ഓട്ടൊമാറ്റിക് കാറുകളുടെ വിൽപ്പന കുതിക്കുന്നു 
Auto

ഓട്ടൊമാറ്റിക് കാറുകളുടെ വിൽപ്പന കുതിക്കുന്നു

20 പ്രധാന നഗരങ്ങളിലെ കാര്‍ വിൽപ്പനയുടെ മൂന്നിലൊന്ന് ശതമാനവും ഓട്ടൊമാറ്റിക് മോഡിലുള്ളവയാണ്.

ബിസിനസ് ലേഖകൻ

കൊച്ചി: ഇന്ത്യന്‍ വാഹന വിപണിയില്‍ ഓട്ടൊമാറ്റിക് കാറുകളുടെ വിൽപ്പന കുതിക്കുന്നു. വില കൂടുതലാണെങ്കിലും മാനുവല്‍ വാഹനങ്ങളേക്കാള്‍ ഓട്ടൊമാറ്റിക് മോഡിലെ കാറുകള്‍ വാങ്ങാനാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് താത്പര്യമെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

സുഖകരമായി നഗരങ്ങളിലും ട്രാഫിക് ബ്ലോക്കുകളിലും വാഹനം ഓടിക്കാന്‍ കഴിയുമെന്നതാണ് ഓട്ടൊമാറ്റിക് കാറുകളുടെ പ്രത്യേകത. രാജ്യത്തെ മൊത്തം വാഹന വിൽപ്പനയില്‍ 26 ശതമാനം വിഹിതം ഓട്ടൊമാറ്റിക് ട്രാന്‍സ്മിഷന്‍ വാഹനങ്ങള്‍ക്കാണ്. 20 പ്രധാന നഗരങ്ങളിലെ കാര്‍ വിൽപ്പനയുടെ മൂന്നിലൊന്ന് ശതമാനവും ഓട്ടൊമാറ്റിക് മോഡിലുള്ളവയാണ്.

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായ്, കിയ തുടങ്ങിയ മുന്‍നിര കമ്പനികളെല്ലാം അത്യാധുനിക സൗകര്യങ്ങളോടെ ഓട്ടൊമാറ്റിക് കാറുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്. ഹോണ്ടയുടെ മൊത്തം കാര്‍ വിൽപ്പനയില്‍ 50 ശതമാനത്തിലധികം ഓട്ടൊമാറ്റിക് കാറ്റഗറിയിലാണ്. ഓഗസ്റ്റില്‍ ടൊയോട്ട ഇന്നോവ 42,191 യൂണിറ്റ് ഓട്ടൊമാറ്റിക് കാറുകളാണ് വിൽപ്പന നടത്തിയത്. ടാറ്റ നെക്സോണ്‍ ഇക്കാലയളവില്‍ 38,046 വാഹനങ്ങള്‍ വിറ്റഴിച്ചു.

ഹ്യുണ്ടായ് ക്രെറ്റ 33,178 യൂണിറ്റുകളും ടാറ്റ പഞ്ച് 32,563 യൂണിറ്റുകളും മഹീന്ദ്ര എക്സ്‌യുവി 700 28,279 യൂണിറ്റുകളും ഓട്ടൊമാറ്റിക് മോഡലുകള്‍ വിൽപ്പന നടത്തി. ടൊയോട്ട ഹൈറൈഡര്‍ 27,367 യൂണിറ്റുകള്‍, കിയ സെല്‍റ്റോസ് 22,750 യൂണിറ്റുകള്‍, മാരുതി ബെലനോ 22,162 യൂണിറ്റുകള്‍, ടാറ്റ ടിയാഗോ 21,054 യൂണിറ്റുകള്‍, മാരുതി ഫ്രോന്‍ക്സ് 19,617 യൂണിറ്റുകള്‍ എന്നിങ്ങനെയാണ് വിൽപ്പന കണക്കുകള്‍.

മാനുവല്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓണ്‍ റോഡ് വില 60,000 രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെ കൂടുതലാണെങ്കിലും ഉപയോക്താക്കള്‍ ഡ്രൈവിങ് സുഖം കണക്കിലെടുത്ത് ഓട്ടൊമാറ്റിക് കാറുകളാണ് തെരഞ്ഞെടുക്കുന്നതെന്ന് ഡീലര്‍മാര്‍ പറയുന്നു. ഇത്തവണത്തെ ഉത്സവകാലത്ത് വിൽപ്പനയില്‍ നേട്ടമുണ്ടാക്കാന്‍ അധിക ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് കാര്‍ കമ്പനികള്‍ ഒരുങ്ങുന്നത്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ