Business

ആമമയിലൊട്ടകം ബ്രാന്‍ഡുകള്‍

കട്ടിയേറിയ കവചവും പേറി തന്‍റെ ശരീരത്തെ മറ്റു ജീവികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്ന ആമയുടെ പേര് കൊതുകുതിരി ബ്രാന്‍ഡിന് നല്‍കിയത് ഒന്നാംതരം ബ്രാന്‍ഡ് സ്ട്രാറ്റജിയാണ്

ഫേവര്‍ ഫ്രാന്‍സിസ്

കേരളത്തില്‍ നിന്നുള്ള ബ്രാന്‍ഡുകളില്‍ ഞാന്‍ ആദ്യം പരിചയപ്പെട്ട ബ്രാന്‍ഡാണ് തത്ത മാര്‍ക്ക് നല്ലെണ്ണ. എന്‍റെ വീടിന് തൊട്ടടുത്തുള്ള ചക്കാമുക്ക് എന്ന സ്ഥലത്ത് ഇപ്പോഴുമുണ്ട് ആ നല്ലെണ്ണക്കട. ബ്രാന്‍ഡുകള്‍ക്ക് പക്ഷിമൃഗാദികളുടെ പേരിടുന്നത് ബ്രാന്‍ഡിങ്ങിന്‍റെ തുടക്കകാലം മുതലുള്ള രീതിയാണ്.

പേര് മാത്രമല്ല ആ ബ്രാന്‍ഡിന്‍റെ ലോഗോ മാര്‍ക്ക് അഥവാ അടയാളവും ആ പക്ഷിയുടെയോ മൃഗത്തിന്‍റെയോ ചിത്രമായിരിക്കും. ഒരു ബ്രാന്‍ഡിനെ ഓര്‍മയില്‍ നിര്‍ത്താന്‍ ഏറ്റവും എളുപ്പമുള്ള രീതിയാണ് ഈ ചിത്രങ്ങള്‍ പാക്കറ്റില്‍ നല്‍കുക എന്നത്. ചില ഷോപ്പിംഗ് മാളുകളുടെ പാര്‍ക്കിങ് ലോട്ടില്‍ നിങ്ങള്‍ ഇത് പോലെയുള്ള അടയാളങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും.

മാന്‍, മയില്‍, കുയില്‍, മുയല്‍ അങ്ങനെ കുറെ മാര്‍ക്കുകളുണ്ട് ഇപ്പോഴും നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍. എന്നാല്‍ മലയാളിക്ക് ഈ രീതിയില്‍ ഏറ്റവും സുപരിചിതമായ മാര്‍ക്ക് കച്വാ ചാപ് അഥവാ ആമ മാര്‍ക്ക് ആണ്. കൊതുകിനെ തുരത്താനുള്ള നമ്മള്‍ പരിചയപ്പെട്ട ആദ്യ ബ്രാന്‍ഡഡ് ഉപാധിയായിരുന്നു ആമ മാര്‍ക്ക് കൊതുകുതിരി. മാനിനും മുയലിനും മയിലിനും തത്തക്കുമൊന്നും അവര്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ ഉല്പന്നങ്ങളുടെ സവിശേഷതകളുമായി പ്രത്യേകിച്ച് ബന്ധമൊന്നും അവകാശപ്പെടാനില്ല.

എന്നാല്‍ ആമ മാര്‍ക്ക് അങ്ങനെയല്ല. കട്ടിയേറിയ കവചവും പേറി തന്‍റെ ശരീരത്തെ മറ്റു ജീവികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്ന ആമയുടെ പേര് കൊതുകുതിരി ബ്രാന്‍ഡിന് നല്‍കിയത് ഒന്നാംതരം ബ്രാന്‍ഡ് സ്ട്രാറ്റജിയാണ്. ആ പേര് കൊണ്ട് കൂടിയാണ് ആമ മാര്‍ക്ക് ജനങ്ങളുടെ വിശ്വാസം നേടിയെടുത്തതും.

( ബ്രാന്‍ഡിങ്, പരസ്യകലാ രംഗത്തെ വിദഗ്ധനും, വിവിധ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ അധ്യാപകനുമാണ് ലേഖകന്‍ )

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്