Foreign reserve depletes
Foreign reserve depletes Representative image
Business

വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞു

ബിസിനസ് ലേഖകൻ

കൊച്ചി: ലോകത്തിലെ മുന്‍നിര നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിച്ചതോടെ രൂപയ്ക്ക് പിന്തുണ നല്‍കാന്‍ റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെട്ടതിനാല്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ കഴിഞ്ഞവാരം ഇടിവുണ്ടായി. റിസര്‍വ് ബാങ്കിന്‍റെ കണക്കുകളനുസരിച്ച് ഏപ്രില്‍ 1ന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 280 കോടി ഡോളര്‍ കുറഞ്ഞ് 64,033 കോടി ഡോളറിലെത്തി. രണ്ടാഴ്ച മുന്‍പ് ഇന്ത്യയുടെ വിദേശ നാണയ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 64,852 കോടി ഡോളറിലായിരുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഫെഡറല്‍ റിസര്‍വിന്‍റെ പലിശ തീരുമാനത്തിലെ അനിശ്ചിതത്വവും ഡോളറിന്‍റെ മൂല്യത്തില്‍ കുതിപ്പുണ്ടാക്കിയതോടെ രൂപയ്ക്ക് പിന്തുണ നല്‍കാനായി പൊതുമേഖല ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റുമാറിയതാണ് വിദേശ നാണയ ശേഖരത്തില്‍ കുറവുണ്ടാക്കിയത്. അതേസമയം റിസര്‍വ് ബാങ്കിന്‍റെ സ്വര്‍ണ ശേഖരത്തില്‍ കഴിഞ്ഞ‌വാരം മികച്ച വർധന രേഖപ്പെടുത്തി.

അതേസമയം വരും ദിവസങ്ങളില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം മെച്ചപ്പെടുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. അമെരിക്കയിലെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴെയെത്തിയതും നാണയപ്പെരുപ്പത്തിലെ വർധനയും കണക്കിലെടുത്ത് പലിശ കുറയ്ക്കാനുള്ള തീരുമാനം കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വൈകിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിച്ചേക്കും.

നടപ്പുവര്‍ഷം മൂന്ന് തവണയെങ്കിലും മുഖ്യ പലിശ കുറയ്ക്കേണ്ടി വരുമെന്നാണ് നേരത്തെ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാല്‍ സെപ്റ്റംബറിന് ശേഷം മാത്രമേ പലിശ കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്നാണ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ അമെരിക്കയിലെ വളര്‍ച്ചാ നിരക്ക് 1.6 ശതമാനമായാണ് താഴ്ന്നത്.

യുഎസ് വാണിജ്യ വിഭാഗത്തിന്‍റെ കണക്കുകളനുസരിച്ച് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 3.4 ശതമാനമായും ഉയര്‍ന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ഫെഡറല്‍ റിസര്‍വ് രണ്ട് വര്‍ഷത്തിനിടെ നിരവധി തവണ പലിശ നിരക്ക് വർധിപ്പിച്ചെങ്കിലും കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന തലത്തില്‍ തുടരുന്നതാണ് പ്രധാന വെല്ലുവിളി. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം അടുത്ത മാസം വീണ്ടും റെക്കോഡ് കീഴടക്കി പുതിയ ഉയരങ്ങളിലെത്തിയേക്കും.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും