ഇന്ത‍്യൻ ഓഹരി വിപണിക്ക് വൻ മുന്നേറ്റം 
Business

ഇന്ത‍്യൻ ഓഹരി വിപണിക്ക് വൻ മുന്നേറ്റം

ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1,330.96 പോയിന്‍റ് കുതിപ്പോടെ 80,436.84ല്‍ അവസാനിച്ചു

Aswin AM

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ വന്‍ മുന്നേറ്റം നടത്തി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1,330.96 പോയിന്‍റ് കുതിപ്പോടെ 80,436.84ല്‍ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 397.40 പോയിന്‍റ് മുന്നേറ്റത്തോടെ 24,541.15ലെത്തി. പ്രധാന മേഖലകളിലെ ഓഹരികളെല്ലാം മികച്ച നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഐടി, വാഹന, ബാങ്കിങ്, മെറ്റല്‍സ്, റിയല്‍റ്റി മേഖലകളിലെ ഓഹരികളാണ് പ്രധാനമായും മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, വിപ്രോ എന്നിവയാണ് ഇന്നലെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.

അമെരിക്കയിലെ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞതോടെയാണ് ഇന്ത്യയിലെ ഓഹരി നിക്ഷേപകര്‍ക്ക് ആവേശമേറിയത്. ആഭ്യന്തര നിക്ഷേപകര്‍ക്ക് ഒപ്പം വിദേശ ധനകാര്യ സ്ഥാപനങ്ങളും വലിയ തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി. കഴിഞ്ഞ ദിവസം പുറത്തുവന്ന നാണയപ്പെരുപ്പം, തൊഴിലില്ലായ്മ നിരക്ക്, ചില്ലറ വിൽപ്പന തുടങ്ങിയ പ്രധാന കണക്കുകളെല്ലാം അമെരിക്കയില്‍ മാന്ദ്യം ശക്തമല്ലെന്ന സൂചനയാണ് നല്‍കുന്നത്. ഇതോടെ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ബുധനാഴ്ച അമെരിക്കയിലെ പ്രധാന സൂചികകള്‍ മികച്ച മുന്നേറ്റം നടത്തിയിരുന്നു.

ഓഹരി വിപണിയിലെ മികച്ച മുന്നേറ്റത്തിന്‍റെ കരുത്തില്‍ ഡോളറിനെതിരെ രൂപ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചു. വിദേശ ബാങ്കുകള്‍ ഡോളര്‍ വിറ്റഴിച്ചെങ്കിലും എണ്ണ കമ്പനികള്‍ വിപണിയില്‍ സജീവമായതിനാല്‍ കാര്യമായ വ്യതിയാനമുണ്ടായില്ല. ഇന്നലെ 83.97ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഈ വാരം തുടക്കത്തില്‍ രൂപ കനത്ത സമ്മർദം നേരിട്ടെങ്കിലും റിസര്‍വ് ബാങ്ക് ഇടപെടലാണ് ഗുണമായത്.

പലിശ കുറയാനുള്ള സാധ്യത ഉയര്‍ന്നതോടെ ഡോളറും കടപ്പത്രങ്ങളും ശക്തിയാര്‍ജിച്ചു. എന്നാല്‍ സുരക്ഷിത മേഖലയായ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ പിന്മാറി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2,454 ഡോളറിലേക്ക് താഴ്ന്നു. നാണയപ്പെരുപ്പം കുറയുന്നതും തൊഴിലവസരങ്ങള്‍ കൂടിയതും കണക്കിലെടുത്ത് ഫെഡറല്‍ റിസര്‍വ് അടുത്ത മാസം പലിശ നിരക്ക് അര ശതമാനം വരെ കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്.

"നേതാക്കൾ വടംവലിക്കണ്ട, കോൺഗ്രസിന് കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാവില്ല'': ഹൈക്കമാൻഡ്

ശബരിമല സ്വർണപ്പാളി വിവാദം സിനിമയാവുന്നു

ജോലിക്ക് കോഴ: തമിഴ്നാട് സർക്കാരിന് വീണ്ടും ഇഡി കുരുക്ക്

വീശിയടിച്ച് 'മോൺത'; ആന്ധ്രയിൽ 4 മരണം

ഡൽഹിയിൽ‌ 'കൃത്രിമ മഴ' പരീക്ഷണം പരാജയപ്പെട്ടു; കാരണമിതാണ്!