മറവിയിൽനിന്നൊരു മാണിക്യം: കെകെആറിന്‍റെ രക്ഷകനായി ഐപിഎല്ലിലെ ആദ്യ ഇന്ത്യൻ സെഞ്ചുറിക്കാരൻ

2014 ഐപിഎൽ ഫൈനലിൽ പ്ലെയർ ഒഫ് ദ മാച്ച്, രണ്ടു വട്ടം ചാംപ്യൻ ടീമിന്‍റെ ഭാഗം. ഇന്ത്യക്കു വേണ്ടി 68 മത്സരം, ഒരു സെഞ്ചുറി, പക്ഷേ അയാളെ എല്ലാവരും മറന്നു.
KKR vs MI IPL 2026 Manish Pandey

മുംബൈ ഇന്ത്യൻസിനെതിരേ കോൽക്ക നൈറ്റ് റൈഡേഴ്സ് ബാറ്റർ മനീഷ് പാണ്ഡെയുടെ ഷോട്ട്.

Updated on

വി.കെ. സഞ്ജു

ഐപിഎല്ലിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍റെ പേര് സച്ചിൻ ടെൻഡുൽക്കർ എന്നോ വിരാട് കോലിയെന്നോ അല്ല, മനീഷ് പാണ്ഡെ എന്നാണ്. അതു മറന്നു പോയവരെ ഒരിക്കൽക്കൂടി ഓർമിപ്പിച്ച ഇന്നിങ്സിനാണ് ഐതിഹാസികമായ ഈഡൻ ഗാർഡൻസ് മൈതാനം ബുധനാഴ്ച രാത്രി സാക്ഷ്യം വഹിച്ചത്.

മനീഷ് പാണ്ഡെയെ മറന്നു പോയവരിൽ ക്രിക്കറ്റ് ആരാധകർ മാത്രമല്ല, ക്രിക്കറ്റ് അധികാരികൾ കൂടിയുണ്ട്. കഴിഞ്ഞ സീസണിനു മുന്നോടിയായി, പതിനെട്ട് ഐപിഎൽ സീസണുകളിലും കളിച്ച താരങ്ങളെ ആദരിച്ച ബിസിസിഐ, എം.എസ്. ധോണിക്കും രോഹിത് ശർമയ്ക്കും വിരാട് കോലിക്കും മെമെന്‍റോകൾ കൈമാറി. പക്ഷേ, മനീഷ് പാണ്ഡെയെ മറന്നുപോയി.

ഐപിഎല്ലിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരൻ എന്ന കണക്കുപുസ്തകത്തിലെ യാദൃച്‍ഛികത മാത്രമല്ല മനീഷ് പാണ്ഡെ. 2014 ഫൈനലിൽ പ്ലെയർ ഒഫ് ദ മാച്ച്, ആ വർഷവും പിന്നെ 2024ലും ചാംപ്യൻ ടീമിന്‍റെ ഭാഗം. എന്നിട്ടും ഇന്ത്യക്കു വേണ്ടി 68 അന്താരാഷ്ട്ര മത്സരം കളിച്ച, ഒരു സെഞ്ചുറി വരെ നേടിയ മുപ്പത്താറുകാരനെ പലരും മറന്നു.

ടീം ലിസ്റ്റിൽ ടോപ് ഓർഡർ ബാറ്റർ എന്നു രേഖപ്പെടുത്തുമ്പോഴും, കോൽക്കത്തയുടെ ബാറ്റിങ് ലൈനപ്പിൽ ലോവർ മിഡിൽ ഓർഡറിൽ മാത്രമാണ് മനീഷിന് ഈ സീസണിൽ ഇടംകിട്ടിയത്. നാല് മത്സരങ്ങളിലും ബാറ്റ് ചെയ്യാൻ അവസരമുണ്ടായില്ല. ഇതിനിടെ ആർസിബിയുടെ ടിം ഡേവിഡിനെ പുറത്താക്കിയ, അസാധ്യമായൊരു വൺ ഹാൻഡഡ് ഫ്ളൈയിങ് ക്യാച്ചിലൂടെ സ്ക്രീനുകളിൽ ആവർത്തിച്ചു കണ്ട ജെഴ്സിയിലെ പേര്, നേർത്തൊരു നൊസ്റ്റാൾജിയയോടെ, മനീഷ് പാണ്ഡെ എന്ന് വായിച്ചെടുത്തവരുണ്ടാകും. ഫസ്റ്റ് ഇലവനിൽ ഉൾപ്പെട്ട അഞ്ചാം മത്സരത്തിലാണ് മനീഷ് ഇക്കുറി ആദ്യമായി ബാറ്റ് ചെയ്യുന്നത്, അതിൽ ടീമിന്‍റെ വിജയശിൽപ്പിയുമായി.

എന്നിട്ടും, കെകെആറിന്‍റെ പുത്തൻ താരസൃഷ്ടിയായ അംഗ്കൃഷ് രഘുവംശിക്ക് കളിക്കാൻ സാധിക്കാതെ വന്നതുകൊണ്ടു മാത്രമാണ് മനീഷിന് മുംബൈക്കെതിരേ മൂന്നാം നമ്പറിൽ കളിക്കാൻ അവസരം കിട്ടിയത്. 148 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കോൽക്കത്ത ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോരെ തകരുമ്പോൾ ഒരു വശത്ത് ആ പഴയ സ്ഥിരതയോടെ ഉറച്ചു നിൽക്കുന്നുണ്ടായിരുന്നു മനീഷ് പാണ്ഡെ.

33 പന്ത്, ആറ് ബൗണ്ടറി, 45 റൺസ് മാത്രം. പക്ഷേ, അർധ സെഞ്ചുറി പോലും കടക്കാത്ത ആ ഇന്നിങ്സിന് കോൽക്കത്തയുടെ ജീവന്‍റെ വിലയുണ്ടായിരുന്നു, പ്ലേ ഓഫ് സാധ്യതയുടെ നൂൽപ്പാലത്തിലൂടെ ഒരു ചുവട് കൂടി ടീമിനെ മുന്നോട്ടു നയിച്ച ഇന്നിങ്സിന് ആ പഴയ കന്നി സെഞ്ചുറിയുടെ തിളക്കം. ഒടുവിൽ ഒരിക്കൽക്കൂടി പ്ലെയർ ഒഫ് ദ മാച്ച് പുരസ്കാരവും. കഴിഞ്ഞ രണ്ടു സീസണുകളിലായി നാല് മത്സരങ്ങൾ മാത്രം കളിക്കാനിറങ്ങിയ ബാറ്ററുടെ വിചിത്രമായ കഥ!

കോൽക്കത്തയിൽ ജീവൻമരണ പോരാട്ടത്തിനിറങ്ങിയ കെകെആറിന്‍റെ നായകൻ അജിങ്ക്യ രഹാനെ ടോസ് നേടി ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. അവസാനം കളിച്ച ഏഴ് മത്സരങ്ങളിൽ ആറും ജയിച്ചിട്ടും നേരിയ പ്ലേ ഓഫ് സാധ്യത മാത്രമാണ് ശേഷിക്കുന്നത്. കാരണം, ആദ്യം കളിച്ച ആറു കളിയും അവർ തോൽക്കുകയായിരുന്നു.

പതിവിനു വിപരീതമായി ബൗളിങ്ങിനെ അകമഴിഞ്ഞ് പിന്തുണച്ച പിച്ചിൽ മുംബൈ ബാറ്റർമാർക്ക് അടിപതറി. 147/8 എന്ന സ്കോറിലേക്ക് അവർ ഒതുങ്ങുമ്പോൾ, പുറത്തായെങ്കിലും തലയുയർത്തി മടങ്ങാമെന്ന പ്രതീക്ഷകൾക്ക് മങ്ങൽ. 41 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ മുംബൈയെ അവസാന ഓവറുകളിൽ കടന്നാക്രമണം നടത്തി, 18 പന്തിൽ പുറത്താകാതെ 32 റൺസെടുത്ത കോർബിൻ ബോഷ് ആണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. രോഹിത് ശർമയും (15) സൂര്യകുമാർ യാദവും (15) വീണ്ടും നിരാശയായപ്പോൾ, തിലക് വർമയും (20) ഹാർദിക് പാണ്ഡ്യയും (26) ശരാശരി മാത്രമായി. കോൽക്കത്തയ്ക്കു വേണ്ടി സൗരഭ് ദുബെയും കാമറൂൺ ഗ്രീനും കാർത്തിക് ത്യാഗിയും രണ്ട് വിക്കറ്റ് വീതം നേടി.‌

മറുപടി ബാറ്റിങ്ങിൽ കോൽക്കത്തയും നേരിട്ടത് തകർച്ച തന്നെ. 54 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് വീണു. എന്നാൽ, മനീഷ് പാണ്ഡെയെയും റോവ്മാൻ പവലിനെയും മെരുക്കാൻ മുംബൈ ബൗളർമാർക്കു സാധിച്ചില്ല. ഇവർ ഒരുമിച്ച 64 റൺസിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് കളിയുടെ ഗതി നിർണയിച്ചു. 30 പന്തിൽ 40 റൺസാണ് പവൽ നേടിയത്.

ബാറ്റിങ്ങിൽ മുംബൈയുടെ ടോപ് സ്കോററായ കോർബിൻ ബോഷ് മൂന്ന് വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങിയെങ്കിലും കളി ജയിപ്പിക്കാൻ അതു മതിയാകുമായിരുന്നില്ല, കാരണം, അത് മനീഷ് പാണ്ഡെയുടെ രാത്രിയായിരുന്നു, മറന്നു പോയവർക്ക് അയാളെ ഓർക്കാനുള്ള രാത്രി.

logo
Metro Vaartha
www.metrovaartha.com