വാങ്ങുന്നു, വിൽക്കുന്നു! വാഹന വില്‍പ്പനയില്‍ കേരളത്തിന് അഞ്ചാം സ്ഥാനം
കൊച്ചി: രാജ്യത്തെ വാഹന വില്‍പ്പനയില്‍ അഞ്ചാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് കേരളം. കൊവിഡ് കാലത്ത് വളര്‍ച്ച കുറഞ്ഞെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ കേരളം നേട്ടം നിലനിർത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ (2025-26) ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള (രണ്ടാം പാദം) വില്‍പ്പന കണക്കുകള്‍ കഴിഞ്ഞ ദിവസം വാഹന കമ്പനികളുടെ സംഘടനയായ സൊസൈറ്റി ഒഫ് ഓട്ടൊമൊബൈല്‍ മാനുഫാക്ച്ചറേഴ്സ് (സിയാം) പുറത്തുവിട്ടിരുന്നു.
ഇതില്‍ ആകെ വില്‍പ്പനയുടെ 6.7% വിഹിതവുമായി കേരളം അഞ്ചാം സ്ഥാനം നിലനിർത്തി. ജിഎസ്ടി ഇളവുകള്‍ നടപ്പിലാക്കുന്നതിന് മുൻപുള്ള കണക്കുകളാണിത്.
ആകെ 10.39 ലക്ഷം കാറുകളും 55.62 ഇരുചക്ര വാഹനങ്ങളുമാണ് ഈ കാലയളവില്‍ രാജ്യത്ത് വിറ്റത്.
ഇതില്‍ 30 ശതമാനത്തോളം വില്‍പ്പനയും മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പതിവുപോലെ 1.32 ലക്ഷം കാറുകള്‍ വിറ്റ മഹാരാഷ്‌ട്രയാണ് മുന്നില്‍. ആകെ വില്‍പ്പനയുടെ 12.7%. 6.93 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഉത്തര്‍പ്രദേശില്‍ വിറ്റത്. ആകെ വില്‍പ്പനയുടെ 12.5%. ആകെ കാറുകളുടെ 8.5 ശതമാനവും ഇരുചക്ര വാഹനങ്ങളുടെ 8.0 ശതമാനവും മുച്ചക്ര വാഹനങ്ങളുടെ 9.8 ശതമാനവും വാണിജ്യ വാഹനങ്ങളുടെ 9.4 ശതമാനവും വില്‍പ്പന നടന്ന ഗുജറാത്താണ് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണി. കര്‍ണാടകയാണ് നാലാം സ്ഥാനത്ത്. ആകെ കാര്‍ വില്‍പ്പനയുടെ 6.7 ശതമാനവും ഇരുചക്ര വാഹനങ്ങളുടെ 2.9 ശതമാനവും വിറ്റത് കേരളത്തിലാണെന്ന് കണക്കുകള്‍ പറയുന്നു.