ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് പ്രിയം കുറയുന്നു Image by Freepik
Business

ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് പ്രിയം കുറയുന്നു

സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ബാങ്കുകളുടെ വായ്‌പാ വിതരണം മെച്ചപ്പെട്ടു

കൊച്ചി: വാണിജ്യ ബാങ്കുകൾക്ക് വെല്ലുവിളി സൃഷ്ടിച്ച് സ്ഥിര നിക്ഷേപങ്ങൾ മറ്റു മേഖലകളിലേക്ക് ഒഴുകുന്നു. ഓഹരി, കടപ്പത്രങ്ങൾ, സ്വർണം തുടങ്ങിയവ മികച്ച വരുമാനം നിക്ഷേപകർക്കു നൽകുന്നതാണ് ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ ആകർഷണം കുറയ്ക്കുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ മൂന്നു മാസങ്ങളിൽ പ്രധാന ബാങ്കുകളുടെയെല്ലാം സ്ഥിര നിക്ഷേപങ്ങളിൽ മുക്കാൽ ശതമാനം മുതൽ ഒന്നര ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന പലിശ നിരക്ക് നൽകുന്ന വിവിധ കാലാവധി നിക്ഷേപങ്ങളിൽ മാത്രമാണ് വളർച്ച ദൃശ്യമാകുന്നത്. പലിശ കുറവുള്ള കറന്‍റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപങ്ങൾ വലിയ തോതിൽ പിൻവലിക്കുന്നതിനാൽ ബാങ്കുകളുടെ മാർജിൻ കുറയുകയാണ്.

പ്രമുഖ പൊതു മേഖലാ ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്‌ട്രയുടെ സ്ഥിര നിക്ഷേപങ്ങൾ ഏപ്രിൽ - ജൂൺ മാസങ്ങളിൽ 2.67 ലക്ഷം കോടിയായി കുറഞ്ഞു. ജനുവരി - മാർച്ച് മാസങ്ങളിൽ ബാങ്കിന്‍റെ സ്ഥിര നിക്ഷേപം 2.7 ലക്ഷം കോടി രൂപയായിരുന്നു. യെസ് ബാങ്കിന്‍റെ നിക്ഷേപം ഇതേകാലയളവിൽ 0.75 ശതമാനം കുറഞ്ഞ് 2.64 ലക്ഷം കോടി രൂപയിലെത്തി. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ബന്ധൻ ബാങ്കാണ് നിക്ഷേപങ്ങളിൽ വലിയ ഇടിവ് നേരിട്ടത്. ബാങ്കിന്‍റെ മൊത്തം നിക്ഷേപം മാർച്ച് 31ന് 1.35 ലക്ഷം കോടി രൂപയിൽ നിന്ന് 1.5 ശതമാനം ഇടിഞ്ഞ് ജൂണിൽ 1.3 ലക്ഷം കോടി രൂപയായി.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിനു പോലും നിക്ഷേപ സമാഹരണത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ബാങ്കിന്‍റെ കാസാ നിക്ഷേപങ്ങൾ മാർച്ച് പാദത്തേക്കാൾ 5 ശതമാനം കുറഞ്ഞ് 8.63 ലക്ഷം കോടി രൂപയിലെത്തി.

അതേസമയം, സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ വായ്പാ വിതരണം ഉയരുകയാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ബാങ്കുകളുടെ വായ്‌പാ വിതരണം മെച്ചപ്പെട്ടു. എച്ച്ഡിഎഫ്സി ബാങ്ക് ഒഴികെയുള്ള ബാങ്കുകൾ വായ്പാ വിതരണം മെച്ചപ്പെടുത്തി. യെസ് ബാങ്കിന്‍റെ മൊത്തം വായ്പ മാർച്ച് പാദത്തിലെ 2.27 ലക്ഷം കോടി രൂപയിൽ നിന്ന് 2.29 ലക്ഷം കോടി രൂപയായി ഉയർന്നു. ഫെഡറൽ ബാങ്കിന്‍റെ വായ്പാ പോർട്ട്‌ഫോളിയോ ഇക്കാലയളവിൽ 5.5 ശതമാനം വർധനയോടെ 2.24 ലക്ഷം കോടി രൂപയിലെത്തി.

വിപഞ്ചികയുടെയും മകളുടെയും മരണം; കോൺസുലേറ്റിന്‍റെ അടിയന്തിര ഇടപെടൽ കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവച്ചു

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു

സമൂസ, ജിലേബി, ലഡ്ഡു എന്നിവയ്ക്ക് മുന്നറിയിപ്പില്ല ഉപദേശം മാത്രം: ആരോഗ്യ മന്ത്രാലയം

കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

'കുഞ്ഞിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം'; കോൺസുലേറ്റിന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ