

എൻ. ശ്രീനിവാസൻ
മുംബൈ: ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടിയതിനു പിന്നാലെ വീണ്ടും ചർച്ച ചെയ്യപ്പെട്ട് ബിസിസിഐ മുൻ പ്രസിഡന്‍റ് എൻ. ശ്രീനിവാസന്‍റെ പരാമർശം. ഞാനൊരിക്കലും വനിതാ ക്രിക്കറ്റ് അനുവദിക്കുമായിരുന്നില്ലെന്ന സ്ത്രീവിരുദ്ധ പരാമർശമാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്.
2017ൽ ഇന്ത്യൻ ടീം വേൾഡ് കപ്പ് ഫൈനലിൽ പരാജയപ്പെട്ടതിനു പിന്നാലെ ടീം മുൻ ക്യാപ്റ്റൻ ഡയാന എഡൽജിയാണ് ശ്രീനിവാസന്‍റെ പരാമർശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് വനിതാ ക്രിക്കറ്റിനോട് വെറുപ്പായിരുന്നുവെന്നും അന്ന് ഡയാന വെളിപ്പെടുത്തിയിരുന്നു.
ബിസിസിഐ പ്രസിഡന്‍റായി അധികാരത്തിലേറിയപ്പോൾ അദ്ദേഹത്തെ അഭിനന്ദിക്കാനായി ഡയാന വാംഖഡെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അന്നാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. സ്ത്രീകൾക്ക് ക്രിക്കറ്റ് കളിക്കുന്നിടത്ത് കാര്യമില്ല, ഐസിസി നിയമം ഉള്ളതു കൊണ്ടു മാത്രമാണിപ്പോൾ ഇതിന് അനുവദിക്കുന്നതെന്നും അന്ന് ശ്രീനിവാസൻ പറഞ്ഞതായി ഡയാന പറയുന്നു.
ബിസിസിഐ ഒരു മെയിൽ ഷോവനിസ്റ്റ് ഓർഗനൈസേഷൻ ആയിരുന്നു. അവരൊരിക്കലും സ്ത്രീകൾക്ക് ഇടം ലഭിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ലെന്നും ഡയാന പറഞ്ഞിരുന്നു. 2014ൽ ഐപിഎൽ വാതുവയ്പ്പ് വിവാദത്തിനു പിന്നാലെയാണ് ശ്രീനിവാസൻ ബിസിസിഐ പ്രസിഡന്‍റ് പദവി ഒഴിഞ്ഞത്.