

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ സഞ്ജു സാംസണിന്‍റെ കൈയിൽ നിന്ന് ബാറ്റ് തെറിച്ചു പോകുന്നു.
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ 32 റൺസിന്‍റെ ആധികാരിക വിജയം. ബാറ്റിങ് ട്രാക്കിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണെടുത്തത്. കൂറ്റൻ സ്കോർ അല്ലാതിരുന്നിട്ടും ഒന്നാന്തരം ബൗളിങ് പ്രകടനത്തോടെ കൊൽക്കത്തയെ 20 ഓവറിൽ ഏഴ് വിക്കറ്റിന് 160 റൺസിൽ ഒതുക്കി നിർത്തുകയായിരുന്നു ചെന്നൈ.
ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദ് (7) വീണ്ടും നിരാശപ്പെടുത്തിയെങ്കിലും, സഞ്ജു സാംസണും ആയുഷ് മാത്രെയും ചേർന്ന് പവർ പ്ലേയിൽ ചെന്നൈക്ക് കുതിപ്പ് നൽകി. 17 പന്തിൽ 38 റൺസെടുത്ത് മാത്രെ മടങ്ങുമ്പോൾ ചെന്നൈ സ്കോർ ആറോവറിൽ 72 റൺസെത്തിയിരുന്നു.
തുടർന്ന് ഡിവാൾഡ് ബ്രീവിസിനൊപ്പം സഞ്ജു അപകടകാരിയായി മുന്നേറുമ്പോൾ കാർത്തിക് ത്യാഗിയുടെ പന്തിൽ ബൗൾഡായി. 32 പന്തിൽ 48 റൺസാണ് മലയാളി ഓപ്പണർ സ്വന്തമാക്കിയത്. ഇതിൽ നാല് ഫോറും മൂന്ന് സിക്സറും ഉൾപ്പെടുന്നു.
സഞ്ജുവിന്‍റെ വിക്കറ്റ് വീണതോടെ ചെന്നൈയുടെ സ്കോറിങ് നിരക്ക് താഴ്ന്നു. എന്നാൽ, ബ്രീവിസും സർഫറാസ് ഖാനും താളം കണ്ടെത്തിയതോടെ വീണ്ടും കുതിപ്പ്. 18 പന്തിൽ 23 റൺസെടുത്ത സർഫറാസിനെ സുനിൽ നരെയ്ൻ ക്ലീൻ ബൗൾ ചെയ്തതോടെ 51 റൺസ് കൂട്ടുകെട്ട് അവസാനിച്ചു. 29 പന്തിൽ 41 റൺസെടുത്ത ബ്രീവിസിനെ കൂടി ത്യാഗി തിരിച്ചയച്ചതോടെ ചെന്നൈക്ക് അവസാന ഓവറുകളിൽ പ്രതീക്ഷിച്ച ഗതിവേഗം കണ്ടെത്താനായില്ല.
ഓഫ് സ്റ്റമ്പിനു പരമാവധി പുറത്ത് പന്തെറിഞ്ഞ് റണ്ണൊഴുക്ക് തടയാനുള്ള കൊൽക്കത്ത ബൗളർമാരുടെ തന്ത്രം മറികടക്കാൻ സ്ലോഗ് ഓവറുകളിൽ ശിവം ദുബെക്കും (12 പന്തിൽ 13) ജാമി ഓവർട്ടണും (6 പന്തിൽ 7) സാധിച്ചതുമില്ല.
എന്നാൽ, കൊൽക്കത്തയ്ക്ക് ഒരു ഘട്ടത്തിലും ആവശ്യമായ റൺ നിരക്ക് കണ്ടെത്താൻ സാധിച്ചില്ല. അപകടകാരിയായ ഫിൻ അലനെ (1) അൻഷുൽ കാംഭോജ് തുടക്കത്തിൽ തന്നെ തിരിച്ചയച്ചു. തുടർന്ന് ഓപ്പണറായി പ്രൊമോഷൻ കിട്ടിയ സുനിൽ നരെയ്നും (24), മൂന്നാം നമ്പറിലേക്ക് ഇറങ്ങിക്കളിച്ച ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (28) അടിത്തറയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും റൺ നിരക്ക് താഴെ നിന്നു. തുടർന്ന് അംഗ്‌കൃഷ് രഘുവംശിയും (27) ശ്രമിച്ചു നോക്കിയെങ്കിലും ചെന്നൈ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞുകൊണ്ടിരുന്നു.
രഘുവംശിയെയും കാമറൂൺ ഗ്രീനിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമ്മദ് പിന്നീട് റിങ്കു സിങ്ങിന്‍റെ (6) വിക്കറ്റ് കൂടി സ്വന്തമാക്കി കൊൽക്കത്തയുടെ അന്തകനായി. നാലോവറിൽ 21 റൺസ് വഴങ്ങിയ നൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളിൽ റോവ്മാൻ പവലും (31 നോട്ടൗട്ട്) രമൺദീപ് സിങ്ങും (35) കടന്നാക്രമണത്തിനു ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു.