

ഓസ്ട്രേലിയൻ ബൗളർമാരെ ഭയക്കാതെ സ്വാഭാവിക ശൈലിയിൽ ബാറ്റ് ചെയ്യാനാണ് സച്ചിൻ ടെൻഡുൽക്കർ യുവ ഓപ്പണറെ ഉപദേശിച്ചത്.
File
AI generated summary, newsroom reviewed
സ്പോർട്സ് ലേഖകൻ
1987ൽ സുനിൽ ഗവാസ്കർ വിരമിച്ചു. അവിടെനിന്നൊരു പതിനഞ്ച് വർഷം നീണ്ട കസേരകളിയായിരുന്നു ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ ഓപ്പണിങ് സ്ലോട്ടിലേക്ക്. സീനിയർ റോളിൽ കെ. ശ്രീകാന്ത് കുറച്ചു കാലം കൂടി തട്ടിയും മുട്ടിയും തുടർന്നു. നവ്ജ്യോത് സിങ് സിദ്ധു 51 ടെസ്റ്റ് കളിച്ചു. പിന്നെ മറ്റൊരു 19 പേർ കൂടി പരീക്ഷിക്കപ്പെട്ടു, 2002 വരെ. അതിനിടെ ശതഗോപൻ രമേശിന്‍റെ ഓപ്പണിങ് പാർട്ണറായി ഒരു 23 വയസുകാരൻ അരങ്ങേറ്റം കുറിച്ചിരുന്നു, 2000 സീസണിൽ. കളിച്ച മൂന്നാം ടെസ്റ്റിൽ സെഞ്ചുറിയടിച്ചു; ആദ്യ 18 ടെസ്റ്റിൽ 1,202 റൺസ്; ബാറ്റിങ് ശരാശരി 40 റൺസിനു മുകളിൽ! സ്വാഭാവികമായും താരതമ്യങ്ങൾ ഗവാസ്കറിലേക്കു നീണ്ടു. പക്ഷേ, 23 വയസിൽ അരങ്ങേറ്റം കുറിച്ച പ്രതിഭ 24 വയസിൽ തന്‍റെ അവസാന ടെസ്റ്റും കളിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്‍റെ വിസ്മൃതികളിലേക്കു മറഞ്ഞുപോയി.
സാങ്കേതിക തികവുള്ള ബാറ്റിങ് ശൈലിക്ക് ഉടമയായിരുന്നു ശിവസുന്ദർ ദാസ്. സിംബാബ്‌വെയിലും ശ്രീലങ്കയിലും ദക്ഷിണാഫ്രിക്കയിലും മികച്ച പ്രകടനങ്ങൾ. വെസ്റ്റിൻഡീസിൽ കളിച്ച അഞ്ച് ടെസ്റ്റുകളിലെ മോശം പ്രകടനം കാരണം എല്ലാം മാറിമറിഞ്ഞു. ഇംഗ്ലണ്ടിൽ കൗണ്ടി ടീമിനെതിരായ മത്സരത്തിൽ നേടിയ 250 റൺസിനു പോലും പിന്നെ അയാളെ ഇന്ത്യൻ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ല. വീരേന്ദർ സെവാഗ് എന്ന പ്രതിഭാസം ഇതിനിടെ ആവിർഭവിക്കുക കൂടി ചെയ്തതോടെ എസ്.എസ്. ദാസിനു മുന്നിൽ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള വഴികൾ എന്നേയ്ക്കുമായി അടഞ്ഞുപോവുകയായിരുന്നു.
ബിസിസിഐ സെലക്ഷൻ കമ്മിറ്റി അംഗമായ എസ്.എസ്. ദാസ്, ചീഫ് സെലക്റർ അജിത് അഗാർക്കൊപ്പം.
ഒഡീഷയ്ക്കു വേണ്ടി വെറും 16 വയസിൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. 1999-2000 രഞ്ജി ട്രോഫി സീസണിൽ 799 റൺസ് നേടിയതോടെ ദേശീയ സെലക്റ്റർമാരുടെ ശ്രദ്ധാകേന്ദ്രമായി. നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ (NCA) ആദ്യ ബാച്ചിലും ബോർഡർ-ഗാവസ്കർ സ്കോളർഷിപ്പ് നേടിയ ആദ്യ സംഘത്തിലും ഉൾപ്പെട്ടിരുന്നു. ഒടുവിൽ, ദേബാശിശ് മൊഹന്തിക്കു ശേഷം ഇന്ത്യൻ ടീമിലെത്തുന്ന ആദ്യ ഒഡീഷക്കാരനായി ദാസ്. നാഗ്പൂരിൽ സിംബാബ്‌വെക്കെതിരേ 175 പന്തിൽ 110 റൺസാണ് അദ്ദേഹം നേടിയത്. ആദ്യ എട്ട് ടെസ്റ്റുകൾക്ക് ശേഷം 50 നടുത്ത് ശരാശരിയിൽ 635 റൺസ്. 2001-ൽ ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെ 84 റൺസ് നേടിയ ദാസ്, ശതഗോപൻ രമേശിനൊപ്പം ഒന്നാം വിക്കറ്റിൽ 123 റൺസിന്‍റെ കൂട്ടുകെട്ടും പടുത്തുയർത്തി. 12 ടെസ്റ്റുകളുടെ ഇടവേളയ്ക്കു ശേഷമായിരുന്നു ഇന്ത്യയുടെ ഓപ്പണിങ് സഖ്യം 100 കടക്കുന്നത്. മിഡിൽ സ്റ്റമ്പ് ഗാർഡ് മാറ്റി ലെഗ് സ്റ്റമ്പിലേക്കു മാറാൻ സുനിൽ ഗവാസ്കറും, ഓസ്ട്രേലിയൻ ആക്രമണത്തെ ഭയക്കാതെ സ്വാഭാവികശൈലിയിൽ കളിക്കാൻ സച്ചിൻ ടെൻഡുൽക്കറും ഈ മത്സരത്തിനു മുൻപ് ദാസിനെ ഉപദേശിച്ചിരുന്നു.
അയാളുടെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു 2001. അക്കൊല്ലം എട്ട് അർധ സെഞ്ചുറി ഉൾപ്പെടെ 830 റൺസാണ് നേടിയത്. സിംബാബ്‌വെ പര്യടനത്തിൽ പ്ലെയർ ഒഫ് സീരീസായും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയിലും ദക്ഷിണാഫ്രിക്കയിലും അദ്ദേഹം റൺസ് കണ്ടെത്തി. എന്നാൽ, ഈ കണക്കുകൾക്കിടയിൽ കരിയർ തന്നെ തകർക്കാൻ പോന്ന ഒരു ദൗർബല്യം കൂടി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഒറ്റ വർഷം എട്ടു തവണ അമ്പത് കടന്നിട്ടും, ഒതിലൊന്നു പോലും സെഞ്ചുറിയാക്കി മാറ്റാൻ ദാസിനു കഴിഞ്ഞിരുന്നില്ല. മികച്ച തുടക്കങ്ങളെ വലിയ ഇന്നിങ്സുകളാക്കി മാറ്റുന്നതിൽ ദാസ് പരാജയപ്പെട്ടു. ടെസ്റ്റ് കരിയറിൽ ആകെ 11 തവണ 50 റൺസിനു മുകളിൽ സ്കോർ ചെയ്തപ്പോൾ, അതിൽ രണ്ട് സെഞ്ചുറി മാത്രം!
പക്ഷേ, 2002-ൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് പോകുമ്പോൾ അദ്ദേഹത്തിന്‍റെ സ്ഥാനം ടീമിൽ ഭദ്രമായിരുന്നു. അതിനകം 18 ടെസ്റ്റിൽ 1,202 റൺസ് നേടിക്കഴിഞ്ഞിരുന്നു. ഈ കാലയളവിനുള്ളിൽ ദാസിന് ഏഴ് വ്യത്യസ്ത ഓപ്പണിങ് പങ്കാളികളും വന്നുപോയി. ഒരു വശത്ത് ദാസ് സ്ഥാനമുറപ്പിച്ചു എന്ന പ്രതീതി. എന്നാൽ, ആ വിൻഡീസ് പരമ്പര കാര്യങ്ങളെല്ലാം മാറ്റിമറിച്ചു കളഞ്ഞു. അഞ്ച് ടെസ്റ്റിലായി എട്ട് ഇന്നിങ്സ് കളിച്ചിട്ടും ആകെ കിട്ടിയത് 124 റൺസ്. ബാറ്റിങ് ശരാശരി വെറും 15.50! സ്വാഭാവികമായും ഇംഗ്ലണ്ട് പര്യടനത്തിൽ ദാസ് പ്ലെയിങ് ഇലവനു പുറത്തായി.
വീരേന്ദർ സെവാഗിനെ ബാറ്റിങ് ഓർഡറിൽ പ്രൊമോട്ട് ചെയ്യാനുള്ള സൗരവ് ഗാംഗുലിയുടെ തീരുമാനം എസ്.എസ്. ദാസിന്‍റെ കരിയർ അവസാനിപ്പിച്ചു.
പുറത്താകലിനു പെട്ടെന്നുണ്ടായ കാരണം മോശം ഫോം തന്നെയായിരുന്നു. എന്നാൽ, സൗരവ് ഗാംഗുലിയുടെ ചില തന്ത്രപരമായ തീരുമാനങ്ങൾ ടീമിനെ ജയിപ്പിച്ചപ്പോൾ ദാസിന്‍റെ അവസരമാണ് നഷ്ടപ്പെട്ടത്. രാഹുൽ ദ്രാവിഡ്, സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരുള്ള ടീമിൽ വീരേന്ദർ സെവാഗിന് ഇടം കൊടുക്കാൻ ഒഴിവുള്ളത് ഓപ്പണിങ് റോളിൽ മാത്രമായിരുന്നു. അങ്ങനെ അപരിചിതമായ റോളിലേക്ക് സെവാഗ് പ്രതിഷ്ഠിക്കപ്പെട്ടു. ലോർഡ്സിൽ 84 റൺസും ട്രെന്‍റ് ബ്രിഡ്ജിൽ സെഞ്ചുറിയുമായി സെവാഗ് ആ റോൾ ഭംഗിയാക്കി.
ഇംഗ്ലണ്ടിൽ പര്യടനത്തിനിടെ എസെക്സിനെതിരായ മത്സരത്തിൽ 380 പന്തിൽ 250 റൺസെടുത്ത ശിവ സുന്ദർ ദാസ് ഇതിനകം ഫോം വീണ്ടെടുത്തിരുന്നു. സെവാഗിന്‍റെ പങ്കാളിയായി ദാസ് കളിക്കുമെന്നു തന്നെ പ്രതീക്ഷിക്കപ്പെട്ടു. പക്ഷേ, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ അധികമായി ഒരു മീഡിയം പേസറുണ്ടെങ്കിൽ ഗുണകരമാകുമെന്ന കണക്കാക്കിയ സൗരവ് ഗാംഗുലി നേരേ സഞ്ജയ് ബംഗാറെ ഓപ്പണറായി ഇറക്കി. ഹെഡിങ്‌ലി ടെസ്റ്റിൽ ബംഗാർ 68 റൺസെടുത്തു; ഇന്ത്യ ഇന്നിങ്സ് വിജയവും നേടി. അതിനു ശേഷം മുംബൈയിൽ സെവാഗ് - ബംഗാർ സഖ്യത്തിന്‍റെ 201 റൺസ് ഓപ്പണിങ് കൂട്ടുകെട്ട്!
ഇന്ത്യക്കായി നാല് ഏകദിന മത്സരങ്ങൾ മാത്രമാണ് എസ്.എസ്. ദാസ് കളിച്ചത്. ആകെ സമ്പാദ്യം 39 റൺസ്, ഉയർന്ന സ്കോർ 30 റൺസ്.
വെസ്റ്റിൻഡീസ് പര്യടനത്തിലെ അഞ്ചാം ടെസ്റ്റ് തന്‍റെ അവസാന ടെസ്റ്റായിരുന്നു എന്ന് എസ്.എസ്. ദാസ് മെല്ലെ തിരിച്ചറഞ്ഞു തുടങ്ങിട്ടുണ്ടാവണം. കുറച്ചുകാലം കൂടി ടീമിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും ഒരിക്കലും പ്ലെയിങ് ഇലവനിലെത്തിയില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പുറത്തായെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ദാസ് റൺവേട്ട തുടർന്നു. 2006-07 രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിനെതിരെ ട്രിപ്പിൾ സെഞ്ചുറി നേടി. ഫസ്റ്റ് ക്ലാസ് കരിയർ അവസാനിപ്പിക്കുമ്പോൾ, 180 മത്സരങ്ങളിൽ നിന്ന് 24 സെഞ്ചുറികളും 52 അർധസെഞ്ചുറികളും സഹിതം 10,908 റൺസ് സമ്പാദിച്ചിരുന്നു.