ഈ ബാങ്കുകളിൽ ഇനി മുതൽ മിനിമം ബാലന്‍സിന് പിഴയില്ല!
സേവിങ്‌സ് അക്കൗണ്ടുകളില്‍ 'മിനിമം ബാലന്‍സ് നിബന്ധന' ഒഴിവാക്കി 4 പൊതുമേഖലാ ബാങ്കുകള്‍. പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിനാൽ പിഴയീടാക്കുന്ന പതിവ ബാങ്കുകള്‍ ഒഴിവാക്കുന്നത്. 2 മാസത്തിനിടെ 4 പൊതുമേഖലാ ബാങ്കുകളാണ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കിയിട്ടുള്ളത്.
ഒരു ഉപയോക്താവ് തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിലനിർത്തേണ്ട ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ ബാലൻസാണ് (AMB) മിനിമം ബാലന്‍സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ബാങ്ക് അക്കൗണ്ടിലെ ബാലൻസ് ആവശ്യമായ തുകയ്ക്ക് താഴെയാണെങ്കിൽ, അതായത് മിനിമം ബാലന്‍സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ ബാങ്കുകൾ പിഴ ചുമത്തും. സേവിങ്‌സ് അക്കൗണ്ടിന്‍റെ തരം അനുസരിച്ച് പിഴ തുകയിൽ വ്യത്യാസം വരും.
2025 മേയ് ഒന്നു മുതൽ അക്കൗണ്ടില്‍ മാസം ശരാശരി നിശ്ചിത തുകയുണ്ടായിരിക്കണമെന്നുള്ള നിബന്ധന ഒഴിവാക്കി. ഈ ഇളവ് സേവിങ്‌സ് അക്കൗണ്ടുകൾ, സാലറി അക്കൗണ്ടുകൾ, എൻആർഐ സേവിങ്‌സ് അക്കൗണ്ടുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം സേവിങ്‌സ് അക്കൗണ്ടുകൾക്കും ബാധകമാണ്.
എല്ലാ സേവിങ്‌സ് അക്കൗണ്ടുകളിലും മിനിമം ശരാശരി ബാലൻസ് (MAB) നിലനിർത്താൻ സാധിക്കുന്നില്ലെങ്കിലും പഞ്ചാബ് നാഷണൽ ബാങ്ക് പിഴ ഈടാക്കില്ല. 2025 ജൂലൈ ഒന്നു മുതൽ ഈ മാറ്റം നിലവിൽ വന്നു. നേരത്തെ, മിനിമം ബാലൻസിൽ കുറവു വരുന്ന തുക എത്രയാണോ, അതിന് ആനുപാതികമായി സേവിങ്‌സ് അക്കൗണ്ട് ഉടമകളിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.
2025 ജൂലൈ 1 മുതൽ ബാങ്ക് ഓഫ് ബറോഡയുടെ മിനിമം അക്കൗണ്ട് ബാലൻസ് ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ബാങ്കിന്‍റെ പ്രീമിയം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിൽ ഈ മാറ്റം വന്നിട്ടില്ല. ഇവയിൽ BOB മാസ്റ്റർ സ്ട്രോക്ക് എസ്‌ബി അക്കൗണ്ട്, BOB സൂപ്പർ സേവിങ്‌സ് അക്കൗണ്ട്, BOB ശുഭ് സേവിങ്‌സ് അക്കൗണ്ട്, BOB പ്ലാറ്റിനം എസ്‌ബി അക്കൗണ്ട്, BOB ഇൻസ്റ്റിറ്റ്യൂഷണൽ അക്കൗണ്ട് തുടങ്ങിയവയ്ക്ക് ഇളവ് ബാധകമായിട്ടില്ല.
ഏറ്റവും ഒടുവിൽ മിനിമം ബാലൻസ് എഴുതിത്തള്ളുന്ന ബാങ്ക് ഇന്ത്യൻ ബാങ്കാണ്. എല്ലാത്തരം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലുമുള്ള മിനിമം ബാലൻസ് ചാർജുകൾ പൂർണമായി ഒഴിവാക്കുന്നതായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാറ്റം 2025 ജൂലൈ ഏഴിനു പ്രാബല്യത്തിൽ വരും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2020 മുതല്‍ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് നിബന്ധന പിന്‍വലിച്ചിരുന്നു.