Mukesh Ambani 
Business

ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക: സത്യ നാദെല്ലയെയും സുന്ദർ പിച്ചൈയെയും പിന്നിലാക്കി മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ അംബാനി ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തുമാണ്

മുംബൈ: ബ്രാൻഡ് ഫിനാൻസിന്‍റെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സ് 2024ൽ മുകേഷ് അംബാനി ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും എത്തി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ മുകേഷ് അംബാനി, മൈക്രോസോഫ്റ്റിന്‍റെ സത്യ നാദെല്ലയെയും ഗൂഗിളിന്‍റെ സുന്ദർ പിച്ചൈയെയും പിന്തള്ളിയാണ് ആഗോളതലത്തിൽ രണ്ടാമതെത്തിയത്. ടെൻസെന്‍റിന്‍റെ ഹുവാറ്റെങ് മായാണ് ഒന്നാമത്.

ജീവനക്കാർ, നിക്ഷേപകർ, സമൂഹം എന്നിങ്ങനെ എല്ലാ പങ്കാളികളുടെയും ആവശ്യങ്ങൾ സന്തുലിതമാക്കി സുസ്ഥിരമായ രീതിയിൽ ബിസിനസ്സ് മൂല്യം കെട്ടിപ്പടുക്കുന്ന സിഇഒമാർക്കുള്ള ആഗോള അംഗീകാരമാണ് ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക.

മറ്റ് ഇന്ത്യക്കാരിൽ, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ 2023 ലെ റാങ്കിംഗിൽ 8-ാം സ്ഥാനത്ത് നിന്ന് 5-ാം സ്ഥാനത്തെത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ അനീഷ് ഷാ 6ാം സ്ഥാനത്തും ഇൻഫോസിസിന്‍റെ സലിൽ പരേഖ് 16ാം സ്ഥാനത്തുമാണ്.

കഴിഞ്ഞ വർഷത്തെ റാങ്കിങ്ങിലും അംബാനി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു. ഈ വർഷം ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സിൽ വൈവിധ്യമുള്ള ബിസിനസ് സിഇഒമാരിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. മൈക്രോസോഫ്റ്റിന്‍റെ സത്യ നാദെല്ല, ഗൂഗിളിന്‍റെ സുന്ദർ പിച്ചൈ, ആപ്പിളിന്‍റെ ടിം കുക്ക്, ടെസ്‌ലയുടെ എലോൺ മസ്‌ക് തുടങ്ങിയ പ്രമുഖരെക്കാൾ മുന്നിലാണ് ഇക്കാര്യത്തിൽ മുകേഷ് അംബാനി.

ബ്രാൻഡ് ഫിനാൻസിന്‍റെ സർവേയിൽ അംബാനിക്ക് 80.3 ബിജിഐ സ്കോറാണു ലഭിച്ചത്. ചൈന ആസ്ഥാനമായ ടെൻസെന്‍റിന്‍റെ ഹുവാറ്റെങ് മായ്ക്ക് ലഭിച്ചത് 81.6 ആണ്.

ഒരു കമ്പനിയുടെ ബ്രാൻഡ് സംരക്ഷിക്കുന്നതിനും അതിന്‍റെ ദീർഘകാല മൂല്യം പരിപോഷിപ്പിക്കുന്നതിനുമുള്ള ഒരു സിഇഒയുടെ കഴിവ് ഏറ്റവും ഫലപ്രദമായി പ്രകടമാക്കുന്ന ഗുണങ്ങൾ കൃത്യമായി സൂചിപ്പിക്കാൻരൂപകൽപ്പന ചെയ്തതാണ് ബ്രാൻഡ് ഫിനാൻസിന്‍റെ സ്കോർകാർഡ്.

സിഇഒയുടെ പ്രശസ്തി നിർണ്ണയിക്കുന്നതിൽ ഇഎസ്‌ജി (പരിസ്ഥിതി, സാമൂഹിക, ഭരണ ഘടകങ്ങൾ) ഏറ്റവും പ്രധാനപ്പെട്ട ചാലകശക്തിയായി മാറിയിരിക്കുന്നു എന്നാണ് ഈ വർഷത്തെ വിശകലനം വെളിപ്പെടുത്തുന്നത്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ