മുംബൈക്ക് റെക്കോഡ് തോൽവി സമ്മാനിച്ച് സഞ്ജുവും ചെന്നൈ സ്പിന്നർമാരും

ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസും, ഏറ്റവും വലിയ മാർജിനിലുള്ള വിജയം കുറിച്ച് ചെന്നൈ സൂപ്പർ കിങ്സും. ബാറ്റർമാരിൽ തിളങ്ങിയത് സെഞ്ചുറി നേടിയ സഞ്ജു സാംസൺ മാത്രം.
CSK vs MI IPL 2026 Sanju Samson century

സെഞ്ചുറി നേടിയ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ സഞ്ജു സാംസണെ അഭിനന്ദിക്കുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ.

Updated on

വാംഖഡെ: ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസും, ഏറ്റവും വലിയ മാർജിനിലുള്ള വിജയം കുറിച്ച് ചെന്നൈ സൂപ്പർ കിങ്സും. ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്നു വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ 103 റൺസിനായിരുന്നു ചെന്നൈയുടെ വിജയം. 20 ഓവറും ബാറ്റ് ചെയ്ത മലയാളി താരം സഞ്ജു സാംസൺ 101 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ അക്കീൽ ഹുസൈൻ മുംബൈക്ക് ആശ്വസിക്കാനുള്ള സമയം പോലും നൽകിയില്ല.

ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. പതിവിനു വിപരീതമായി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദ് ആക്രമണോത്സുകമായി കളിച്ചു തുടങ്ങിയെങ്കിലും, 22 റൺസെടുത്ത് പുറത്തായി. 14 പന്തിൽ മൂന്ന് ഫോറും ഒരു സിക്സുമാണ് നേടിയത്.

എട്ടു പന്തിൽ 14 റൺസുമായി സർഫറാസ് ഖാനും പ്രതീക്ഷയുണർത്തിയെങ്കിലും അധികം ആയുസുണ്ടായില്ല. 5 റൺസുമായി ശിവം ദുബെയും മടങ്ങുമ്പോൾ ചെന്നൈ സ്കോർ 91 റൺസിലെത്തിയിരുന്നു. അമിതാവേശം അടക്കി ബാറ്റ് ചെയ്തിട്ടും സഞ്ജു ഈ സമയത്തെല്ലാം ഇരുനൂറിനടുത്ത് സ്ട്രൈക്ക് റേറ്റ് നിലനിർത്തിയതിനാൽ ടീമിന്‍റെ ബാറ്റിങ് ശരാശരി ഓവറിൽ പത്ത് റൺസിനു മുകളിൽ തന്നെ നിന്നു.

11 പന്തിൽ 21 റൺസുമായി ഡിവാൾഡ് ബ്രീവിസ് ആക്രമണോത്സുകമായി തുടങ്ങിയെങ്കിലും മുന്നോട്ടു പോകാനായില്ല. പിന്നെ കാർത്തിക് ശർമയും (18) ജാമി ഓവർട്ടണും (15) ഒരുമിച്ച് സഞ്ജുവിന്‍റെ ചെറിയ കൂട്ടുകെട്ടുകൾ. സഞ്ജു സെഞ്ചുറി അടിക്കുന്നതു കാത്തിരുന്ന ആരാധകർക്ക് ഇന്നിങ്സിലെ അവസാന പന്തിലാണ് അതു കാണാനായത്.

ആ ഓവറിൽ സിംഗിളുകൾ ഓടാതെ അക്കീൽ ഹുസൈനെ സ്ട്രൈക്കിൽ നിന്നു മാറ്റി നിർത്തി കളിച്ച സഞ്ജു, പുതുമഖ ബൗളർ കൃഷ് ഭഗത്തിനെ രണ്ടു സിക്സറിനും അവസാന പന്തിൽ ഫോറിനും ശിക്ഷിച്ചുകൊണ്ടാണ് സീസണിൽ തന്‍റെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയത്. ആകെ 54 പന്ത് നേരിട്ട സഞ്ജുവിന്‍റെ അപരാജിത ഇന്നിങ്സിൽ പത്ത് ഫോറും ആറ് സിക്സറും ഉൾപ്പെടുന്നു.

മറുപടി ബാറ്റിങ്ങിൽ, അക്കീൽ ഹുസൈൻ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ യുവതാരം ഡാനിഷ് മലെവാറിന്‍റെ (0) വിക്കറ്റ് മുംബൈക്ക് നഷ്ടമായി. തൊട്ടടുത്ത ഓവറിൽ മുകേഷ് ചൗധരി അപകടകാരിയായ ക്വിന്‍റൺ ഡികോക്കിനെയും (7) മടക്കിയയച്ചു. മൂന്നാം ഓവറിൽ അക്കീൽ ഹുസൈൻ നമൻ ധീറിനെ (0) ക്ലീൻ ബൗൾ ചെയ്തതോടെ മുംബൈ സമ്പൂർണ പ്രതിരോധത്തിലേക്കു വഴുതി.

പവർ പ്ലേയിൽ 29 റൺസ് മാത്രം നേടിയ മുംബൈയുടെ റൺ നിരക്ക് ഉയർത്തുന്നതിൽ സൂര്യകുമാർ യാദവും (30 പന്തിൽ 35) തിലക് വർമയും (29 പന്തിൽ 37). ഇരുവരെയും അക്കീൽ ഹുസൈൻ തന്നെ പുറത്താക്കിയതോടെ മുംബൈയുടെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. പിന്നീട് വന്ന ബാറ്റർമാരിൽ ഒരാൾക്കു പോലും രണ്ടക്ക സ്കോർ പോലും കണ്ടെത്താൻ സാധിച്ചില്ല.

നാലോവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് അക്കീൽ മുംബൈയുടെ ഏറ്റവും പ്രധാനപ്പെട്ട നാല് വിക്കറ്റ് പിഴുതത്. 23 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ നൂർ അഹമ്മദും തിളങ്ങി. സെഞ്ചുറി കൂടാതെ രണ്ട് ക്യാച്ച് കൂടി കൈയിലൊതുക്കിയ സഞ്ജു സാംസൺ തന്നെയാണ് പ്ലെയർ ഓഫ് ദ മാച്ച്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com