെ അവസാനത്തെയും ദരിദ്രന്‍റെയും ഉന്നമനം) എന്ന ആശയത്തെയും മാനദണ്ഡമാക്കി വിലയിരുത്തുമ്പോൾ ഒരു സർക്കാരിന്‍റെ വിജയം സാധാരണക്കാരുടെ, പ്രത്യേകിച്ച് ഏറ്റവും പിന്നാക്കം നിൽക്കുന്നവരുടെ ജീവിതത്തെ എത്ര മെച്ചപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പുരോഗതിയും വികസനവും സർക്കാർ ആനുകൂല്യങ്ങളും താഴേ തട്ടിലുള്ളവരിലേക്ക് എത്രത്തോളം എത്തിയിട്ടുണ്ട് എന്നതിന്‍റെ കണക്കെടുപ്പാണ് നെഹ്‌റുവിന്‍റെ ഇന്ത്യയിൽ നിന്ന് മോദിയുടെ ഭാരതത്തിലേക്കുള്ള ദൂരം.
നെഹ്‌റുവിനെക്കുറിച്ചും ഇന്ത്യ സ്വതന്ത്രമായപ്പോൾ അദ്ദേഹം നേരിട്ട വെല്ലുവിളികളെക്കുറിച്ചും പരാമർശിക്കേണ്ടതുണ്ട്. ഇന്ത്യാ വിഭജനം, നൂറ്റാണ്ടുകളുടെ വിദേശ ഭരണം മൂലമുണ്ടായ കൊടിയ ദാരിദ്ര്യം, കുറഞ്ഞ സാക്ഷരത, കുറഞ്ഞ ആയുർദൈർഘ്യം എന്നിവയാൽ ബുദ്ധിമുട്ടിയിരുന്ന ഒരു രാജ്യമാണ് നെഹ്‌റുവിന് കൈമാറിക്കിട്ടിയത്. പുതുതായി സ്വതന്ത്രരായ മറ്റു പല രാജ്യങ്ങളും സൈനിക അട്ടിമറികളോ സ്വേച്ഛാധിപത്യ ഭരണമോ അനുഭവിക്കാൻ വിധിക്കപ്പെട്ടപ്പോൾ മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകൾക്കിടയിലും, ഭരണഘടന അടിസ്ഥാനമായ ഒരു ജനാധിപത്യ സംവിധാനം നെഹ്‌റു സ്ഥാപിച്ചു.
ആസൂത്രണ കമ്മിഷൻ മുഖേന ഒരു ആസൂത്രിത സാമ്പത്തിക മാതൃക ആ സർക്കാർ സ്വീകരിച്ചു, പൊതുമേഖലാ വ്യവസായങ്ങൾക്ക് വലിയ പ്രാധാന്യം നൽകി, ലൈസൻസിങ് സംവിധാനത്തിലൂടെ ഉത്പാദനം നിയന്ത്രിച്ചു. ആ കാലയളവിൽ സർവകലാശാലകൾ, ശാസ്ത്ര ലബോറട്ടറികൾ, ആണവ- ബഹിരാകാശ പരിപാടികൾ, ഉരുക്ക് നിർമാണ ശാലകൾ തുടങ്ങിയ സ്ഥാപനങ്ങൾ കെട്ടിപ്പടുത്തു. അത് ആധുനിക രാജ്യത്തിന്‍റെ അടിത്തറയായി. 1974ൽ ഞാൻ വിദേശകാര്യ സർവീസിൽ ചേർന്നപ്പോൾ പരിമിതമായ വിഭവങ്ങളുള്ള ക്ഷാമം നേരിടുന്ന ഒരു ഇന്ത്യയെയാണ് പ്രതിനിധീകരിച്ചത്. എന്നാൽ ആ വെല്ലുവിളികളെ ദൃഢനിശ്ചയത്തോടെയും അന്തസോടെയും കൈകാര്യം ചെയ്യാനായി.
വികസന പദ്ധതികളും ക്ഷേമ പദ്ധതികളും സൃഷ്ടിക്കുന്നതിൽ സർക്കാർ വൈദഗ്ധ്യം നേടിയെങ്കിലും, ആനുകൂല്യങ്ങൾ പൗരന്മാരിൽ എത്തുന്നു എന്ന് ഉറപ്പാക്കുന്നതിൽ സർക്കാർ ബുദ്ധിമുട്ട് നേരിട്ടു. ഡൽഹിയിൽ പ്രഖ്യാപിക്കുന്ന നയങ്ങൾക്കും ഗ്രാമങ്ങളിലെ ആളുകൾക്ക് ലഭിക്കുന്ന സഹായത്തിനും മധ്യേ വലിയ അന്തരമുണ്ടെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ എന്‍റെ കരിയറിനിടെ വ്യക്തമായിരുന്നു. കാര്യക്ഷമതയില്ലായ്മ, ഉദ്യോഗസ്ഥ ഭരണം, അഴിമതി, മോശം നിർവഹണം എന്നിവ കാരണം ധനത്തിന്‍റെയും വിഭവങ്ങളുടെയും ഭൂരിഭാഗവും നഷ്ടപ്പെട്ടു.
"ഓരോ രൂപയുടെയും 15 പൈസ മാത്രമേ ദരിദ്രരിലേക്ക് എത്തുന്നുള്ളൂ' എന്ന ഒരു മുൻ പ്രധാനമന്ത്രിയുടെ പരാമർശം ലക്ഷ്യം കൈവരിക്കും മുമ്പ് എത്രമാത്രം ധനം പാഴായിപ്പോയെന്ന് വ്യക്തമാക്കുന്നു. വിഭവങ്ങൾ ആസൂത്രണം ചെയ്യുന്നതിലും അനുവദിക്കുന്നതിലും സർക്കാർ ഫലപ്രദമായിരുന്നു, എന്നാൽ ആ ആനുകൂല്യങ്ങൾ ആവശ്യമുള്ള ആളുകൾക്ക് നേരിട്ടെത്തിക്കാനായില്ല.
മന്ദഗതിയിലുള്ള വളർച്ച, സ്തംഭിച്ച അടിസ്ഥാന സൗകര്യ വികസനം, ഉയർന്ന പണപ്പെരുപ്പം, അഴിമതികൾ എന്നിവയുൾപ്പെടെ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന "ഫ്രജൈൽ ഫൈവ് ' വിശേഷണത്തോടെയുള്ള സമ്പദ്‌വ്യവസ്ഥയെയാണ് 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നപ്പോൾ ലഭിച്ചത്. സർക്കാർ പ്രവർത്തിക്കുന്ന രീതി അടിമുടി മാറ്റിക്കൊണ്ട് മോദി പ്രതികരിച്ചു.
ആസൂത്രണ കമ്മിഷന് പകരം നിതി ആയോഗ് വന്നു, മുകളിൽ നിന്ന് താഴേക്ക് എന്ന സമീപനത്തിൽ നിന്ന് സംസ്ഥാനങ്ങളുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുന്ന രീതിയിലേക്കു മാറി. ക്ഷേമ പദ്ധതികൾ നേരിട്ട് ഗുണഭോക്താക്കളിലെത്തിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കാൻ പൗരന്മാരുടെ തിരിച്ചറിയൽ രേഖ, ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ ഫോണുകൾ എന്നിവയെ ബന്ധിപ്പിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) എന്നറിയപ്പെടുന്ന ഈ സംവിധാനം, ആനുകൂല്യത്തെ വഴിതിരിച്ചുവിടുന്ന ഇടനിലക്കാരെ ഒഴിവാക്കി.
മോദിയുടെ കീഴിൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ കൂടുതൽ കാര്യക്ഷമമായി പൗരന്മാർക്ക് സേവനങ്ങൾ ലഭ്യമാക്കാൻ ശേഷിയുള്ള ഒരു പ്ലാറ്റ്‌ഫോമായി കേന്ദ്ര സർക്കാർ സ്വയം രൂപാന്തരപ്പെട്ടു. രാജ്യവ്യാപകമായ ഒരു ഐഡന്‍റിറ്റി സിസ്റ്റവും ആഗോള ശ്രദ്ധ ആകർഷിച്ച പേയ്‌മെന്‍റ് നെറ്റ്‌വർക്കും ഉൾപ്പെടെ വൻ തോതിലുള്ള ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ ഇന്ത്യ വികസിപ്പിച്ചെടുത്തു. പ്രധാനമന്ത്രി ജൻധൻ യോജനയിലൂടെ 500 ദശലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകൾ തുറക്കപ്പെട്ടു, മുമ്പ് ബാങ്കിങ് സൗകര്യമില്ലാത്ത നിരവധി കുടുംബങ്ങളെ ഔപചാരിക സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവന്നു. ആ കാലയളവിൽ ദശലക്ഷക്കണക്കിന് ആളുകളെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതായി നിതി ആയോഗിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. പൗരന്മാർക്കും സേവനങ്ങൾക്കും മധ്യേ ഒരു ഇടനിലക്കാരനായി വർത്തിക്കുന്നതിലുപരി ജനങ്ങൾക്ക് നേരിട്ട് അവസരങ്ങൾ ലഭ്യമാക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുകയും ചെയ്യുന്ന ശാക്തീകരിക്കപ്പെട്ടതും ബന്ധിതവുമായ ഇന്ത്യ അഥവാ "ഭാരതം' എന്ന ആശയത്തിലേക്ക് ഈ പരിവർത്തനം വഴിമാറി.
സർക്കാർ നയങ്ങൾ സാധാരണക്കാർക്ക് നേരിട്ട് എങ്ങനെ പ്രയോജനം ചെയ്തുവെന്ന് ഊർജ മേഖലയിൽ നിന്നുള്ള ഉദാഹരണങ്ങൾ വിശദീകരിക്കുന്നു. പെട്രോളിൽ എഥനോൾ കലർത്തുന്നത് 2014ലെ 1.53%ൽ നിന്ന് 20% ആയി വർധിച്ചു, 2030ൽ നിശ്ചയിച്ചിരുന്ന ലക്ഷ്യം അര പതിറ്റാണ്ട് മുമ്പേ നേടി. ഭക്ഷ്യ ദാതാക്കൾ (അന്നദാത) മാത്രമല്ല, ഊർജ ദാതാക്കൾ (ഉർജദാത) എന്നും വിശേഷിപ്പിക്കപ്പെടുന്ന കർഷകർക്ക് ഇത് അധിക വരുമാന സ്രോതസ് സൃഷ്ടിക്കുന്നതിനൊപ്പം ഇറക്കുമതി ചെയ്ത അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്തു. 10 കോടിയിലധികം ദരിദ്ര കുടുംബങ്ങൾക്ക് പാചക വാതക കണക്‌ഷൻ നൽകി, സബ്‌സിഡികൾ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയ പ്രധാനമന്ത്രി ഉജ്വല യോജന ഉദാഹരണം. അതിദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ആശയമായ അന്ത്യോദയയുടെ പ്രായോഗിക ഉദാഹരണങ്ങളാണ് ഈ സംരംഭങ്ങൾ. ഇടനിലക്കാർ മുഖേന ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ അനുവദിക്കാതെ, ദരിദ്രരായ വനിതകളിലും ദുർബല കുടുംബങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും നേരിട്ട് എത്തിച്ചേരാനും ഉതകും വിധമാണ് സർക്കാർ പരിപാടികൾ ഇപ്പോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രാജ്യവികസനം ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രകടമായ പുരോഗതിയിലൂടെ ദൃശ്യമാണ്. വീടില്ലാത്ത കുടുംബങ്ങൾക്കായി പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ ദശലക്ഷക്കണക്കിന് അടച്ചുറപ്പുള്ള വീടുകളുടെ നിർമാണം പൂർത്തിയായി. കൂടുതൽ നഗരങ്ങളിലേക്ക് മെട്രൊ റെയ്‌ൽ വ്യാപനം, വിമാനത്താവളങ്ങളുടെ എണ്ണത്തിലെ വളർച്ച, ചെറിയ പട്ടണങ്ങളിലെ ആളുകൾക്ക് വിമാന യാത്ര ലഭ്യമാക്കുന്നതിൽ ഉഡാൻ പദ്ധതി എന്നിവയും ശ്രദ്ധേയം. കൂടാതെ, റെയ്‌ൽവേകൾ വ്യാപകമായി വൈദ്യുതീകരിക്കപ്പെട്ടു, ആഭ്യന്തരമായി നിർമിച്ച ആധുനിക സെമി- ഹൈ സ്പീഡ് ട്രെയ്‌നുകൾ അവതരിപ്പിച്ചു. ഇവ വെറും സ്ഥിതിവിവരക്കണക്കുകളോ കടലാസിലെ പദ്ധതികളോ അല്ല എന്നതാണ് പ്രധാനം. യാത്രാ സമയം കുറയ്ക്കുന്നതിലൂടെയും, സൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെയും, സുരക്ഷിത പാർപ്പിടം നൽകുന്നതിലൂടെയും, ഗതാഗതത്തിലേക്കും അവസരങ്ങളിലേക്കുമുള്ള പ്രവേശനം വർധിപ്പിക്കുന്നതിലൂടെയും ജന ജീവിതത്തിൽ സ്വാധീനം ചെലുത്തി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രായോഗിക ഗുണഫലങ്ങളിലൂടെയാണ് വികസനം അളക്കപ്പെടുന്നത്.
നമ്മുടെ സാമ്പത്തിക, നികുതി സമ്പ്രദായവും വലിയ പരിഷ്കാരങ്ങൾക്ക് വിധേയമായി. പ്രാരംഭ നിർവഹണ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ടെങ്കിലും, ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യത്യസ്ത സംസ്ഥാന, കേന്ദ്ര നികുതികൾ മാറ്റിസ്ഥാപിച്ചു. ഒരു ഏകീകൃത ദേശീയ വിപണി സൃഷ്ടിക്കുന്നതിൽ വിജയിച്ചു. വിവിധ സർക്കാരുകൾ രണ്ടു പതിറ്റാണ്ടുകളോളം ശ്രമിച്ചിട്ടും പ്രവർത്തികമാക്കാൻ കഴിയാത്ത ഒരു പരിഷ്കാരമായിരുന്നു അത്. അതോടെ, സംസ്ഥാന അതിർത്തികൾ കടന്ന് ബിസിനസുകൾ കൂടുതൽ സുഗമമായി, സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ പരസ്പരബന്ധിതമായി മാറി.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധത്തിലും ഗുണപരമായ മാറ്റം ദൃശ്യമാണ്. കേന്ദ്ര സർക്കാരിൽ നിന്നുള്ള സാമ്പത്തിക വിഹിതത്തിനായി മത്സരിക്കുന്നതിനു പകരം നിക്ഷേപം ആകർഷിക്കാനും, ബിസിനസ് സുഗമമാക്കാനും, മികച്ച പൊതു സേവനങ്ങൾ നൽകാനും സംസ്ഥാനങ്ങൾ മത്സരിക്കുന്നു.
സ്വദേശത്ത് വർധിച്ചുവരുന്ന ആത്മവിശ്വാസവും വികസനവും വിദേശ നയത്തെയും സ്വാധീനിച്ചിട്ടുണ്ട്. പുതുതായി സ്വാതന്ത്ര്യം ലഭിച്ച സാമ്പത്തികമായി ദൗർബല്യങ്ങളുള്ള ഒരു രാജ്യമായിരുന്നതിനാൽ പക്ഷം ചേരുന്നത് ഒഴിവാക്കാൻ ആഗ്രഹിച്ച നെഹ്‌റുവിന്‍റെ ചേരിചേരാ നയം ഒരു പ്രായോഗിക തെരഞ്ഞെടുപ്പായിരുന്നു. അതിനു വിപരീതമായി, "മൾട്ടി- അലൈൻമെന്‍റ് ' എന്ന ഇന്നത്തെ നയം, ഒന്നിലധികം ആഗോള ശക്തികളുമായി ഒരേസമയം ബന്ധം നിലനിർത്തുകയും അവയിലെല്ലാം പ്രധാന പങ്കാളിയാകാൻ ശ്രമിക്കുകയും ചെയ്യുന്ന ശക്തവും സ്വാധീനശാലിയുമായ ഒരു രാജ്യത്തിന്‍റെ തന്ത്രമാണ്. ഗ്രൂപ്പ് ഓഫ് ട്വന്‍റിയിലെ (ജി20) ഇന്ത്യയുടെ അധ്യക്ഷ കാലയളവിൽ രാജ്യ തലസ്ഥാനത്ത് മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലായാണ് പരിപാടികൾ നടന്നത്. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ഒരു പ്രധാന ശബ്ദമായി സ്വയം അവതരിപ്പിക്കാനുള്ള ഇന്ത്യയുടെ ഉദ്യമങ്ങൾ പ്രശംസനീയമാണ്. പൗരന്മാർക്ക് ഗുണഫലങ്ങൾ ലഭ്യമാക്കുന്നതിൽ വിജയിച്ച, ആത്മവിശ്വാസവുമുള്ള നമ്മുടെ രാജ്യം അന്താരാഷ്‌ട്ര വേദിയിൽ വിശ്വാസവും സ്വാധീനവും നേതൃത്വവും ആർജിക്കുന്നു.
വലിയ നേട്ടങ്ങളുടെ റെക്കോഡുള്ള ഒരു സർക്കാർ സ്വാഭാവികമായും വിമർശനങ്ങളെയും സൂക്ഷ്മ പരിശോധനയെയും നേരിടേണ്ടിവരും, പ്രത്യേകിച്ച് പൊതു വിഷയങ്ങൾ ജനങ്ങൾ തുറന്നു ചർച്ച ചെയ്യുന്ന ഊർജസ്വലമായ ഒരു ജനാധിപത്യത്തിൽ. ജനങ്ങളുടെ വീക്ഷണത്തിൽ പരിവർത്തനം ദൃശ്യമാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ വർഷങ്ങളിൽ നെഹ്‌റുവിനു കീഴിൽ വിഭവങ്ങൾക്കും ആനുകൂല്യങ്ങൾക്കുമായി ജനങ്ങൾ പ്രധാനമായും സർക്കാരിനെ ഉറ്റു നോക്കിയിരുന്നു. മോദിയുടെ ഭാരതത്തിൽ സർക്കാർ സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ക്ഷേമ ആനുകൂല്യങ്ങൾ എന്നിവ ഫലപ്രദമായി നൽകുന്നുണ്ടോ എന്നതിൽ പൗരന്മാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. "രസീത് കാണിക്കാൻ നിർബന്ധിക്കുന്നു' അഥവാ ദൃശ്യമായ തെളിവുകൾ, അളക്കാവുന്ന ഫലങ്ങൾ, ഉത്തരവാദിത്തം എന്നിവ പ്രതീക്ഷിക്കുന്നു.
ഒരു നേതാവ് അധികാരത്തിലിരുന്ന കാലയളവിലല്ല, മറിച്ച് സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലാണ് ജൂൺ 10ന്‍റെ പ്രാധാന്യം. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്‍റെ അടിത്തറ കെട്ടിപ്പടുത്തത് ജവഹർലാൽ നെഹ്‌റുവാണ്, അതേസമയം സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും നേരിട്ടും സുതാര്യമായും പൗരന്മാരിലേക്ക് എത്തുന്ന തരത്തിൽ സംവിധാനത്തെ പുനഃക്രമീകരിക്കുകയോ "പുനർനിർമിക്കുകയോ' ചെയ്തത് നരേന്ദ്ര മോദിയാണ്. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലായി വിവിധ സർക്കാരുകളിൽ പ്രവർത്തിച്ചിട്ടുള്ള എനിക്ക് സമൂഹത്തിലെ ഏറ്റവും ദരിദ്ര വ്യക്തികൾക്കുണ്ടായ പ്രധാനപ്പെട്ട മാറ്റം അറിയാനാകും. മുമ്പ് സർക്കാർ ആനുകൂല്യങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ ഇപ്പോൾ അവ നേരിട്ട് ജനങ്ങളിലേക്ക് എത്തുന്നു. 2047ഓടെ വികസിത ഭാരതം എന്ന ദർശനം സാക്ഷാത്കരിക്കേണ്ടത് ദീനദയാൽ ഉപാധ്യായ വ്യക്തമാക്കിയതു പോലെ ഏറ്റവും ദുർബല വ്യക്തിയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലൂടെ ആയിരിക്കണം.