"ഡോക്റ്റർമാർ കൈയൊഴിഞ്ഞു, അസുഖം മാറ്റിയത് ചാറ്റ് ജിപിടി"; അവകാശവാദവുമായി യുവതി
"ഡോക്റ്റർമാർ കൈയൊഴിഞ്ഞു, അസുഖം മാറ്റിയത് ചാറ്റ് ജിപിടി"; അവകാശവാദവുമായി യുവതി
ഡോക്റ്റർമാർ പോലും കൈയൊഴിഞ്ഞപ്പോൾ തന്‍റെ അമ്മയുടെ അസുഖം മാറ്റി രക്ഷിച്ചത് ചാറ്റ് ജിപിടിയാണെന്ന വിചിത്ര വാദവുമായി യുവതി. എക്സിൽ ശ്രേയ എന്ന പെൺകുട്ടിയാണ് ഇക്കാര്യം പങ്കു വച്ചിരിക്കുന്നത്. തന്‍റെ അമ്മയുടെ ഒന്നര വർഷം പഴക്കമുള്ള ചുമയും ആന്തരിക രക്തസ്രാവവും ചാറ്റ്ജിപിടിയുടെ സഹായത്തോടെ ചികിത്സിച്ചു മാറ്റിയെന്നാണ് ശ്രേയ അവകാശപ്പെടുന്നത്.
കുറിപ്പ് വായിക്കാം...
ചാറ്റ് ജിപിടി എന്‍റെ അമ്മയെ രക്ഷിച്ചു.
എന്‍റെ അമ്മയ്ക്ക് കഴിഞ്ഞ 1.5 വർഷമായി നിലയ്ക്കാത്ത ചുമയാണ്. നഗരത്തിനകത്തും പുറത്തുമായി നിരവധി ആശുപത്രികളിലെത്തി അനവധി പ്രഗത്ഭരായ ഡോക്റ്റർമാരെ കണ്ടിരുന്നു. ആയുർവേദവും അലോപതിയും ഹോമിയോയുമെല്ലാം പരീക്ഷിച്ചു നോക്കി. പക്ഷേ അസുഖം കൂടുതൽ മോശമാകുകയാണ് ഉണ്ടായത്. പതിയെ ആന്തരിക രക്തസ്രാവം ആരംഭിച്ചതായും ആറു മാസത്തിൽ കൂടുതൽ രക്തസ്രാവം തുടർന്നാൽ മാരകമാണെന്നും ഡോക്റ്റർമാർ പറഞ്ഞു. അതോടെ ഞാൻ ഭയന്നു. മറ്റു വഴികളൊന്നുമില്ലെന്ന് തോന്നിയതോടെ ഇക്കാര്യമെല്ലാം ചാറ്റ്ജിപിടിയോട് പറഞ്ഞു. ഉടൻ തന്നെ ചാറ്റ് ജിപിടി അസുഖത്തിന് കാരണമായേക്കാവുന്ന നിരനവധി സാധ്യതകൾ മുന്നോട്ടു വച്ചു. അതിൽ ഒന്ന് രക്തസമ്മർദത്തിനായുള്ള മരുന്നായിരുന്നു. അതേക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നു പോലുമില്ല.
രക്തസമ്മർദത്തിനുള്ള മരുന്നു കഴിക്കുന്നുണ്ടെന്ന് പറഞ്ഞതോടെ അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ച് ചാറ്റ് ജിപിടി സംശയം പ്രകടിപ്പിച്ചു. ഉടൻ തന്നെ ഇക്കാര്യം ഞങ്ങൾ ഡോക്റ്ററുമായി പങ്കു വച്ചു. അദ്ദേഹം പെട്ടെന്ന് തന്നെ ആ മരുന്നുകൾ മാറ്റി. ഇപ്പോൾ അമ്മയുടെ അസുഖം ഭേദമായിക്കൊണ്ടിരിക്കുകയാണ്. പൊലിപ്പിച്ചു പറയുകയല്ല, പക്ഷേ അമ്മയുടെ ജീവൻ രക്ഷിച്ചത് ചാറ്റ് ജിപിടിയാണ്. എന്നാണ് ശ്രേയ എക്സിൽ കുറിച്ചിരിക്കുന്നത്.