.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
#ബിസിനസ് ലേഖകൻ
കൊച്ചി: ഭക്ഷ്യ ഉത്പന്നങ്ങളുടെ വില നിയന്ത്രണാതീതമായി കുതിച്ചുയരുന്നതിനാൽ ശക്തമായ വിപണി ഇടപെടലിനു റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ഒരുങ്ങുന്നു. വിതരണ രംഗത്തെ പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വിപണിയിലെ പണലഭ്യതയിലുണ്ടായ വർധനയുമാണു വിലക്കയറ്റം രൂക്ഷമാക്കുന്നത്.
പച്ചക്കറികളുടെ വിലയിലാണു കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയത്. പഴവർഗങ്ങൾ, മത്സ്യം, മാംസം എന്നിവയുടെ വിലയും തുടർച്ചയായി മുകളിലേക്കു നീങ്ങുകയാണ്. അതിവർഷവും ഉഷ്ണക്കാറ്റും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ കാർഷിക ഉത്പാദന മേഖലകളെ ഏറെ പ്രതികൂലമായി ബാധിച്ചുവെന്നു വ്യാപാരികൾ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവയുടെ വിലയും കുത്തനെ കൂടാൻ സാധ്യതയുണ്ടെന്ന് അവർ പറയുന്നു.
ഡൽഹിയിൽ തക്കാളിയുടെ വില നിലവിൽ കിലോഗ്രാമിനു നൂറു രൂപയ്ക്കു മുകളിലെത്തിയിരുന്നു. ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, ഹരിയാന തുടങ്ങിയ കാർഷിക ഉത്പാദക മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം മൂലം വിളനാശം കൂടിയതാണു വെല്ലുവിളി സൃഷ്ടിക്കുന്നത്.
ഇതോടൊപ്പം കാലാവസ്ഥാ വൃതിയാനം മൂലമുണ്ടായ ഉത്പാദന ഇടിവും ഭക്ഷ്യ ഉത്പന്നങ്ങളുടെയും ആവശ്യ സാധനങ്ങളുടെയും ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നതും വിലക്കയറ്റ ഭീഷണി രൂക്ഷമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വിപണിയിലെ പണ ലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനാണു റിസർവ് ബാങ്ക് ശ്രമിച്ചത്. അതിനാൽ കഴിഞ്ഞ മേയ് മാസത്തിനു ശേഷം നാല് തവണയായി മുഖ്യ പലിശ നിരക്കായ റിപ്പോ 2.5 ശതമാനം വർധിപ്പിച്ചിരുന്നു. ഇതുമൂലം സാമ്പത്തിക മേഖല തളർച്ചയിലേക്കു നീങ്ങിയതല്ലാതെ ഭക്ഷ്യ, ഇന്ധന ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിൽ യാതൊരു ശമനവും ഉണ്ടായിട്ടില്ല.
വടക്കേ ഇന്ത്യയിൽ ഉത്സവ കാലം തുടങ്ങിയതോടെ പഴം, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയുടെ വില വീണ്ടും കുതിച്ചുയരുകയാണ്. പ്രധാന പച്ചക്കറികളുടെ വില ചുരുങ്ങിയ സമയത്തിനുള്ളിൽ കിലോയ്ക്ക് 60ൽ നിന്നും 100 രൂപയ്ക്കു മുകളിലെത്തി. കാർഷിക ഉത്പാദന മേഖലകളിൽ കാലം തെറ്റി പെയ്ത അതിതീവ്ര മഴയിൽ വിളനാശം കടുത്തതാണു വിലക്കയറ്റം രൂക്ഷമാകാൻ കാരണമെന്നു കർഷകർ പറയുന്നു. ഇതോടൊപ്പം ഇന്ധന വില ഉയരത്തിൽ തുടരുന്നതും വിലക്കയറ്റം നിയന്ത്രിക്കാൻ തടസമാകുന്നു.
അമേരിക്കൻ ഡോളറിനെതിരേ രൂപയുടെ മൂല്യത്തകർച്ചയും ആഗോള വിപണിയിലെ സപ്ലൈ പ്രശ്നങ്ങളുമാണു വിലക്കയറ്റത്തിന്റെ മൂലകാരണമെന്നതിനാൽ പണ ലഭ്യത കുറച്ചു കൊണ്ടുള്ള ധന നയങ്ങൾ കാര്യമായ ഗുണം ചെയ്യില്ലയെന്നു കൊച്ചിയിലെ പ്രമുഖ ധനകാര്യ വിദഗ്ധനായ സുരേഷ് ഗോപിനാഥൻ പറയുന്നു.
അതിനാൽ ഉത്പന്ന ലഭ്യത മെച്ചപ്പെടുത്താനും ചരക്ക് കൈകാര്യ ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്ന പുതിയ വിപണി ഇടപെടലുകൾക്കാണു കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ഒരുങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ധന വില നിയന്ത്രിക്കാനായി എക്സൈസ് ഡ്യൂട്ടിയിൽ വരും ദിവസങ്ങളിൽ വീണ്ടും ഇളവുണ്ടാവാൻ സാധ്യതയുണ്ട്.
ഇതോടൊപ്പം ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതിക്കു നിയന്ത്രണം ഏർപ്പെടുത്താനും ഇറക്കുമതി ഉദാരമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.