''സിറാജ് ടീമിലില്ലാത്തത് അത്ഭുതപ്പെടുത്തി, ഞാനായിരുന്നു ക‍്യാപ്റ്റനെങ്കിൽ അവനെ കളിപ്പിക്കുമായിരുന്നു''; പ്രതികരണവുമായി ദാദ

ചിലപ്പോൾ യുവതാരത്തിന് അവസരം നൽകാനായിരിക്കാം മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീർ ആഗ്രഹിക്കുന്നതെന്നും ദാദ
sourav ganguly response in mohammed siraj exclusion of indian cricket team playing 11

മുഹമ്മദ് സിറാജ്, സൗരവ് ഗാംഗുലി

Updated on: 

കോൽക്കത്ത: ന‍്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത‍്യൻ ടീമിന്‍റെ പ്ലെയിങ് ഇലവനിൽ പേസർ മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്താത്തതിൽ പ്രതികരണവുമായി മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ സൗരവ് ഗാംഗുലി. സിറാജ് ടീമിലില്ലാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ ദാദ എന്താണ് അതിനു കാരണമെന്ന് അറിയില്ലെന്ന് കൂട്ടിച്ചേർത്തു. 'ചിലപ്പോൾ യുവതാരത്തിന് അവസരം നൽകാനായിരിക്കാം മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീർ ആഗ്രഹിക്കുന്നത്.

അത്തരം സാഹചര‍്യത്തിൽ ടീമിന് മുതൽക്കൂട്ടാകാൻ സാധിക്കുന്ന താരം ആരെന്ന് കണ്ടെത്താൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകാം. കാരണം ജസ്പ്രീത് ബുംറയ്ക്ക് പ്രായം കൂടി വരുകയാണല്ലോ. അതിനാൽ ഇന്ത‍്യയുടെ പേസ് ആക്രമണത്തിന്‍റെ ഭാവി ആരായിരിക്കുമെന്ന് കണ്ടെത്താനായിരിക്കാം ഗംഭീർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഞാനായിരുന്നു ക‍്യാപ്റ്റനെങ്കിൽ സിറാജിനെ കളിപ്പിക്കുമായിരുന്നു. ഗൗതമിന് അതിനു പിന്നിൽ എന്തെങ്കിലും കാരണമുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. കോച്ച് എന്ന നിലയ്ക്ക് വിജയിക്കാനും തന്‍റെ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടാകും. എന്നാൽ എന്താണ് ആ കാരണമെന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ട്'. ഗാംഗുലി പറഞ്ഞു.

കൂടാതെ സെലക്റ്റർമാർ ആവശ‍്യപ്പെട്ടാൽ പോലും സിറാജിന് പകരം അൻഷുൽ കാംബോജിനെ പരിഗണിക്കില്ലെന്ന് ദാദ വ‍്യക്തമാക്കി. കിവീസിനെതിരായ രണ്ടു ടെസ്റ്റ് മത്സരങ്ങളിലും ടോസ് നേടിയ ഇന്ത‍്യ പേസർമാർക്ക് അനുകൂലമായ സാഹചര‍്യം കണക്കിലെടുത്ത് പന്തെറിയാനാണ് തീരുമാനിച്ചത്. എന്നാൽ താനായിരുന്നു ക‍്യാപ്റ്റനെങ്കിൽ ആദ‍്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുമായിരുന്നുവെന്നും ദാദ അഭിപ്രായപ്പെട്ടു.